ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മെഡൽ നേടുകയും 2016 റിയോ ഒളിമ്പിക്സിൽ സാന്നിധ്യമാവുകയും ചെയ്ത സ്വപ്നസമാനമായ കരിയറിനാണ് കോഴിക്കോട്ടുകാരൻ 34ാം വയസ്സിൽ അന്ത്യം കുറിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ഓട്ടക്കാരനായി ട്രാക്ക് വാണ ജിൻസൺ ജോൺസൺ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ നിലവിലെ ദേശീയ റെക്കോഡുകാരനാണ്. 800 മീറ്റർ റെക്കോഡും വർഷങ്ങളോളം കൈവശംവെച്ചു. ''കുട്ടിക്കാലത്ത് കൊൽക്കത്തയിൽനിന്ന് ആരംഭിച്ച യാത്ര 2023ൽ ഹാങ്ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസ് വേദിയിൽവരെ എത്തി. അത്ലറ്റിക്സ്, നന്ദി''-വിരമിക്കൽ പ്രഖ്യാപിച്ച് ജിൻസൺ ഫേസ്ബുക്കിൽ കുറിച്ചു.
നാല് പതിറ്റാണ്ടിന്റെ ചരിത്രവും തിരുത്തി
2018 ജകാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയിട്ടുണ്ട്. 2015 വുഹാൻ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ വെള്ളിയും 2017 ഭുവനേശ്വറിൽ 800 മീറ്ററിൽ വെങ്കലവും സ്വന്തമാക്കി. 2015ലെ ഏഷ്യൻ ഗ്രാൻഡ്പ്രിയിൽ മൂന്ന് സ്വർണം നേടി. 2023ൽ നടന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലവും കരസ്ഥമാക്കി. 800 മീറ്ററിൽ 42 വർഷത്തോളംകാലം ശ്രീറാം സിങ് കൈവശം വെച്ച ദേശീയ റെക്കോഡ് തിരുത്തിക്കൊണ്ടായിരുന്നു ജിൻസൺ അതിശയിപ്പിച്ചത്. 2018ലെ ദേശീയ സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒരു മിനിറ്റ് 45.65 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഇളക്കമില്ലാത്ത റെക്കോഡ് തന്റെ പേരിൽ എഴുതി.
ഇയ്യിടെ മലയാളി താരം മുഹമ്മദ് അഫ്സൽ 800 മീറ്ററിലെ റെക്കോഡ് തിരുത്തിയിരുന്നു. 1500 മീറ്ററിലും 23 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് ജിൻസൺ പഴങ്കഥയാക്കിയിട്ടുണ്ട്. ഗോൾഡ് കോസ്റ്റിൽ നടന്ന 2018 കോമൺവെൽത്ത് ഗെയിംസിലാണ് മൂന്ന് മിനിറ്റ് 47.04 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ദേശീയ റെക്കോഡ് കുറിച്ചത്. ഒരേ വർഷം രണ്ട് റെക്കോഡ് തിരുത്തിയ താരം ഏഷ്യൻ ടോപ് അത്ലറ്റായും മാറി. തൊട്ടടുത്ത വർഷം 1500 മീറ്ററിലെ സ്വന്തം റെക്കോഡ് ബർലിനിൽ നടന്ന മീറ്റിൽ പുതുക്കി (3: 35.24). ഇപ്പോഴും ഇളക്കമില്ലാതെ ആ റെക്കോഡ് ജിൻസണിന്റെ പേരിൽതന്നെ തുടരുന്നു.
ചക്കിട്ടപ്പാറയിൽനിന്ന് അന്താരാഷ്ട്ര വേദികളിൽ
ഈ വർഷം ജപ്പാനിൽ ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ അന്താരാഷ്ട്ര മേളകൾ വരാനിരിക്കെയാണ് ജിൻസണിന്റെ പടിയിറക്കം. 2007ൽ കൊൽക്കത്തയിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ മെഡലണിഞ്ഞ് ട്രാക്കിലെ പൊൻതാരമായി ഉദിച്ചുയർന്ന ജിൻസണിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ ഗെയിംസ്, ലോക അത്ലറ്റിക് മീറ്റ്, ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ് അങ്ങനെ വിവിധ വേദികളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു ത്രിവർണം അഭിമാനത്തോടെ തോളിലേറ്റി.
കായികമികവിനുള്ള രാജ്യത്തിന്റെ അംഗീകാരമായി 2018ൽ അർജുന പുരസ്കാരവും ജിൻസണിനെ തേടിയെത്തി. രണ്ടു പതിറ്റാണ്ടിലേക്ക് നീളുന്ന തന്റെ കായിക ജൈത്രയാത്രയിൽ പിന്തുണച്ച കോച്ചുമാർ, അത്ലറ്റിക് ഫെഡറേഷൻ, ഇന്ത്യൻ ആർമി, ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ എല്ലാവരോടും നന്ദി പറയുകയാണ് താരം. പേരാമ്പ്ര ചക്കിട്ടപ്പാറ സ്വദേശിയായ ജിൻസൺ നിലവിൽ ഇന്ത്യൻ ആർമിയിൽ സുബേദാറായി ഹൈദരാബാദിൽ സേവനം ചെയ്യുകയാണ്. ട്രാക്കിനോട് വിടപറയുമ്പോഴും, പരിശീലക വേഷത്തിൽ ഭാവിയിൽ ട്രാക്കിൽ സജീവമായി തുടരാനാണ് ജിൻസണിന്റെ തീരുമാനം. നിലവിൽ ബംഗളൂരുവിൽ വേൾഡ് അത്ലറ്റിക്സിന്റെ ലെവൽ വൺ കോഴ്സും ചെയ്യുന്നതായി താരം ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.