എതിർശബ്ദങ്ങളെ ഇല്ലാതാക്കാനാണ് മോദിസർക്കാരിന്‍റെ ശ്രമം- ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെക്കുറിച്ച് എം.എ ബേബി

തിരുവനന്തപുരം: എല്ലാ എതിർശബ്ദങ്ങളേയും ഇല്ലായ്മ ചെയ്യാനുള്ള മോദി ഭരണകൂടത്തിന്‍റെ ശ്രമത്തിന് തെളിവാണ് 84 വയസ്സുകാരനായ ഫാദർ സ്റ്റാൻ സ്വാമിയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവമെന്ന് സി.പി.എം നേതാവ് എം.എ ബേബി. ഇന്ത്യയിലെ ഭരണകൂടം എത്ര പരിഭ്രാന്തമാണ് എന്നതിനു തെളിവാണിത്. നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും മനുഷ്യത്വമില്ലായ്മയും തുറന്നു കാട്ടുന്നതാണ് ഇത്. അറസ്റ്റിനെ കേരള കത്തോലിക്ക മെത്രാൻ സമിതി അപലപിച്ചതിനെ താൻ സ്വാഗതം ചെയ്യുന്നതായും എം എ ബേബി ഫേസ്ബുക്കിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്ത്യയിലെ ഭരണകൂടം എത്ര പരിഭ്രാന്തമാണ് എന്നതിനു തെളിവാണ് എൺപത്തിനാലു വയസ്സുകാരനായ ഫാദർ സ്റ്റാൻ സ്വാമിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചി കേന്ദ്രീകരിച്ച് ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഈശോ സഭ പുരോഹിതനാണ് സ്റ്റാൻ സ്വാമി. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ അടക്കമുള്ളവരുടെ എതിർപ്പിനെ വകവയ്ക്കാതെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഈ പുരോഹിതനെ എൻഐഎ അറസ്റ്റ് ചെയ്തത്.

തീവ്രവാദി എന്ന് ആരോപിച്ച് ജയിലിൽ ഇട്ടിരിക്കുന്ന മിക്ക ആദിവാസികളും അത്തരം പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തവരാണെന്നു സ്ഥാപിക്കുന്ന ഒരു പഠന റിപ്പോർട്ട് അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പറയുന്ന അയ്യായിരത്തോളം ഗോത്രസമുദായാംഗങ്ങൾക്കായി നിയമസഹായം എത്തിക്കാനുള്ള ശ്രമവും നടത്തി. ഇതാണ് ,ഖനി ഉടമകളുടെ താല്പര്യത്തിനായി നില്ക്കുന്ന സർക്കാരിന് സ്വാമി കണ്ണിലെ കരടായിത്തീരാൻ കാരണം. ഗോത്രജനതയെക്കുറിച്ചു പഠനം നടത്തുകയോ അവർക്ക് ഭരണഘടന ഉറപ്പു നല്കുന്ന നിയമസഹായം എത്തിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതു തീവ്രവാദം ആണെന്നാണ് ഇന്നത്തെ ഇന്ത്യയിലെ സർക്കാർ കരുതുന്നത്. സ്റ്റാൻ സ്വാമി റാഞ്ചിയിലാണ് പ്രവർത്തിക്കുന്നത്. മഹാരാഷ്ട്രയിലെ ഭീമ-കൊറഗാവ് സംഭവവുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ല എന്നും ആ സ്ഥലത്തു പോയിട്ടുപോലും ഇല്ല എന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കിയതാണ്.

പക്ഷേ, എന്നിട്ടും കോവിഡ് കാലത്ത് ഈ വന്ദ്യ വയോധികനായ പുരോഹിതനെ അറസ്റ്റ് ചെയ്തു ബോംബെയ്ക്കു കൊണ്ടു പോയത് ഇന്ത്യയിലെ എല്ലാ എതിർശബ്ദങ്ങളെയും ഇല്ലാതാക്കാൻ ഉറപ്പാക്കിയ നരേന്ദ്ര മോദി സർക്കാരിൻറെ ജനാധിപത്യ വിരുദ്ധതയുംമനുഷ്യത്വമില്ലായ്മയും തുറന്നു കാട്ടുന്നു.

ഫാദർ സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത് കേരള കത്തോലിക്ക മെത്രാൻ സമിതി അപലപിച്ചതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ അറസ്റ്റിനെതിരെയും ജാർഖണ്ഡിലെ ക്രിസ്തീയസമൂഹത്തെയും നിശബ്ദമാക്കാനുള്ള ശ്രമങ്ങൾക്കെതിരെയും മതനിരപേക്ഷ സമൂഹം ഉണരണമെന്ന കെ സി ബി സിയുടെ ആഹ്വാനത്തെയും ഞാൻ സ്വാഗതം ചെയ്യുന്നു. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളും , ഇന്ത്യയിൽ വർധിച്ചു വരുന്ന ജനാധിപത്യ നിഷേധത്തിനെതിരെയും അടിച്ചമർത്തൽനയങ്ങൾക്കെതിരെയും ഒരുമിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.