'മാധ്യമം' ഇടപെട്ടു: അട്ടപ്പാടിയിൽ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി

കോഴിക്കോട്: അട്ടപ്പാടിയിൽ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ചു തുടങ്ങി. അഗളി വില്ലേജിൽ പട്ടിമാളത്തുള്ള 54.45 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് സർവേ സംഘം എത്തിയത്. എതിർ കക്ഷികൾ നിലവിൽ കോയമ്പത്തൂരാണ്. അവരോട് ഫോണിൽ വിവിരം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്ന് ഹെഡ് സർവേയർ ഷെറിൻ മാധ്യമം ഓൺലൈനിനോട് പറഞ്ഞു. 

അഞ്ചേക്കറിലധികം ഭൂമി നഷ്ടപ്പെട്ട ടി.എൽ.എ കേസുകളിലെ പാലക്കാട് കലക്ടറുടെ ഉത്തരവുകൾ റവന്യൂ വകുപ്പ് നടപ്പാക്കുന്നില്ലെന്ന മാധ്യമം വാർത്തയെ തുടർന്നാണ് റവന്യൂ വകുപ്പ് നടപടി തുടങ്ങിയത്. ഇക്കാര്യം ആവശ്യപ്പഎട്ട് കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ അട്ടപ്പാടി സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി റവന്യൂ മന്ത്രിക്ക് അടക്കം സമർപ്പിക്കുകയും ചെയ്തിരുന്നു.

ഇന്നലെ ഹെഡ് സർവേയറുടെ നേതൃത്വത്തിലുള്ള സംഘം പട്ടിമാളത്ത് എത്തി ഭൂമി പരിശോധിച്ചു. തിങ്കളാഴ്ചയോടെ ഈ ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് കലക്ടർ അവസാന ഉത്തരവ് പുറപ്പെടുവിച്ച് ടി.എൽ.എ കേസുകളിൽ ആദിവാസി ഭൂമി തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടിയണ്ണൻ, കോണൻ എന്നിവരാണ് അഗളി വില്ലേജിൽ ഉൾപ്പെട്ട ഭൂമി അന്യാധീനപ്പെട്ടുവെന്നും അത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഒറ്റപ്പാലം ആർ.ഡി.ഒക്ക് പരാതി നൽകിയത്. അഗളി വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം 381/pt 382/pt, 380 /pt,384 /pt എന്നീ സർവേ നമ്പരിൽ 54.54 ഏക്കർ ഭൂമി കുട്ടിയണ്ണൻ, കോണൻ എന്നിവർക്ക് ഉണ്ടായിരുന്നു. നിലവിലെ കൈവശക്കാരായ എൻ.സി സൗഭാഗ്യം, എൻ.സി സ്വാമി, എൻ.ബി ചിന്നപ്പ കൌണ്ടർ, എൽ.ബെല്ലാ കൗണ്ടർ, നിർമ്മല, അർജുനൻ, മാലതി രാമൻ എന്നിവർക്ക് 1975 ലെ പട്ടിക വർഗ ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ച് കൊടുക്കലും നിയമപ്രകാരം ഭൂമി തിരിച്ചു നൽകാൻ 1995ൽ ആർഡി.ഒ ഉത്തവായി. എന്നാൽ, ഈ ഉത്തരവ് നടപ്പായില്ല.


പിന്നീട് 1999ലെ നിയമപ്രകാരം ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫീസർ ഇരു കക്ഷികളെ കേട്ടതിലും രേഖകൾ പരിശോധിച്ചു. കേസിലുൾപ്പെട്ട ഭൂമി മണ്ണാർക്കാട് മൂപ്പിൽ സ്ഥാനത്ത് നിന്നും നേരിട്ട് വാക്കാൽ ലഭിച്ചതാണെന്ന് എതിർകക്ഷികൾ വാദിച്ചു. എന്നാൽ, ഇത് സംബന്ധിച്ച രേഖകളോ പാട്ട രസീതോ മറ്റെന്തെങ്കിലും രേഖകളോ ഹാജരാക്കിയില്ല. അതിനാൽ ടി.എൽ.എ കേസിലുൾപ്പെട്ട മുഴുവൻ ഭൂമിലും പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടിയണ്ണൻ, കോണൻ എന്നിവർക്ക് തിരിച്ച് നൽകണമെന്ന് ഒറ്റപ്പാലം ആർ.ഡി.ഒ ഉത്തരവിട്ടു.

ഈ ഉത്തരവിനെതിരെ ടി.എം ബസവരാജ് തുടങ്ങിയവർ പാലക്കാട് കലക്ടർക്ക് അപ്പീൽ അപേക്ഷ നൽകി. നേരിൽ കേട്ടതിലും രേഖകൾ പരിശോധിച്ചതിലും മണ്ണാർക്കാട് മൂപ്പിൽ സ്ഥാനത്ത് നിന്നും ഭൂമി പാട്ടത്തിന് ലഭിച്ചതിന്റെ രേഖകളോ പാട്ട ര‌സീതോ ഹാജരാക്കിയില്ല. അതിനാൽ അപ്പീൽ അപേക്ഷ നിരസിച്ച് ഉത്തരവായിരുന്നു. 

Tags:    
News Summary - Madhyamam intervenes: Action initiated to reclaim alienated tribal land in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.