ദേശാഭിമാനിയിൽ എന്ത് പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിക്കുന്നത് ഞങ്ങളാണ്, വാരാന്തപ്പതിപ്പ് വൈകിയത് സാങ്കേതിക കാരണം മൂലം; പ്രചാരണങ്ങളിൽ വിശദീകരണവുമായി എം. സ്വരാജ്

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒരു ദിവസം വൈകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും പ്രചാരണങ്ങളിലും വിശദീകരണവുമായി റസിഡന്റ് എഡിറ്ററും സി.പി.എം നേതാവുമായ എം. സ്വരാജ്. വാരാന്തപ്പതിപ്പ് ഒരു ദിവസം വൈകിയത് തികച്ചും സാങ്കേതികമായ കാരണങ്ങൾ കൊണ്ടു മാത്രമാണെന്നും മറ്റുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഒളിച്ചുവെക്കേണ്ടതായി ഒന്നുമില്ലെന്നും അന്ന് ചൂണ്ടിക്കാണിച്ച സാങ്കേതിക കാരണം തന്നെയാണ് ഇതിന് പിന്നിലെന്നും അതിൽ കൂടുതൽ വിശദാംശങ്ങൾ ആവശ്യമെങ്കിൽ തരാമെന്നും സ്വരാജ് വ്യക്തമാക്കി. പ്രചരിക്കുന്ന തർക്കങ്ങളോ ലേഖനവുമായി ബന്ധപ്പെട്ട കാര്യങ്ങളോ പത്രം വൈകിയതുമായി ബന്ധപ്പെട്ടതല്ല.

ഒരു ലേഖനം ലഭിച്ചാൽ അത് പ്രസിദ്ധീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണമായ അവകാശം അതത് മാധ്യമങ്ങളുടെ എഡിറ്റോറിയൽ വിഭാഗത്തിനാണ്. വാരാന്തപ്പതിപ്പിലേക്ക് ദിവസവും നൂറുകണക്കിന് സൃഷ്ടികൾ വരാറുണ്ട്. അതിൽ ഏതൊക്കെ പ്രസിദ്ധീകരിക്കണം എന്ന് പത്രമാണ് തീരുമാനിക്കുന്നത്. ലേഖനം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അത് ‘മുക്കി’ എന്ന് പറയുന്നതിൽ അർഥമില്ല.

വി.എസിന്റെ ആദ്യ ചരമവാർഷികത്തോടനുബന്ധിച്ച് ഇറങ്ങിയ വാരാന്തപ്പതിപ്പിൽ അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണം തന്നെയായിരിക്കണം പ്രധാന ഇനം എന്ന് എഡിറ്റോറിയൽ തീരുമാനിച്ചിരുന്നു. അതിൻപ്രകാരമാണ് ഒന്നും അവസാനവും പേജുകൾ വി.എസിനായി മാറ്റിവെച്ച് തയാറാക്കിയത്. ഇതിൽ മറ്റൊന്നും ബാധകമല്ലായിരുന്നു.

മാധ്യമപ്രവർത്തകൻ കെ.ആർ. അജയനെതിരെ നടപടിയെടുത്തു എന്ന വാർത്തകൾ തെറ്റാണ്. അങ്ങനെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്ഥാപനത്തിന്റെ അച്ചടക്കം, ജീവനക്കാരുടെ ഉത്തരവാദിത്തം എന്നിവ മുൻനിർത്തി നടപടിയെടുക്കേണ്ട സാഹചര്യം വന്നാൽ വ്യവസ്ഥാപിതമായി നടപടിയെടുക്കും, സാഹചര്യം ഇല്ലെങ്കിൽ എടുക്കുകയുമില്ല. നിലവിൽ പങ്കുവെക്കാൻ അത്തരമൊരു വാർത്തയുമില്ല.

മാധ്യമങ്ങളുടെ ഡെസ്കിൽ നടക്കുന്ന എഡിറ്റോറിയൽ ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളും സാധാരണയായി വാർത്തയാകാറില്ല. ഉദാഹരണത്തിന്, അടുത്തിടെ ഒരു ചാനലിൽ കുംഭമേളയെക്കുറിച്ചുള്ള പരിപാടി അവതരിപ്പിച്ചതിന് ചാനൽ ഉടമയായ രാഷ്ട്രീയനേതാവ് ജീവനക്കാരെ വിളിച്ചു താക്കീദ് ചെയ്ത സംഭവം പുറത്തുവന്നിരുന്നു. എന്നാൽ അത് എത്ര മാധ്യമങ്ങൾ വാർത്തയാക്കി? ഡെസ്കിൽ നടക്കുന്ന ചർച്ചകളും തർക്കങ്ങളും വാർത്തയാക്കാനാണ് പൊതുതീരുമാനമെങ്കിൽ ആ നയത്തിലേക്ക് നീങ്ങാമെന്നും സ്വരാജ് പറഞ്ഞു.

ദേശാഭിമാനിക്കെതിരെ തുടർച്ചയായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് മാധ്യമധർമ്മമല്ല. അച്ചടിച്ച പത്രം വിതരണം ചെയ്തില്ലെന്ന് ചിലർ ആരോപിക്കുകയും പത്രത്തിന്റെ കോപ്പി തരാൻ പരസ്യ ആഹ്വാനം നടത്തുകയും ചെയ്തു. പിന്നീട് മനോരമയും മാതൃഭൂമിയും പത്രം അച്ചടിച്ചിട്ടില്ലെന്ന് വാർത്ത തിരുത്തി നൽകി. വി.എസിനെ ഒഴിവാക്കി എന്ന രീതിയിലുള്ള ഹീനമായ പ്രചാരണത്തിൽ നിന്നും പിന്നീട് മാധ്യമങ്ങൾക്ക് പുറകോട്ടു പോകേണ്ടി വന്നു.

ദേശാഭിമാനിയോട് പ്രത്യേക മാധ്യമ മാനദണ്ഡങ്ങൾ പ്രതീക്ഷിക്കുന്നതിൽ സന്തോഷമുണ്ടെന്നും, എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രമായാലും ഉത്തമ മാധ്യമമായി പ്രവർത്തിക്കാനാണ് ശ്രമിക്കുന്നതെന്നും എല്ലാ മാധ്യമങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - M Swaraj Clarifies On Deshabhimani Delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.