ലോക്സഭ തെരഞ്ഞെടുപ്പിൽ നാല് സീറ്റ് ലക്ഷ്യം; ‘മിഷൻ ’29’മായി ബി.ജെ.പി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ട് തിരിമറി വിവാദങ്ങൾ അവഗണിക്കാനും ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാനും കേരള ബി.ജെ.പിയുടെ തീരുമാനം. കഴിഞ്ഞദിവസം ചേർന്ന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. അനാവശ്യ വിവാദമാണ് ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്നത്. പൊതുജനമധ്യത്തിൽ ബി.ജെ.പിയുടെ മുന്നേറ്റത്തെ ഇടിച്ചുകാണിക്കാനുള്ള ബോധപൂർവ ശ്രമമാണ് ഇതിന് പിന്നിലെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ യോഗത്തിൽ വ്യക്തമാക്കി.

മാധ്യമങ്ങളിലൂടെ ക്രമക്കേട് വാർത്തകൾ നിരന്തരം പുറത്തുവന്നതിൽ അധ്യക്ഷൻ കടുത്ത അതൃപ്തിയിലാണ്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ചില നേതാക്കളെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലും നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. മാനഹാനിയുണ്ടായ നേതാക്കൾക്ക് സ്വന്തം നിലക്ക് നിയമനടപടി സ്വീകരിക്കാമെന്നും പാർട്ടി അതിനുള്ള സഹായം ലഭ്യമാക്കുമെന്നും പ്രസിഡന്‍റ് ഉറപ്പുനൽകി.

ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കാര്യമായ ചർച്ചകളൊന്നും യോഗത്തിലുണ്ടായില്ല. പ്രസിഡന്‍റ് കാര്യങ്ങൾ വിശദീകരിക്കുക മാത്രമാണ് ചെയ്തത്. ഫണ്ട് ക്രമക്കേട് ഇനി ചർച്ചയാക്കേണ്ടതില്ലെന്ന മുന്നറിയിപ്പും നേതൃത്വം നൽകി. കോർ കമ്മിറ്റിയും നേതൃയോഗവുമെല്ലാം വിളിച്ച് ഫണ്ട് ക്രമക്കേട് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന ഒരു വിഭാഗത്തിന്‍റെ ആവശ്യം തള്ളി. പ്രധാന ഭാരവാഹികളുടെ യോഗം മാത്രമാണ് കഴിഞ്ഞദിവസം വിളിച്ചുചേർത്തത്.

ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘മിഷൻ ’29’മായി മുന്നോട്ടുപോകും. സ്ഥാനാർഥികളെയും മണ്ഡല ചുമതലക്കാരെയും നേരത്തെ തന്നെ നിശ്ചയിച്ച് പ്രവർത്തനങ്ങൾ തുടരാനാണ് തീരുമാനം. ലോക്സഭ സീറ്റുകളുടെ എണ്ണം 20 തന്നെയാണെങ്കിൽ നാല് സീറ്റ് വരെ ജയിക്കണമെന്നാണ് നിർദേശം. തൃശൂർ നിലനിർത്തുന്നതിന് പുറമെ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട എന്നീ മണ്ഡലങ്ങളാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിൽ കെ. സുരേന്ദ്രൻ, തൃശൂരിൽ സുരേഷ് ഗോപി, പത്തനംതിട്ടയിൽ അനൂപ് ആന്‍റണി എന്നിവരെ സ്ഥാനാർഥിയാക്കുന്നതിലാണ് പ്രഥമ പരിഗണന.

Tags:    
News Summary - ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം; ‘മിഷൻ ’29’മായി ബി.ജെ.പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.