അറസ്റ്റിലായ മുംതസീർ
അഞ്ചൽ: വഴിയരികിൽ പാർക്ക് ചെയ്ത നാഷനൽ പെർമിറ്റ് ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർ കുത്തേറ്റുമരിച്ച നിലയിൽ കാണപ്പെട്ട കേസിലെ പ്രതികളിൽ ഒരാളെ കൂടി ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക് കോളജ് നഗർ മുംതസീർ (35) ആണ് അറസ്റ്റിലായത്. ഡ്രൈവറുടെ ഒരു ഷർട്ട് ആയൂർ -ഓയൂർ റോഡിൽ തോട്ടത്തറക്ക് സമീപം കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ പരിസരത്തെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തി. കൃത്യത്തിനുശേഷം പ്രതികൾ സഞ്ചരിച്ച ഒരു ഇരുചക്ര വാഹനം പൊളിച്ച് ആക്രിക്കച്ചവടം നടത്തിയെന്ന് ചോദ്യം ചെയ്യലിൽ മുംതസീർ സമ്മതിച്ചു.
കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളാണ്. ആകെ അഞ്ചുപേരാണ് കേസിൽ ഉൾപ്പെട്ടിരുന്നതെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് പൊലീസിന് ലഭിച്ച വിവരം.
ഇത്തിക്കര ആദിച്ചനല്ലൂർ വയലിൽ പുത്തൻ വീട്ടിൽ സുധീൻ (19), ഇത്തിക്കര ആദിച്ചനല്ലൂർ കല്ലുവിള വീട്ടിൽ അഖിൽ (21), തഴുത്തല വടക്കേ മൈലക്കാട് പുത്തൻവിള വീട്ടിൽ ഹരികൃഷ്ണൻ (21) ഇത്തിക്കര കാഞ്ഞിരംവിള മേലതിൽ വീട്ടിൽ അനിൽ ജോബ് (21) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. സുധിനെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുള്ള പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്നാണ് പ്രധാന പ്രതിയായ അഖിൽ അറസ്റ്റിലായത്.പ്രതികൾ ഉപയോഗിച്ച ഒരു ഇരുചക്രവാഹനവും പൊലീസ് ഇത്തിക്കരയാറ്റിൽനിന്ന് കണ്ടെടുത്തു. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം 21ന് രാത്രി ഒന്നരയോടെയാണ് ആയൂർ-അഞ്ചൽ പാതയിൽ പെരുങ്ങള്ളൂർ കളപ്പിലാ ഭാഗത്ത് ഡ്രൈവർ കേരളപുരം അരുൺ നിവാസിൽ അജയൻപിള്ള (64) കുത്തേറ്റു മരിച്ചനിലയിൽ കാണപ്പെട്ടത്.കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷിെൻറ മേൽനോട്ടത്തിൽ രൂപവത്കരിക്കപ്പെട്ട സ്പെഷൽ സ്ക്വാഡാണ് അന്വേഷണം നടത്തിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.