തിരുവനന്തപുരം : മാസങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാറിനെതിരായ എൽ.ഡി.എഫ് സത്യഗ്രഹ വേദിയിൽ ‘ലവ് യൂ ടു മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പ് പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച പരാതിക്കാരിക്കുള്ള ഐക്യദാർഢ്യമാണ് അതെന്നാണ് അന്ന് എല്ലാവരും വിലയിരുത്തിയത്. രാഹുലിന്റെ അറസ്റ്റിനു ശേഷം പരാതിക്കാരി ഫേസ്ബുക്കിലിട്ട കുറിപ്പിൽ ഈ വാചകം ഉപയോഗിച്ചിരുന്നു. ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ‘ഈ കപ്പിലെ വാചകങ്ങൾക്ക് എന്റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പ് ഉണ്ട്’ എന്ന് അതിജീവിത സമൂഹ മാധ്യമത്തിൽ ഫോട്ടോ സഹിതം പങ്കിടുക കൂടി ചെയ്തതോടെ അതിന്റെ ഗതിവേഗം കൂടി.എന്നാൽ ഇപ്പോൾ അന്ന് ആ കപ്പിലെഴുതിയത് യാദൃശ്ചികം മാത്രമാണെന്നാണ് പിണറായിയുടെ തുറന്നുപറച്ചിൽ.
'ലവ് യൂ ടൂ മൂൺ ആൻഡ് ബാക്ക്' എന്ന് കപ്പിലെഴുതിയത് യാദൃശ്ചികമായി സംഭവിച്ചതാണ്. ആ കപ്പ് അതിനായി എടുത്തതൊന്നുമല്ലെന്നും പിണറായി പറഞ്ഞു. അന്ന് അവിടെ ഇരിക്കുമ്പോൾ വെള്ളം കുടിക്കുന്നതിന് ഒരു കപ്പ് വീട്ടിൽ നിന്ന് കൊണ്ടുവന്നിരുന്നു. എന്നാൽ ആ കപ്പിൽ അങ്ങനെ എഴുതിയത് കൊടുത്തച്ചയാൾക്കോ എനിക്കോ ആർക്കുമറിയില്ലായിരുന്നു.അതിൽ വെള്ളം കുടിക്കുമ്പോൾ ഒരാൾ ഇങ്ങനെ ഫോട്ടോ എടുക്കുന്നത് കാണുന്നുണ്ട്.വെള്ളം കുടിക്കുന്നത് എന്‍റെ കാര്യത്തിൽ ഒരു പുതുമ അല്ല, സാധാരണ പ്രസംഗിക്കുമ്പോൾ തന്നെ ഞാൻ വെള്ളം കുടിക്കാറുണ്ട്. അത് കൊണ്ട് അതൊരു പുതുമയായി എനിക്ക് തോന്നിയില്ല. എന്നാലും ശ്രദ്ധയോടെ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ എന്താണെന്ന് മനസ്സിലായില്ല. പിന്നെയാണ് ഇങ്ങനെയൊരു വാർത്ത വന്നത് മനസ്സിലായത് പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.