ഓപൺകൂട്ട്...കോഴിക്കോട് പയ്യാനക്കൽ ജി.വി.എച്ച്.എസ്.എസിൽ വോട്ട് ചെയ്ത ശേഷം വാഹനം കാത്തുനിൽക്കുന്ന അമ്മിണിയമ്മയും ആയിഷാബിയും. വർഷങ്ങളായി നീളുന്ന കൂട്ടിനൊപ്പം നാലു തവണയായി അമ്മിണിയുടെ വോട്ട് ഓപണായി രേഖപ്പെടുത്തുന്നത് ആയിഷാബിയാണ് -ബിമൽ തമ്പി

വോട്ടിന് കൂട്ടായി ഈ സ്നേഹത്തുണ

കോഴിക്കോട്: ​സുഖദുഃഖങ്ങളിൽ അമ്മിണിയമ്മയും അയൽക്കാരി ആയിഷാബിയും എന്നും കൂട്ടാണ്. ​വിരുന്നായാലും വോട്ടെടു​പ്പായാലുമൊന്നും ഇതിൽ മാറ്റമൊന്നുമില്ല. പക്ഷേ, ചിഹ്നം തിരയാനും ഈ യന്തിരനിൽ വിരലമർത്താനുമൊന്നും അമ്മിണിയമ്മക്കാവില്ല.

അതിനാൽ ആയിഷാബി അതിന് പരിഹാരം കാണും; ഓപൺ വോട്ട്. ഒന്നും രണ്ടുമല്ല, നാലു തവണയായി ആയിഷാബിയുടെ രണ്ട് കൈവിരലിലും മഷിപുരളുന്നു, അമ്മിണിയമ്മയുടെ ഓപൺ വോട്ടി​​ന്റെ. അമ്മിണിയമ്മ ഹാപ്പിയാണ്. കാരണം തന്റെ മനസ്സറിഞ്ഞ് വോട്ടുകുത്തും ആയിഷാബി.

കോഴിക്കോട് ചക്കുംകടവ് നദീനഗറിൽ തൊട്ടടുത്ത കൊച്ചു വീടുകളിൽ സുഖദുഃഖങ്ങളിൽ ഒന്നെന്ന പോലെ കഴിയുന്ന അമ്മിണിയും (90), അയൽക്കാരി ആയിഷാബിയും (60) പയ്യാനക്കൽ ജി.വി.എച്ച്.എസ്.എസിലാണ് വോട്ട്​ ചെയ്യാനെത്തിയത്​. രണ്ടാളും വോട്ടെടുപ്പിന് അതിരാവിലെ വാഹനം വിളിച്ച് ബൂത്തിലെത്തും.

ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചാൽ അമ്മിണിയമ്മ പറയും: ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും കൂട്ടായ ഉമ്മതന്നെ വേണം ത​ന്റെ വോട്ടും ചെയ്യാനെന്ന്. പിന്നെ കൈപിടിച്ച് ഇരുവരും യന്ത്രത്തിനടുത്തേക്ക് പോവും. രണ്ടുപേർക്കും ഒരേ മനസ്സായതിനാൽ ഒരേ ചിഹ്നത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് ഇരുവരും ചിരിച്ചുകൊണ്ട് പറഞ്ഞു.

വീട്ടിൽ ആകെയുള്ള അംഗമായ മരുമകൾക്ക് അസുഖമുള്ള കുഞ്ഞിന് കൂട്ടിരിക്കേണ്ടതിനാൽ അമ്മിണിയമ്മ കൂട്ടുകാരി ആയിഷാബിക്കൊപ്പം വോട്ട് ചെയ്യുന്നത് ബന്ധുക്കൾക്കും സന്തോഷമാണ്.

വോട്ടെടുപ്പ് ദിവസം കോളനിക്ക് ചുറ്റും കഴിയുന്നവരെയൊക്കെ കണ്ട് കൂട്ടംപറഞ്ഞിരിക്കാമല്ലോ എന്ന സന്തോഷവും കൊടുംചൂടിൽ പ്രയാസപ്പെട്ട് പോളിങ് സ്റ്റേഷനിലെത്താൻ ഈ അമ്മമാർക്ക് പ്രചോദനമാണ്. കല്യാണപ്പുരപോലെ ആളുകൂടൂന്ന സ്കൂളിൽ വോട്ടെടുപ്പ് കഴിഞ്ഞും കു​റെ നേരം എല്ലാവരെയും കണ്ടും മിണ്ടിയുമിരുന്നാണ് അമ്മമാർ മടങ്ങിയത്.

Tags:    
News Summary - Love support for this vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.