മന്ത്രിസഭ 140 നിയമസഭ മണ്ഡലങ്ങളിലേക്കുമെത്തി ജനങ്ങളുമായി സംവദിക്കുന്ന പരിപാടി സംസ്ഥാനത്ത് ആദ്യമായിരുന്നു. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുടെ പുതുരൂപമെന്ന് വേണമെങ്കിൽ പറയാം. ഉമ്മൻചാണ്ടി പരാതികൾ കേട്ട് നേരിട്ട് പരിഹാരം നിർദേശിച്ചുവെങ്കിൽ നവകേരള സദസ്സിൽ ഉദ്യോഗസ്ഥർ തന്നെയാണ് പരാതി വാങ്ങിയത്. സ്വാഭാവികമായും തീർപ്പാക്കുന്നതും അവർ തന്നെയാകും. യാത്ര വമ്പൻ വിജയമെന്നാണ് സർക്കാരും ഭരണപക്ഷവും വിലയിരുത്തുന്നത്.
സംസ്ഥാനം പിച്ചച്ചട്ടിയെടുത്ത ഘട്ടത്തിൽ മന്ത്രിസഭയുടെ ആഡംബര യാത്ര ജനങ്ങളുടെ കണ്ണിൽപൊടിയിടുന്നതും തട്ടിപ്പുമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ നിലപാട്. മണ്ഡലം സദസ്സുകളെ ആദ്യമേ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചപ്പോൾ അവരുടെ യുവജനവിദ്യാർഥികൾ സംഘടനകൾ കരിങ്കൊടിയുമായി പ്രതിഷേധ പാതയിലായി. പൊലീസ് അവരെ പൊതിരെ തല്ലി കൈതരിപ്പ് തീർത്തു. മുഖ്യമന്ത്രിയുടെ ഗൺമാൻ വരെ നീളൻ ലാത്തിയുമായി അടി തുടങ്ങി. കരിങ്കൊടിക്കാരെ ചെടിച്ചട്ടിയും ഹെൽമറ്റും ഉപയോഗിച്ച് ഡി.വൈ.എഫ്.ഐക്കാർ തല്ലി പതംവരുത്തി. അതിക്രൂരമായ ഈ ആക്രമണത്തെ ജീവൻ രക്ഷാപ്രവർത്തനമായി മുഖ്യമന്ത്രി വ്യാഖ്യാനിച്ചതോടെ തല്ലിയവർക്കെതിരെ കേസില്ലെന്ന് മാത്രമല്ല സമരക്കാർക്കെതിരെ കടുത്ത വകുപ്പുകളും ചുമത്തി. എന്നാൽ ‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്ന പഴഞ്ചൊല്ല് പോലെ കൊല്ലം മുതൽ ‘രക്ഷാപ്രവർത്തകർക്ക്’ നേരെ ‘പ്രതിരക്ഷാപ്രവർത്തനം’ കൂടിയുണ്ടായി എന്നതായിരുന്നു പ്രത്യേകത. ഇതോടെ തെരുവുയുദ്ധത്തിലേക്കാണ് കാര്യങ്ങളെത്തിയത്.
മറുഭാഗത്താകട്ടെ സർക്കാർ-സി.പി.എം മെഷിനറികൾ ഒന്നിച്ച് പ്രവർത്തിച്ചതോടെ സദസ്സുകളിലേക്ക് ആളുകൾ ഒഴുകിയെത്തി. പ്രഭാത യോഗങ്ങളിൽ ക്ഷണിതാക്കളായത് പതിനായിരങ്ങളാണ്. എതിർമുന്നണികളിലെ പല നേതാക്കളും യോഗങ്ങളിലെത്തിയത് സർക്കാറിന് നേട്ടമായി.
മന്ത്രിസഭയുടെ യാത്ര അവസാനിക്കുന്നതോടെ സർക്കാറും മുഖം മിനുക്കുകയാണ്. കേരള കോൺഗ്രസിലെ കെ.ബി. ഗണേഷ്കുമാറും കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും അടുത്ത രണ്ടര വർഷം മന്ത്രിമാർ. ഗതാഗത മന്ത്രി ആന്‍റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും ഇടതുമുന്നണിയിലെ ധാരണപ്രകാരം രാജിവെച്ചു. ഗതാഗത വകുപ്പ് ഗണേഷിന്. തുറമുഖം കടന്നപ്പള്ളിക്കും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ഘട്ടത്തിലെ ധാരണപ്രകാരമാണ് മാറ്റം. ചില ആശങ്കകൾ വന്നുവെങ്കിലും ധാരണ നടപ്പാക്കാനായിരുന്നു മുന്നണി തീരുമാനം. ഇരുവരും മുമ്പ് മന്ത്രിമാരായി പ്രവർത്തിച്ച് പരിചയ സമ്പന്നർ. എറണാകുളത്തെ നാല് മണ്ഡലങ്ങളിൽ ജനുവരി ആദ്യം നടത്തുന്ന മന്ത്രിസഭയുടെ ബസ് യാത്രയിൽ പുതിയ മന്ത്രിമാർ അണിചേരും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലെ കൊമ്പുകോർക്കലും പോർവിളിയും കേരളത്തിന് ശീലമായി മാറിയിട്ട് ഏറെയായി. വിഷയം ഏതെന്ന് മാത്രമേ അറിയേണ്ടതുള്ളൂ, ഏക്ഷനും ഫൈറ്റും സ്വീക്വൻസുമെല്ലാം ഏതാണ്ട് ഒന്നു തന്നെ. സർക്കാർ തുടങ്ങി വെക്കും. വിമാനത്താവളം മുതൽ ചാലയിലും പാളയത്തും തമ്പാനൂരിലുമെന്ന് വേണ്ട, എവിടെ വെച്ചും ഗവർണർ തിരിച്ചടിക്കും. അതിൽ വലിയ പുതുമയില്ല. വലിയ ദോസ്തുകളായിരുന്നു ആദ്യം. കാര്യസാധ്യത്തിന് ഇരുവരും തോളിൽ കയ്യിടും. പിന്നെ കാലുകൊണ്ട് കുരുക്കിട്ട് ചവിട്ടിയിടും. ഉരുളക്ക് ഉപ്പേരി പോലെ ഇരുവരും രംഗത്ത് വരും. ഇടക്ക് നിലച്ചിരുന്ന തർക്കം തെരുവിലെ പോര് വരെയെത്തി നിൽക്കെയാണ് പുതിയ വർഷം പിറക്കുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പരണത്ത് വച്ചിരുന്ന ഗവർണർക്ക് സുപ്രിംകോടതിൽ തിരിച്ചടി വന്നതോടെ ചിലത് ഒപ്പിട്ടും ചിലത് രാഷ്ട്രപതിക്ക് അയച്ചും നടപടി എടുക്കേണ്ടി വന്നു. മന്ത്രിമാർ വന്ന് വിശദീകരിച്ചിട്ട് പോലും പലതിലും ഒപ്പിട്ടില്ല. മുഖ്യമന്ത്രി വരണമെന്നായിരുന്നു നിലപാട്. സർവകലാശാലകളിലെ വി.സി. നിയമന വ്യവസ്ഥയിലെ മാറ്റം അടക്കം സുപ്രധാന ബില്ലുകൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ലോകായുക്ത നിയമഭേദഗതി , ചില പി.എസ്.സി. അംഗങ്ങളുടെയും മനുഷ്യാവകാശ കമീഷൻ ചെയർമാന്‍റെയും നിയമന ശിപാർശ അടക്കം പിടിച്ചുവച്ചതിൽപെടും.
കേരള, കാലിക്കറ്റ് സർവകശാശാലകളിലെ സെനറ്റിൽ സർക്കാർ ശിപാർശ ചെയ്ത പേരുകൾ വെട്ടി സംഘപരിവാർ അനുകൂലികളെ നിയമിച്ചതോടെയാണ് എസ്.എഫ്.ഐ. കടുത്ത പ്രതിഷേധവുമായി രംഗത്തു വന്നത്. തലസ്ഥാനത്ത് കരിങ്കൊടി കാണിച്ചതൊക്കെ ഇതിന്‍റെ ഭാഗമായിരുന്നു. പ്രകോപിതനായ ഗവർണർ റോഡിലിറങ്ങി മുഖ്യമന്ത്രിയാണ് പിന്നിലെന്ന ആരോപണം ഉന്നയിച്ചു. സർക്കാരും ഗവർണറുമായുള്ള പോരായി ഇത്പെട്ടന്ന് വളർന്നു. ഗവർണറെ കാമ്പസിൽ കയറ്റില്ലെന്ന് എസ്.എഫ്.ഐ. പ്രഖ്യാപിച്ചപ്പോൾ കാലിക്കറ്റ് സർകലാശാല കാമ്പസിൽ താമസിച്ച് ഗവർണർ വെല്ലുവിളിച്ചു. സുരക്ഷയൊരുക്കാൻ പൊലീസ് വിയർത്തു. സാമ്പത്തിക അടിയന്തിരവസ്ഥ ഏർപ്പെടുത്തണമെന്ന ചില പരാതികളിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പോര് ഇവിടെ അവസാനിക്കുന്നില്ല.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിൽ ഇൻചാർജ് ഭരണമാണ്. അവിടങ്ങളിൽ പുതിയ വി.സിമാരുടെ നിയമനം സർക്കാർ -ഗവർണർ പോരിൽ കുരുങ്ങിക്കിടക്കുന്നു. വി.സി. നിയമനത്തിൽ ഗവർണർക്കുള്ള അധികാരം എടുത്തുകളയുന്നതിന് ബിൽ നിയമസഭ പാസാക്കിയിട്ടുണ്ട്. ഗവർണർ ഒപ്പിട്ടിട്ടില്ല. സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുകയാണ് ലക്ഷ്യം. കലാമണ്ഡലം കൽപിത സർവകലാശാല നിയമത്തിൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കി നർത്തകി മല്ലികാ സാരാഭായിയെ നിയമിക്കാൻ സർക്കാരിന് കഴിഞ്ഞത് നിയമത്തിന്‍റെ പഴുത് ഉപയോഗിച്ചാണ്. വി.സിമാരെ നിയമിക്കാൻ സമിതിക്കായി ഗവർണർ സ്വന്തം നിലയിൽ നീക്കം നടത്തുമ്പോൾ സർക്കാർ എതിർ നിലപാട് സ്വീകരിക്കും. തിരിച്ചുമുണ്ട് നീക്കങ്ങൾ. ഫലം വർഷങ്ങളായി വി.സി. നിയമനം നടക്കുന്നില്ല. താൽക്കാലിക വി.സി. നിയമനത്തെ ചൊല്ലി പോലും പോരോട് പോരാണ്. സർവകലാശാലകളുടെ താളം തെറ്റിതുടങ്ങി. സെനറ്റിലും സർക്കാർ നിർദേശം മറികടന്ന് സംഘപരിവാർ അനുകൂലികളെ ഗവർണർ നിയമിക്കുന്നു. സ്വാഭാവികമായും അതിന്‍റെ തുടർച്ചയായി സിൻഡിക്കേറ്റിലും വരും.
രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന, ഒരു മണ്ഡലത്തെ ഏറ്റവും കൂടുതൽ നാൾ പ്രതിനിധീകരിച്ച, ഏറ്റവും കൂടുതൽ കാലം സാമാജികനായ ജനകീയ നേതാവ് ഉമ്മൻചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തെ ആഴത്തിൽ വേദനിപ്പിച്ചു. രാഷ്ട്രീയ നേതാക്കൾക്കും ഭരണാധികാരികൾക്കും ഒരു പാഠപുസ്തകമായിരുന്നു അദ്ദേഹം. മുന്നിലെത്തുന്നവർക്കെല്ലാം തന്നാലാകുന്നത് ചെയ്തുകൊടുക്കുകയും അതിൽ വിജയിക്കാനായില്ലെങ്കിൽ ആശ്വാസവാക്കുകളെങ്കിലും പകർന്നു നൽകാൻ ശ്രമിക്കുകയും ചെയ്ത നേതാവ്. ജനങ്ങളുടെ പ്രശ്നങ്ങൾക്കായി ജീവിതം മാറ്റിവെച്ച നേതാവിനോടുള്ള ജനങ്ങളുടെ സ്നേഹവായ്പായിരുന്നു വിലാപയാത്രയിൽ കണ്ടത്. പുതുപ്പള്ളിയിൽ ഒരു യുഗമാണ് അവസാനിച്ചത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളൊക്കെ തെറ്റെന്ന് തെളിയിച്ചാണ് അദ്ദേഹം കടന്നുപോയത്.
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ പിന്തുടർച്ച മകൻ ചാണ്ടി ഉമ്മനെയാണ് ജനങ്ങൾ ഏൽപ്പിച്ചത്. ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് തൊട്ടുടനെ നടന്ന തെരഞ്ഞെടുപ്പിൽ മറ്റൊരു പേര് യു.ഡി.എഫിനുണ്ടായിരുന്നില്ല. ഇടതുപക്ഷം ഉമ്മൻചാണ്ടിക്കെതിരെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച ജെയ്ക് സി. തോമസിനെ ഇറക്കി ജയിച്ചുകയറാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. കോടിയേരി ബാലകൃഷ്ണന് പിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വേർപാട് ഇടതു മുന്നണിക്ക് വലിയ ആഘാതമായി. മികച്ച പ്രവർത്തന ശൈലികൊണ്ട് ഏവരുടെയും സ്വീകാര്യത നേടിയ നേതാക്കളായിരുന്നു ഇരുവരും. കാനത്തിന്‍റെ അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ കേരളത്തിനും സി.പി.ഐക്കും വലിയ നഷ്ടം. ബിനോയ് വിശ്വം കാനത്തിന് പകരക്കാനായി.
മുമ്പൊക്കെ ഒരു പരീക്ഷ എഴുതി ജയിക്കാൻ ഒരുപാട് ഉറക്കമൊഴിച്ച് അധ്വാനിക്കണം. ഇപ്പോൾ അതൊന്നും വേണ്ടെന്ന് തോന്നിപ്പോകും ചിലതൊക്കെ കണ്ടാൽ. കായംകുളം എം.എസ്.എം. കോളജിൽ ഡിഗ്രിക്ക് പഠിച്ച് തോറ്റ എസ്.എഫ്.ഐ നേതാവ് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് തൊട്ടടുത്ത വർഷം അതേ കോളജിൽ പി.ജിക്ക് ചേർന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശോചനീയാവസ്ഥ തുറന്നു കാണിക്കുന്നു. എസ്.എഫ്.ഐയുടെ മറ്റൊരു നേതാവ് എഴുതാത്ത പരീക്ഷ ജയിച്ചുവെന്ന മാർക്ക് ലിസ്റ്റ് പുറത്തുവന്നു. വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയ കേസിൽ കെ.എസ്.യുവിന്‍റെ ചില ഭാരവാഹികളും അകത്തായി. ഒരു വനിത നേതാവ് പ്രമുഖ കലാലയത്തിലെ വ്യാജ ജോലി പരിചയ സർട്ടിഫിക്കറ്റ് സ്വന്തമായി ഉണ്ടാക്കി മറ്റൊരു ഗവ. കോളജിൽ ജോലിക്ക് ശ്രമിക്കുന്നു. ചില യുവ നേതാക്കളുടെ ഭാര്യമാർ സർവകലാശാലകളിൽ ജോലി നേടിയ വിഷയത്തിൽ ആരോപണങ്ങൾ മാത്രമല്ല, കോടതിയിൽ കേസുകളും നടക്കുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതൊക്കെ നടക്കുമ്പോൾ കേരളത്തിൽ നിന്നും ഉപരിപഠനത്തിന് കുട്ടികൾ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കൂട്ടത്തോടെ പോകുന്ന മറ്റൊരു ദൃശ്യവുമുണ്ട്. വിദേശത്തേക്ക് പോകുന്നവരിൽ പലരും കുടിയേറ്റ ലക്ഷ്യത്തോടെയാണ്. സി.യു.ഇ.ടി വന്നതോടെ ദേശീയ തലത്തിൽ ഉണ്ടായ അവസരങ്ങളും നിരവധിയാണ്.
പത്താം ക്ലാസിൽ ഫുൾ എപ്ലസ് കിട്ടുന്ന പലർക്കും കൂട്ടിവായിക്കാനറിയില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തുറന്നു പറച്ചിൽ കേരളം വിദ്യഭ്യാസ രംഗത്ത് നടപ്പാക്കേണ്ട തിരുത്തലുകളിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. എന്നാൽ അധികാരികളെല്ലാം അതിനെ തള്ളിപ്പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നത്. വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് വിശദീകരിച്ച് വിദ്യാഭ്യാസ ഡയറക്ടർ തടിയൂരി.
കാലിയായ ഖജനാവും പെരുകുന്ന കടഭാരവുമായാണ് കേരളം പുതിയ വർഷത്തിലേക്ക് പോകുന്നത്. കേന്ദ്രം ഒന്നും തരുന്നില്ലെന്നും എല്ലാം വെട്ടിക്കുറക്കുന്നുവെന്നും ആവർത്തിച്ചാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പിടിച്ചുനിൽക്കുന്നത്. കേന്ദ്ര വിരുദ്ധ നിലപാട് കടുപ്പിക്കുകയാണ് സംസ്ഥാനം. കേരളത്തോട് മാത്രമായി പ്രത്യേക നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്രവും. കിഫ്ബിയും പെൻഷൻ കമ്പനിയും വഴി ബജറ്റിന് പുറത്ത് എടുത്ത കടം കേന്ദ്രം കേരളത്തിന്‍റെ പൊതുകടത്തിൽ ഉൾപ്പെടുത്തിയിരുന്നു. അനുവദിച്ച കടമെല്ലാം എടുത്തുകഴിഞ്ഞു. വാർഷിക പദ്ധതി ഇഴയുകയാണ്. ഇക്കൊല്ലവും ലക്ഷ്യം നേടില്ല. ട്രഷറിയിൽ കടുത്ത നിയന്ത്രണം തുടരുകയാണ്. അത്യാവശ്യ ചെലവുകൾ പോലും നടക്കുന്നില്ല. ജീവനക്കാരുടെ ഡി.എയും ഗഡുക്കളും ശമ്പള പരിഷ്കരണ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും മുടങ്ങിയിട്ടുണ്ട്. അത് നൽകാൻ 22,000 കോടിയിലേറെ വേണം. കരാറുകാർക്കും വൻ കുടിശ്ശികയുണ്ട്. ക്ഷേമ പെൻഷൻ മൂന്നുമാസം കുടിശികയാണ്. കഴിഞ്ഞ ബജറ്റിൽ 3000 കോടിയോളം രൂപയുടെ നികുതി ബാധ്യതയാണ് അടിച്ചേൽപ്പിച്ചത്. വീടുകളുടെ കരം, നിർമാണ പെർമിറ്റ്, ഭൂമി രജിസ്ട്രേഷൻ, മണ്ണ്, പാറ എന്നിവയുടെ വിലയെല്ലാം കൂടി.
സപ്ലൈകോ വിപണികളിൽ സാധനങ്ങളില്ല. നെല്ല് നൽകിയ കർഷകർക്ക് യഥാസമയം പണം നൽകിയില്ല. കാർഷിക വിളകൾക്ക് വില കിട്ടാത്ത സ്ഥിതി. കൃഷി വന്യജീവികൾ നശിപ്പിക്കുന്ന ഗുരുതര സ്ഥിതിവിശേഷം. സാമ്പത്തികമായി വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം പോകുന്നത്.
കരുവന്നൂരും കണ്ടലയിലും നടന്ന ക്രമക്കേടുകൾ സഹകരണമേഖലക്കാകെ നാണക്കേടായി. രണ്ടിലും കേരള പൊലീസ് ഉഴപ്പിക്കളിച്ചുവെങ്കിലും ഇ.ഡി.വന്നതോടെ കളി മാറി. നേതാക്കൾ പലരും അകത്തായി. പലരും ഭീഷണിയിലുമാണ്. കോടികളുടെ ക്രമക്കേടാണ് രാഷ്ട്രീയക്കാരുടെ സഹായത്തോടെ നടന്നത്. പല സഹകരണ സ്ഥാപനങ്ങളിലും നിക്ഷേപകർക്ക് പണം നൽകാനാകാത്ത സ്ഥിതിയുണ്ട്. സഹകരണ തട്ടിപ്പിൽ പാർട്ടി വ്യത്യാസമൊന്നുമില്ല. യു.ഡി.എഫുകാരും അറസ്റ്റിലുണ്ട്. അതിനിടെ ലീഗ് പ്രതിനിധി കേരള ബാങ്കിലെത്തിയത് യു.ഡി.എഫിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കി.
യൂത്ത് കോൺഗ്രസിന് പുതിയ സംസ്ഥാന പ്രസിഡന്‍റിനെ തെരഞ്ഞെടുത്തപ്പോഴുള്ള പൊല്ലാപ്പ് ഇനിയും തീർന്നിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ ചുമതലയേറ്റുവെങ്കിലും തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽകാർഡ് ഉപയോഗിച്ചുവെന്ന പരാതി വന്നതോടെ പൊലീസ് കേസായി. തെരഞ്ഞെടുപ്പ് കമീഷനും അന്വേഷണം തുടങ്ങി. പൊലീസ് ചിലരെയൊക്കെ അറസ്റ്റ് ചെയ്തു. നടപടിക്കായി പൊലീസിനെ തെരഞ്ഞെടുപ്പ് കമീഷൻ തന്നെ സമീപിച്ചിരിക്കുകയാണ്. ഹൈകോടതിയിലും ഹരജിയുണ്ട്. അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ വരണമെന്നാണ് ആവശ്യം.
കൊച്ചിയെയും കേരളത്തെയുമൊന്നാകെ കണ്ണീരിലാഴ്ത്തിയ കുസാറ്റ് ദുരന്തം നടന്നത് നവംബർ 25ന് വൈകീട്ട് ഏഴുമണിയോടെയാണ്. കുസാറ്റിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് (എസ്.ഒ.ഇ)ലെ ഏറ്റവും വലിയ ആഘോഷമായ ടെക്‌നിക്കല്‍ ഫെസ്റ്റ് ധിഷണയുടെ ഭാഗമായി സംഗീതനിശ അരങ്ങേറുന്നതിനു മുമ്പ് ഓഡിറ്റോറിയത്തിൻറെ കവാടത്തിലുണ്ടായ തിക്കും തിരക്കുമാണ് മൂന്ന് വിദ്യാർഥികളുൾപ്പടെ നാലുപേരുടെ ജീവനെടുത്ത ദുരന്തരാത്രിയായി മാറിയത്.
സംസ്ഥാനത്തെ നടുക്കിയ സംഭവമായിരുന്നു ഏപ്രിൽ രണ്ടിനുണ്ടായ എലത്തൂർ ട്രെയിൻ തീവെപ്പ്. മൂന്നുപേർ മരിച്ച കേസിൽ ഡൽഹി ശഹീൻ ബാഗ് സ്വദേശി ഷാറൂഖ് സെയ്ഫിയാണ് അറസ്റ്റിലായത്. ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് രാത്രി 9.30ന് എലത്തൂര്‍ സ്റ്റേഷന്‍ വിട്ടതോടെ അക്രമി യാത്രക്കാരുടെ ദേഹത്തേക്ക് പൊട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വൻ ഗൂഡാലോചനയും ദുരൂഹതകളും സംശയിച്ച കുറ്റകൃത്യം ഷാറൂഖ് സെയ്ഫി ഒറ്റക്കാണ് നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗൂഢാലോചനയുടെ പിന്നാമ്പുറങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. കേസ് നിലവിൽ എൻ.ഐ.എ കൊച്ചി യൂണിറ്റ് അന്വേഷിക്കുന്നത്.
ഒക്ടോബർ 29നാണ് നാടിനെ നടുക്കിയ കളമശ്ശേരി ബോംബ് സ്ഫോടനം നടന്നത്. കളമശ്ശേരി സംറ കൺവെൻഷനിൽ യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിടെയാണ് സ്ഫോടനം നടന്നത്. തൽക്ഷണം ഒരു സ്ത്രീയും പിന്നീട് ചികിത്സയിലുള്ളവരുമായി എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്. സംഭവം നടന്ന അന്നു തന്നെ പ്രതി തമ്മനം സ്വദേശിയും മുമ്പ് യഹോവ സാക്ഷികളുടെ അനുയായിയുമായ ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മധുകേസിന് അത്ര ശുഭകരമല്ലാത്ത പര്യവസാനമായതും 2023ന്റെ പ്രത്യേകതയായിരുന്നു. 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ ആൾക്കൂട്ടം പിടികൂടുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. ആൾക്കൂട്ട മർദനത്തിലാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയ പൊലീസ് അന്നുതന്നെ കേസെടുത്തു. വിചാരണ ആരംഭിക്കാൻ വൈകുന്നതിനിടെ പ്രതികൾക്ക് ജാമ്യം ലഭിച്ചു.
സംഭവം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. 2019 ൽ വി.ടി. രഘുനാഥിനെ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല. വിചാരണ നീളുകയും കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. തുടർന്ന് ഹൈകോടതി അഭിഭാഷകൻ സി. രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം. മേനോനെ അഡീഷനൽ പ്രോസിക്യൂട്ടറായും സർക്കാർ നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് രാജേന്ദ്രൻ രാജിവെച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് പിന്നീട് കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായത്.
2022 ഏപ്രിൽ 22ന് വിചാരണ തുടങ്ങി. 122 സാക്ഷികളാണുണ്ടായിരുന്നത്. അവസാനിക്കുമ്പോൾ 129 സാക്ഷികളായി. ഇതിൽ 103 പേരെ വിസ്തരിച്ചു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കണ്ടെത്തി ഒഴിവാക്കി. രണ്ടുപേർ മരിച്ചു. 24 പേർ കൂറുമാറി. പ്രതികൾക്ക് ഹൈകോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അപൂർവത കേസിൽ ഉണ്ടായി.
2023 ഏപ്രിൽ അഞ്ചിന് മണ്ണാർക്കാട് പ്രത്യേക കോടതി 16 പ്രതികളിൽ 13 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി. മൂന്നുപേരെ വെറുതെ വിട്ടു. വിധിയിൽ അതൃപ്തിയുമായി മധുവിന്റെ കുടുംബം ഹൈകോടതിയെ സമീപിച്ചു.
മേയ് 10ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് ചികിത്സക്കെത്തിച്ചയാളുടെ കുത്തേറ്റ് യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടത് നാടിനെ നടുക്കി. ലഹരിക്കടിമയായ കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ് ആണ് ആശുപത്രിക്കുള്ളിൽ വന്ദനയെ കത്രികകൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
പാലക്കാടിനെ പിന്തള്ളി സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി ഇടുക്കി മിടുക്കിയായി. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായ 12718.5095 ഹെക്ടർ സ്ഥലം ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെയാണ് സംസ്ഥാനത്തെ വലിപ്പം കൂടിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് തിരികെ ലഭിച്ചത്. ഭരണ സൗകര്യത്തിനായാണ് ഈ മാറ്റം.
കോഴിക്കോടിനെ മൂന്നാമതും ഭീതിയുടെ നടുക്കടലിലേക്ക് തള്ളിവിട്ട് സെപ്റ്റംബർ 12ന് കോഴിക്കോട്ട് മൂന്നാമതും നിപ മരണം സ്ഥിരീകരിച്ചു. കോഴിക്കോട് തിരുവള്ളുരിലായിരുന്നു മരണം. കുറ്റ്യാടി മരുതോങ്കരയിൽ 10 ദിവസം മുമ്പ് മരിച്ചയാളുടെ ഒമ്പതു വയസ്സുകാരനായ മകനും ഭാര്യാ സഹോദരനും തൊട്ടടുത്ത ദിവസം നിപ ബാധിച്ചതായി കണ്ടെത്തി. തുടർന്ന് മരുതോങ്കരയിൽ മരിച്ച വ്യക്തിക്കും നിപ സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകനും മറ്റൊരാൾക്കും നിപ ബാധിച്ചു. ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞ ഒമ്പതു വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് കേരളം അതിജീവന ചരിത്രം കുറിച്ചു.
കഴിഞ്ഞ കുറെ വർഷങ്ങളായി എറണാകുളം അതിരൂപതയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന കുർബാനാർപ്പണ വിവാദം ഈ വർഷവും ആളിക്കത്തിയിരുന്നു. ഈ ക്രിസ്മസ് ദിനത്തിലും അതിരൂപതയിൽ ഏകീകൃത കുർബാന വേണമെന്ന് സിറോ മലബാർ സഭയുടെ ഔദ്യോഗിക വിഭാഗവും അതു പറ്റില്ലെന്നും ജനാഭിമുഖ കുർബാന തന്നെ തുടരുമെന്നുമുള്ള നിലപാടിൽ അതിരൂപതയിലെ പ്രബല വിഭാഗവും മുന്നോട്ടു വന്നു. സിനഡ് കുർബാന അർപ്പിക്കണമെന്ന ഉത്തരവാണ് മാർപാപ്പ ഇറക്കിയത്.
എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടും കുർബാന തർക്കവും മൂലം സിറോ മലബാർ സഭയെ ഒന്നാകെ വലിയ വിവാദങ്ങളിലേക്ക് തള്ളി വിട്ട സഭയുടെ അധ്യക്ഷനായ (മേജർ ആർച്ച്ബിഷപ്) കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ തൽസ്ഥാനത്തു നിന്നുള്ള രാജിയും വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഡിസംബർ ഏഴിനാണ് തന്റെ രാജി വത്തിക്കാൻ അംഗീകരിച്ചുവെന്ന് വ്യക്തമാക്കി വിവാദ നായകൻ ആലഞ്ചേരി പടിയിറങ്ങിയത്. അതിരൂപത അഡ്മിനിസ്ട്രേറ്ററായിരുന്ന മാർ ആൻഡ്രൂസ് താഴത്തും സ്ഥാനമൊഴിഞ്ഞു.
ആലുവയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബീഹാർ സ്വദേശികളുടെ അഞ്ചുവയസുകാരിയായ മകളെ അന്തർസംസ്ഥാന തൊഴിലാളിയായ അശ്ഫാക് ആലം മധുരപലഹാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. 35ാം ദിവസം പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബർ നാലിന് ആരംഭിച്ച വിചാരണ 26 ദിവസംകൊണ്ട് പൂർത്തിയായി. 99ാം ദിവസം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. 110ാം ശിശുദിനത്തിൽ കോടതി പ്രതിക്ക് മരണം വരെ തൂക്കുകയറും അഞ്ച് ജീവപര്യന്തവും ശിക്ഷ വിധിച്ചു.
സംസ്ഥാനത്തെ തന്നെ പിടിച്ചുകുലുക്കിയ 2023ലെ വിവാദങ്ങളിലൊന്നായി കൊച്ചി കോർപറേഷന് കീഴിലുള്ള ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തം. 2023 മാർച്ച് രണ്ടിന് ഉച്ചക്ക് ശേഷമാണ് ബ്രഹ്മപുരത്തെ മാലിന്യമലക്ക് തീപിടിച്ചത്. ഏകദേശം 15 ദിവസത്തോളമെടുത്താണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. മാലിന്യ പ്ലാന്റിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് നിരവധി പേർ ആശുപത്രികളിലായി. ദിവസങ്ങളോളം കൊച്ചി നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും അന്തരീക്ഷം പുകമയമായിരുന്നു.
ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പൻ എന്ന കാട്ടാനയെ നാടു കടത്തിയത് നാട്ടുകാർ മാത്രമല്ല, കേരളം ഒന്നാകെ ആകാംക്ഷയോടെയാണ് കണ്ടത്. ഇടുക്കി മൂന്നാർ ചിന്നക്കനാലിലായിരുന്നു അരിക്കൊമ്പന്‍റെ വിഹാര കേന്ദ്രം. ഹൈകോടതി നിർദേശപ്രകാരം അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.