മണ്ണാർക്കാട്: പ്രമാദമായ അട്ടപ്പാടി മധു വധക്കേസിൽ വിചാരണ പുനരാരംഭിച്ചു. കേസിലെ പ്രധാന സാക്ഷികളിലൊരാളായ 10ാം സാക്ഷി ഉണ്ണികൃഷ്ണനെ കൂറുമാറിയതായി മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ ജില്ല സ്പെഷൽ കോടതി പ്രഖ്യാപിച്ചു. സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷൻ വാദത്തെ സാക്ഷി അനുകൂലിച്ചില്ല. പൊലീസിന് നേരത്തേ നൽകിയതായി ഹാജരാക്കിയ പല മൊഴികളും നിരാകരിക്കുകയും ചെയ്തു. മജിസ്ട്രേറ്റിനു മുമ്പാകെ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിച്ച പ്രതി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ പല കാര്യങ്ങളും നിരാകരിക്കുകയും ഓർമയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന തന്നെ പൊലീസ് കേസിൽ പ്രതിചേർക്കുമോ എന്ന ഭയത്താലാണ് മൊഴിയെന്ന പ്രതിഭാഗത്തിന്റെ വാദം സാക്ഷി ശരിവെച്ചു.
എന്നാൽ, ഇക്കാര്യത്തിൽ പൊലീസ് നിർബന്ധിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ മൊഴിനൽകി. മധുവിനെ ആക്രമിക്കുന്നത് കണ്ടില്ലെന്നുമാത്രമല്ല, ഒന്നാം പ്രതി ഹുസൈൻ കാലുയർത്തുന്നത് കണ്ടെങ്കിലും ചവിട്ടുന്നത് കണ്ടില്ലെന്നും സാക്ഷി പറഞ്ഞു. ഹുസൈൻ മധുവിനെ നെഞ്ചത്ത് ചവിട്ടുന്നതും ഇടതുതോളിൽ അമർത്തിപ്പിടിച്ചതും ഉണ്ണികൃഷ്ണൻ കണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ മൊഴി.
താൻ കാണുമ്പോൾ മധുവിന് പ്രത്യേകിച്ച് അവശതകളൊന്നുമുണ്ടായിരുന്നില്ലെന്നും ഭക്ഷണമോ മറ്റോ വേണമോ എന്ന് ചോദിച്ചപ്പോൾ വ്യക്തമായി പ്രതികരിച്ചതായും കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ കോടതിയിൽ പ്രദർശിപ്പിച്ച സി.സി ടി.വി, മൊബൈൽ ദൃശ്യങ്ങളിൽ പലതും തിരിച്ചറിഞ്ഞെങ്കിലും ചിലതെല്ലാം ഓർമയില്ലെന്നും തിരിച്ചറിയാനാകുന്നില്ലെന്നും പറഞ്ഞു. തുടർന്നാണ് കോടതി കൂറുമാറ്റം പ്രഖ്യാപിച്ചത്. 11 മുതൽ 16 വരെ സാക്ഷികളായ ചന്ദ്രൻ, അനിൽകുമാർ, സുരേഷ്, ആനന്ദ്, മെഹറുന്നിസ, അബ്ദുൽ റസാഖ് എന്നിവരെ വ്യാഴാഴ്ച വിചാരണ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.