തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ്/പി.ജി കോഴ്സുകളിൽ സംവരണ വിഭാഗങ്ങൾക്ക് അർഹമായ സീറ്റ് വിഹിതം നഷ്ടമാകുന്നത് തടയാൻ സീറ്റ് മെട്രിക്സ് റോസ്റ്റർ രീതിയിൽ തയാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് തയാറാക്കി സമർപ്പിച്ച സംവരണ സീറ്റ് വിഹിതത്തിൽ വ്യാപക പരാതി ഉയർന്നിരുന്നു.
സീറ്റ് മെട്രിക്സ് തയാറാക്കിയപ്പോൾ മെഡിക്കൽ പി.ജി കോഴ്സിൽ സംവരണ ശതമാനം കുറഞ്ഞ വിഭാഗങ്ങൾക്ക് ഉൾപ്പെടെ അർഹമായ സീറ്റ് നഷ്ടപ്പെടുന്നതായാണ് പരാതി. ഇതുസംബന്ധിച്ച് ഹൈകോടതി മുമ്പാകെ കേസുമുണ്ടായിരുന്നു. സീറ്റ് മെട്രിക്സ് കൈ കൊണ്ട് തയാറാക്കുന്ന രീതിക്ക് പകരം സോഫ്റ്റ്വെയർ ബന്ധിതമാക്കണമെന്നും ആവശ്യമുയർന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പ്രവേശന പരീക്ഷ കമീഷണറേറ്റിലെ അക്കാദമിക് ജോയന്റ് കമീഷണർ കൺവീനറും മുൻ ജോയന്റ് കമീഷണറും പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജ് അസോ. പ്രഫസറുമായ എ. അൻവർ, ആരോഗ്യ സർവകലാശാല അസിസ്റ്റന്റ് രജിസ്ട്രാർ കെ. സാബു ആന്റണി, ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ ഡോ. ആനി ലൂക്ക്, ആരോഗ്യ വകുപ്പിലെ അസി. ഡയറക്ടർ ഡോ.എസ്.ആർ. സുജ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ കമ്പ്യൂട്ടർ പ്രോഗ്രാമർ വി. സംഗീത എന്നിവർ അംഗങ്ങളുമായി സമിതിയെ നിയോഗിച്ചത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ 2019ൽ സമർപ്പിച്ച തെറ്റായ സീറ്റ് മെട്രിക്സ് അടിസ്ഥാനപ്പെടുത്തി നടത്തിയ അലോട്ട്മെന്റിലൂടെ ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് സർക്കാർ മെഡിക്കൽ കോളജുകളിൽ 21 എം.ബി.ബി.എസ് സീറ്റ് അധികമായി നൽകിയിരുന്നു. എസ്.ഇ.ബി.സി, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട സീറ്റാണ് അന്ന് നഷ്ടപ്പെട്ടത്. ‘മാധ്യമം’ വാർത്തയെ തുടർന്ന് 2020ലെ മെഡിക്കൽ പ്രവേശനത്തിൽ അനർഹമായി നൽകിയ സീറ്റ് തിരിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.