തിരുവനന്തപുരം:കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇ സ്‌കൂട്ടര്‍ നിര്‍മാണ യൂനിറ്റ് ആരംഭിക്കുന്നതിനുള്ള അന്തിമ കരാറില്‍ പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സും (കെ.എ.എല്‍) മുബൈ കേന്ദ്രമായ ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രസ് ലിമിറ്റഡും ഒപ്പുവെച്ചു. കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന രണ്ടേക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം 6 മുതല്‍ 8 മാസത്തിനകം ആരംഭിക്കുമെന്ന് ചടങ്ങില്‍ മന്ത്രി പി. രാജീവ് അറിയിച്ചു.
ആധുനിക ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും മുച്ചക്ര യാത്രാ- കാരിയര്‍ വാഹനങ്ങളുമാണ് ലോര്‍ഡ്‌സ് മാര്‍ക്കിന്റെ സഹായത്തോടെ ഇവിടെ നിര്‍മിക്കുക. ഇരു സ്ഥാപനങ്ങളും ചേര്‍ന്നുള്ള ഈ സംയുക്ത സംരംഭം ഇന്ത്യയിലേയും വിദേശ നാടുകളിലേയും ഇലക്ട്രിക് വാഹന വിപണിയില്‍ വന്‍ മാറ്റം സൃഷ്ടിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
കണ്ണൂര്‍, കിന്‍ഫ്ര പാര്‍ക്കില്‍ നിർമിക്കുന്ന ഇരുചക്ര. മുച്ചക്ര വാഹനങ്ങള്‍ രാജ്യമെമ്പാടും വിതരണം ചെയ്യുന്നതിനൊപ്പം സുപ്രധാന വിദേശ വിപണികളിലും ലഭ്യമാക്കും. സംയുക്ത സംരഭത്തിന്റെ നിലനില്‍പിനും വളര്‍ച്ചക്കും ഇവര്‍ നിർമിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടക്കത്തില്‍ സര്‍ക്കാര്‍ സബ്‌സിഡിയും ആലോചനയിലുണ്ട്. കേരളാ ഓട്ടോമൊബൈല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ലോര്‍ഡ്‌സ്മാര്‍ക് ഇന്‍ഡസ്ട്രീസും ചേര്‍ന്നുള്ള കൂട്ടുകെട്ട് രാജ്യത്തിന് കൂടുതല്‍ പ്രകൃതി സൗഹൃദ ഭാവി ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ പ്രതീകമാണെന്നും മന്ത്രി വിലയിരുത്തി.
കെ.എ.എല്‍ മാനേജിങ് ഡയറക്ടര്‍ ശശീന്ദ്രന്‍, കെ.എ.എല്‍ ലോര്‍ഡ്‌സ് മാര്‍ക് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ ഡോ. സുനില്‍ വാമന്‍ കൊര്‍ഗാവൊങ്കര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ വിദിത് തിവാരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.