'കിലോയ്ക്ക് മുന്നൂറ് രൂപ തന്നാൽ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല'

ന്യൂഡൽഹി: കേന്ദ്ര സർക്കാർ റബ്ബറിന് മുന്നൂറ് രൂപ തറവില പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന സീറോ മലബാർ സഭ തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ സി.പി.എം പി.ബി അംഗം എം.എ. ബേബി. പാംപ്ലാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാൽ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല.

ആഗോള കത്തോലിക്കാ സഭയുടെ അധിപൻ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാൻ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാൻ അല്ല -എം.എ. ബേബി പറഞ്ഞു.

എം.എ. ബേബിയുടെ കുറിപ്പ് വായിക്കാം...

"റബറിന്‍റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ കേരളത്തിൽ നിന്ന് എം.പി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും," എന്നു പറയുന്ന സീറോ മലബാർ സഭയുടെ തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാൽ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല.

"നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു." മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം, വാക്യം ഇരുപത്. യേശു ക്രിസ്തു ഗലീലിയിലെ ഗിരിപ്രഭാഷണത്തിൽ പറഞ്ഞതാണ് ഈ വാക്യം. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.

ആർ.എസ്.എസ് സർക്കാർ റബറിന്റെ വില കൂട്ടാൻ പോകുന്നില്ല എന്നത് എല്ലാവർക്കും അറിയാം. അവർ കർഷകരെ കൂടുതൽ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദർ സ്റ്റാൻ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികൾ ആലോചിക്കേണ്ടത്, നീതിയെക്കുറിച്ചാണ്.

ആഗോള കത്തോലിക്കാ സഭയുടെ അധിപൻ ഫ്രാൻസിസ് മാർപാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാൻ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാൻ അല്ല.

Tags:    
News Summary - MA Baby facebook post against mar joseph pamplany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.