കൊച്ചി: മന്ത്രവാദ, ആഭിചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നിയമനിർമാണ നടപടികൾ തുടരുന്നതിനൊപ്പം, നിലവിലെ പരാതികൾ ഇപ്പോഴത്തെ നിയമപ്രകാരം പരിശോധിക്കാനുള്ള പ്രത്യേക സെൽ രൂപവത്കരണം സർക്കാർ പരിഗണിക്കണമെന്ന് ഹൈകോടതി. പുതിയ നിയമനിർമാണ നടപടികൾ നീളുന്ന സാഹചര്യം വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്. നിയമ നിർമാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2019ൽ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമീഷൻ മന്ത്രവാദ, ആഭിചാര പ്രവർത്തനങ്ങൾ തടയൽ നിയമമാണ് ശിപാർശ ചെയ്തിരുന്നത്. എന്നാൽ, ഇതിനുള്ള ശ്രമങ്ങൾ 2023ൽ സർക്കാർ ഉപേക്ഷിച്ചു. ഹൈകോടതി ഇടപെട്ടതോടെ ഇപ്പോൾ മഹാരാഷ്ട്ര, കർണാടക മാതൃകയിലുള്ള അന്ധവിശ്വാസ വിരുദ്ധ നിയമമാണ് പരിഗണിക്കുന്നത്. ഇതിലേക്കുള്ള നിർദേശങ്ങൾക്കായി വിദഗ്ധ സമിതി മൂന്നുതവണ യോഗം ചേർന്നെന്നും സർക്കാർ വകുപ്പുകൾ, പൊതുസമൂഹം എന്നിവരിൽനിന്ന് അഭിപ്രായം തേടേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിയമോപദേശം വേണ്ടതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
എന്നാൽ, അഭിപ്രായ രൂപവത്കരണവും സമിതി നിയോഗിക്കലും മാത്രമാണ് വർഷങ്ങളായി നടക്കുന്നതെന്നും ഇതിനിടയിൽ കുറ്റകൃത്യങ്ങൾ പലയിടത്തും നടക്കുന്നതായും കോടതി വിമർശിച്ചു. തുടർന്നാണ് ഭാരതീയ ന്യായ സംഹിത, ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് തുടങ്ങി നിലവിലുള്ള നിയമങ്ങൾ പ്രകാരം കേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷൽ സെൽ പരിഗണിക്കാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.