പേപ്പട്ടിയുടെ വായിൽ കോലിട്ട് കുത്തുന്നത് നന്നല്ലാത്തതിനാൽ കൂടുതൽ പറയുന്നില്ല -ദുരിതാശ്വാസ നിധി കേസിൽ ഹരജിക്കാരനെതിരെ ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചിലവഴിച്ച സംഭവത്തിൽ റിവ്യു ഹരജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനായ ശശികുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത ന്യായാധിപന്മാർ. പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലതെന്നും അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് പറഞ്ഞു.

‘പരാതിക്കാരന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. വിശ്വാസമില്ലെങ്കിൽ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നത്? എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നത്. ഒരു കേസ് പരിഗണനയിലിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ല. ആൾക്കൂട്ട അധിഷേപം നടത്തുകയാണ്. കോടതിയിൽ പറയേണ്ട കാര്യമേ പറയാവൂ’ - ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് പറഞ്ഞു.

ഹരജിക്കാരനായ ആർ.എസ്.ശശികുമാർ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നയാളാണെന്നും ആൾക്കൂട്ട അതിക്രമത്തിനുള്ള ശ്രമമാ​ണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് വിമർശിച്ചു. ഹരജിക്കാരൻ ടി.വിയിൽ നന്നായി വാദിക്കുന്നുണ്ടല്ലോയെന്ന് ഉപലോകായുക്ത ചോദിച്ചു.

നേരത്തെ ലോകായുക്ത ബെഞ്ചിൻമേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ശശികുമാർ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഇഫ്താർ പരിപാടിയിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിന് പിന്നാലെയായിരുന്നു പ്രതികരണം. ഇതാണ് ലോകായുക്തയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി സ്വാധീനിച്ചത് അദ്ദേഹം കണ്ടിട്ടുണ്ടോ, അദ്ദേഹത്തിൻ്റെ സാനിധ്യത്തിലാണോ അത് നടന്നത്. ഞങ്ങളിൽ വിശ്വാസമില്ലെന്നു പറയുന്നു, ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. വിശ്വാസമില്ലെങ്കിൽ എന്തിനാണ് ഈ ബെഞ്ചിൽ വന്നിരിക്കുന്നത്, സ്വാധീനം ചെലുത്തിയതിന് തെളിവുണ്ടെങ്കിൽ പറയൂ എന്നും ലോകായുക്ത പറഞ്ഞു.

മൂന്നംഗ ബെഞ്ചിൽ നിന്ന് അനുകൂല വിധി കിട്ടില്ലെന്ന് വാദി ഭാഗത്തിന് ഉറപ്പുണ്ടോയെന്ന് ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് ഇതിനിടെ ചോദിക്കുകയും ചെയ്തു. ചെയ്യുന്നത് ശരിയാണോ എന്ന് വീട്ടിൽ പോയി ആത്മ പരിശോധന നടത്തണമെന്ന് ലോകായുക്ത കുറ്റപ്പെടുത്തി.

എൻ.സി.പി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും പരേതനായ ചെങ്ങന്നൂർ എം.എൽ.എ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയതിനെ ഹരജിക്കാരൻ എതിർത്തിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ വിധി വരുന്നത്.

കേസിൽ വാദം പൂർത്തിയായി ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ഇതുവരെയും വിധി പ്രഖ്യാപിച്ചിട്ടില്ല. വിധി വൈകുന്നതിനെതിരെ പരാതിക്കാരൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഏപ്രിൽ 26നകം കേസ് പരിഗണിക്കാൻ ഹൈകോടതി നിർദേശിച്ചു.

ഹർജി വീണ്ടും ഡിവിഷൻ ബഞ്ച് പരിഗണിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. റിവ്യൂ ഹർജി നാളെ 12 മണിക്ക് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. രണ്ട് മണിക്ക് വിശാല ബെഞ്ചും കേസ് പരിഗണിക്കും. ഡിവിഷൻ ബെഞ്ച് പരിഗണിച്ച ശേഷമേ ഫുൾ ബെഞ്ച് കേസ് പരിഗണിക്കാവൂവെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Lokayukta against CMDRF petitioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.