ലീഗിന്റെ ‘തക്ക സമയത്തെ യുക്തമായ തീരുമാനം’ ഇന്ന്; വിയർക്കാതെ പാർലമെന്റിലെത്താൻ മോഹവുമായി ഒട്ടേറെ പേർ

മലപ്പുറം: ലീഗിന്റെ കാര്യത്തിൽ പണ്ടേ പറഞ്ഞു പതിഞ്ഞ പ്രയോഗമാണ് ‘തക്ക സമയത്ത് തങ്ങൾ യുക്തമായ തീരുമാനം പറയു’മെന്നത്. നിർണായകഘട്ടങ്ങളിലെ അന്തിമ വാക്ക് പാണക്കാട് തങ്ങളുടെതായിരിക്കും എന്നാണ് അതിന്റെ പൊരുൾ. ലീഗിന് ഇന്ന് അങ്ങനെയൊരു ദിനമാണ്.

കോൺഗ്രസുമായി മുസ്‍ലിം ലീഗിന്റെ മൂന്നാംസീറ്റിനായുള്ള ‘കടിപിടി’ക്കൊടുവിൽ ഇന്ന് പാർലമെന്റ് സ്ഥാനാർഥികളെ പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിക്കും. മൂന്നാം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള യോഗം ലീഗിന് ഇത്തവണയുമില്ല. ആ വിഷമം തീർക്കാൻ ജൂണിൽ ലഭിക്കുമെന്ന് ഉറപ്പുള്ള രാജ്യസഭസീറ്റിൽ ആരായിരിക്കും മത്സരിക്കുക എന്ന് ഈ ദിനത്തിൽ തന്നെ പ്രഖ്യാപിക്കുന്നതിനെ കുറിച്ചും ലീഗിൽ തലപുകഞ്ഞ ആലോചനയാണ്. കഴിഞ്ഞ രണ്ട് ദിവസമായി അതാണ് ലീഗിനകത്തെ ചുടുള്ള ചർച്ച.

മലപ്പുറം, പൊന്നാനി സീറ്റുകളിൽ സ്ഥാനാർഥികൾ ആരായിരിക്കുമെന്ന കാര്യത്തിൽ വലിയ കൺഫ്യൂഷനുകളൊന്നുമില്ലായിരുന്നു കഴിഞ്ഞ ആഴ്ച വരെ. ഞായറാഴ്ച ആലുവ പാലസിൽ കോൺഗ്രസുമായി നടന്ന തൃപ്തികരവും പോസിറ്റീവുമായ ‘മൽപിടിത്തത്തി’നൊടുവിൽ രാജ്യ സഭസീറ്റ് കിട്ടിയതോടെ ചർച്ച വഴിമാറി. ആ സീറ്റിലേക്ക് ആരെ പറഞ്ഞയക്കണമെന്ന ചർച്ചകളുടെ പൊടിപൂരമാണ് പാർട്ടിക്കുള്ളിൽ.

വിയർക്കാതെ പാർലമെന്റിൽ എത്താനുള്ള മോഹവുമായി ഒട്ടേറെ പേരുണ്ട്. മനസിൽ ലഡു പൊട്ടിയത് ചോട്ട നേതാക്കൾക്കു മുതൽ പാർട്ടി ജനറൽ സെക്രട്ടറിക്ക് വരെയെന്ന് പിന്നാമ്പുറവർത്തമാനം. മാധ്യമങ്ങളുടെ സാധ്യതാപട്ടികയിൽ കയറിപ്പറ്റാനുള്ള തിടുക്കവുമായി കുറെ പേർ. ‘തന്റെ പേര് രാജ്യസഭയിലേക്ക് നിർദേശിച്ചു എന്ന്’ താൻ തന്നെ പ്രചരിപ്പിക്കുന്ന നേതാക്കളുമുണ്ട്. യൂത്തിൽ സംസ്ഥാന കമ്മിറ്റിയുടെ പിന്തുണയുള്ളവരും ഇല്ലാത്തവരുമുണ്ട്. പിന്തുണയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള നാടകങ്ങൾ ഒരു ഭാഗത്ത്.

സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ തലേന്നായ ഇന്നലെ രാവിലെ മുതൽ സാദിഖലി തങ്ങളെ കാണാൻ പാണക്കാട്ട് നേതാക്കളുടെ തിരക്കായിരുന്നു. രാവിലെ പത്ത് മണിയോടെ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും ആദ്യം തങ്ങളുമായി ചർച്ചക്കെത്തി. യൂത്ത് ലീഗിന്റെ താൽപര്യം അറിയിക്കാൻ പിന്നാലെ സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങളുമെത്തി. അത് കഴിയുമ്പോഴേക്കുമെത്തിയത് പി.കെ. ഫിറോസും അഡ്വ. വി.കെ. ഫൈസൽ ബാബുവുമടക്കമുള്ള യുവനേതാക്കൾ.

കൂടിക്കാഴ്ചകളുടെയും ഫോൺവിളികളുടെയും പകൽ ആയിരുന്നു പാണക്കാട്ടിന്നലെ. ഇന്നാണ് നേതൃയോഗം. യോഗാനന്തരം തങ്ങൾ യുക്തമായ തീരുമാനം പറയും ആരെല്ലാം, എവിടെയെല്ലാം മത്സരിക്കുമെന്ന്.

Tags:    
News Summary - lok sabha elections 2024: Muslim League -IUML- to announce candidates today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.