'98 68 91 99 35 തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും.'; എം.എം.മണിക്ക് മറുപടിയുമായി വി.ടി ബൽറാം

പാലക്കാട്: മുതിർന്ന സി.പി.എം നേതാവ് എം.എ മണിയുടെ മുന്നറിയിപ്പിന് മറുപടിയുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് കരുതലോടെ കരുക്കൾ നീക്കുന്ന യു.ഡി.എഫിന് എൽ.ഡി.എഫിന്റെ കരുത്ത് കാണിക്കുന്ന നമ്പറുകളാണ് സമൂഹമാധ്യമങ്ങളിൽ എം.എം.മണി ഓർമിപ്പിച്ചത്.

'98 68 91 99 ഇതൊരു ഫോൺ നമ്പർ അല്ല. കഴിഞ്ഞ നാല് നിയമസഭയിലെ എൽ.ഡി.എഫ് സീറ്റുകളാണ്'- എന്നാണ് മുതിർന്ന സി.പി.എം നേതാവിന്റെ പോസ്റ്റ്.

തൊട്ടുപിന്നാലെ മറുപടിയുമായി വി.ടി.ബൽറാമും രംഗത്തെത്തി. '98 68 91 99 35 തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും.'- എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.

2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാർ മുതൽ രണ്ടാം പിണറായി സർക്കാർ വരെ എൽ.ഡി.എഫ് നേടിയ സീറ്റുകളുടെ എണ്ണമാണ് ഫോൺ നമ്പർ ക്രമത്തിൽ നൽകിയത്. അവസാനത്തെ 35 വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിന്റെ സീറ്റുകളുടെ എണ്ണം ആകുമെന്നാണ് ബൽറാം പറഞ്ഞുവെക്കുന്നത്.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് എൽ.ഡി.എഫ്. 110 സീറ്റാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടിക്കാഴ്ച മൂന്ന് മണിക്കൂര്‍ നീണ്ടു. വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറഞ്ഞ് വേണം വോട്ടര്‍മാരെ സമീപിക്കാനെന്നും പിന്നോട്ട് പോയ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഓരോ മണ്ഡലങ്ങളിലെയും തദ്ദേശ ഫലങ്ങള്‍ വിലയിരുത്തണം. മാധ്യമങ്ങള്‍ വഴി സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കണം. രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാറാണ് കേരളത്തിലേതെന്നും വര്‍ഗീയ ഫാസിസത്തിനെതിരെ പൊരുതുന്നത് കേരളം മാത്രമാണെന്ന് പ്രചാരണായുധമാക്കാനും നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് കൂടിക്കാഴ്ചയിലെ വിലയിരുത്തല്‍. മന്ത്രിമാര്‍ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 


Full View


Tags:    
News Summary - Congress leader V.T. Balram sharply ridiculed the LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.