തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന തൃശൂരിൽ ഒരുങ്ങുന്നത് കറയില്ലാത്ത ജനകീയ രാഷ്ട്രീയ പോര്. രണ്ട് മുൻ മന്ത്രിമാരും മന്ത്രിയും മത്സരിക്കാനിറങ്ങുന്നുവെന്ന അപൂർവതക്കപ്പുറം മൂന്നുപേരും വ്യക്തി-പൊതുജീവിതത്തിൽ സൂക്ഷിച്ച കറയില്ലാത്ത സംശുദ്ധിയും ലാളിത്യവും കൂടിയാണ് തെരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്നത്. സി.പി.എം മത്സരിക്കുന്ന ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണനും ചാലക്കുടിയിൽ മുൻ മന്ത്രി സി. രവീന്ദനാഥും സി.പി.ഐ മത്സരിക്കുന്ന തൃശൂരിൽ മുൻ മന്ത്രി വി.എസ്. സുനിൽകുമാറും സ്ഥാനാർഥികളാവും. മൂന്ന് പേരും ഇതുവരെ പരാജയമറിയാത്തവരാണ്. തൃശൂർ ടൗണിലെന്നോ ഗ്രാമത്തിലെന്നോ വ്യത്യാസമില്ലാതെ ഇടവഴികളിൽ പോലും മന്ത്രിയുടെയും മുൻ മന്ത്രിമാരുടെയും ജാഡകളില്ലാതെ മൂന്നുപേരെയും പലയിടങ്ങളിലും കാണാം. സിറ്റിങ് എം.പിമാർ മത്സരിക്കുമെന്ന് നേരത്തെ തന്നെ കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രഖ്യാപനം വൈകുമെന്നാണ് സൂചന. തൃശൂരിൽ ടി.എൻ. പ്രതാപൻ മാത്രമാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ആലത്തൂരിൽ രമ്യ ഹരിദാസും ചാലക്കുടിയിൽ ബെന്നി ബെഹനാനും കളത്തിലിറങ്ങിയിട്ടില്ല. ബി.ജെ.പി എ ക്ലാസ് മണ്ഡലമായി കാണുന്ന തൃശൂരിൽ നേരത്തെ തന്നെ സുരേഷ്ഗോപി പ്രചാരണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.