കൂ​ട്ടി​ല​ക​പ്പെ​ട്ട പു​ലി​യു​ടെ വി​വി​ധ ഭാ​വ​ങ്ങ​ൾ (ഫോട്ടോ - റിജോ പത്തനാപുരം)

മൂന്നാമൂഴത്തിൽ വനംവകുപ്പ് കെണിയിൽ കുടുങ്ങി പുലി

പത്തനാപുരം: കിഴക്കൻ മേഖലയെ ഭീതിയിലാഴ്ത്തിയ പുലി വനം വകുപ്പിന്റെ കെണിയിലകപ്പെട്ടു. പിറവന്തൂർ അലിമുക്ക് പൈമാനത്തൂർ വാലുതുണ്ടിൽ ശാന്ത(70)യുടെ രണ്ട് ആടുകളെ കൊന്ന പുലിയാണ് കഴിഞ്ഞ അർധരാത്രിയോടെ വനം വകുപ്പ് സ്ഥാപിച്ചിരുന്ന കൂട്ടിലകപ്പെട്ടത്. ഏഴ് വയസ്സുള്ള ആൺപുലിയാണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പതിവുപോലെ, പുലർച്ച ആടുകളെ നോക്കാനിറങ്ങിയ ശാന്ത, ആട്ടിൻ കൂടിനോട് ചേർന്ന് വനംവകുപ്പ് സ്ഥാപിച്ചിരുന്ന കൂട്ടിൽ കിടക്കുന്ന പുലിയെകണ്ട് നിലവിളിച്ചു.

ഉടൻതന്നെ തൊട്ടടുത്ത് താമസിക്കുന്ന മകൻ ഓടിയെത്തി പുലിയാണെന്ന് സ്ഥിരീകരിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. വാർത്ത കാട്ടുതീപോലെ പടർന്നതോടെ അതിരാവിലെതന്നെ പൈമാനത്തൂർ ശാന്തയുടെ വീട്ടിലേക്ക് ജനപ്രവാഹമായി. ആദ്യമാദ്യമെത്തിയവർ പുലിയുടെ ദൃശ്യങ്ങൾ പകർത്താൻ മത്സരിച്ചു. കൂട്ടിലകപ്പെട്ട പുലിയുടെ ശൗര്യം കാഴ്ചക്കാർക്ക് കൗതുകമായി. ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പുലിയെ പിന്നീട് അമ്പനാർ സ്റ്റേഷനിലേക്ക് മാറ്റി.

ജൂലൈ 28ന് ആണ് ആദ്യം ശാന്തയുടെ ആടിനെ പുലി പിടിച്ചത്. പുലിയാണെന്ന് അന്ന് സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും ആർ.ആർ.ടിയുടെ സഹായത്തോടെ കാമറ സ്ഥാപിച്ചിരുന്നു. എന്നാൽ, തുടർച്ചയായ രണ്ടാം ദിവസവും ആടിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നുമില്ല. ആട്ടിൻ കൂടിന് സമീപത്ത് കണ്ട കാൽപ്പാടുകളുടെ അടിസ്ഥാനത്തിലാണ് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്. പിന്നീട് 30ന് രാത്രിയോടെ ആട്ടിൻകൂടിനോട് ചേർന്ന് വനം വകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. കൂട് സ്ഥാപിച്ച് 10 ദിവസം തികയുന്ന രാത്രിയാണ് പുലി വനം വകുപ്പിന്റെ കൂട്ടിലാകുന്നത്.

ഉപജീവന മാർഗമെന്നോണമാണ് ശാന്ത ആടുകളെ വളർത്തിവന്നിരുന്നത്. ആകെ ഉണ്ടായിരുന്ന മൂന്ന് ആടുകളിൽ രണ്ടെണ്ണത്തിനെയും പുലിപിടിച്ചു. മാനസികമായി തകർന്ന ശാന്തയ്ക്ക് കഴിഞ്ഞ ദിവസം ജ്യോതികുമാർ ചാമക്കാല എം.എൽ.എ രണ്ട് ആടുകളെ വാങ്ങി നൽകിയിരുന്നു. പത്തനാപുരം റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ. ഷൈജു, അമ്പനാർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി. ശ്രീജിത്ത് ജീവനക്കാരായ പി.എസ്. ശ്രീകുമാർ, മുരളി, സാബു, ശ്രീശങ്കർ, നിത്യ, ആർച്ച മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുലിയെ മാറ്റിയത്.

Tags:    
News Summary - മൂന്നാമൂഴത്തിൽ വനംവകുപ്പ് കെണിയിൽ കുടുങ്ങി പുലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.