കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഒഡീഷ തീരത്ത് ശക്തിപ്പെടുന്നതിനാൽ കേരളത്തിൽ അതിതീവ്ര മഴ തുടരും. മെയ് 31 വരെ അതിതീവ്ര മഴ കേരളത്തിൽ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് നാല് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ജൂൺ നാലോടെ കാലാവർഷം സാധാരണനിലയിലാകുമെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞരുടെ പ്രവചനം.
ഇക്കാലയളവിൽ ലഭിക്കേണ്ടതിന്റെ ഇരട്ടിമഴയാണ് കേരളത്തിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ലഭിച്ചത്. ഈ സമയം സാധാരണയായി 321 മില്ലീമീറ്റർ മഴയാണ് ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ 611 മില്ലീമീറ്റർ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്.
കാലവർഷക്കാറ്റ് ശക്തമായതോടെയാണ് മഴ തീവ്രമായത്. ന്യൂനമർദം മുംബൈതീരത്തേക്ക് നീങ്ങിയതോടെ ചൊവ്വാഴ്ച രാത്രിമുതൽ മഴ പൊതുവെ കുറഞ്ഞു. ഇന്നലെ വൈകീട്ടോടെ പലയിടത്തും മഴ കനത്തത് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്നാണ്. എന്നാൽ, വരും ദിവസങ്ങളിൽ മഴ കുറയുമെന്നാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.