പ്രതീകാത്മക ചിത്രം
പട്ടിക്കാട്(മലപ്പുറം): മണ്ണാർമല ഗ്രാമത്തെ ആശങ്കയിലാക്കി ജനവാസമേഖലയിൽ വീണ്ടും പുലികളെത്തിയായി നാട്ടുകാർ. ആലുങ്ങൽ കോരോത്തുപാറ നഗറിന് സമീപമാണ് രണ്ട് പുലികളെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്.
വെള്ളിയാഴ്ച രാവിലെ എട്ടിന് സമീപത്തെ കുന്നിൻപുറത്ത് രണ്ട് പുലികളെയും പത്ത് മണിയോടെ വീടിന് തൊട്ടടുത്ത് ഒന്നിനെയുമാണ് കണ്ടത്. ശനിയാഴ്ചയും പ്രദേശത്ത് പുലിയെ കണ്ടതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി അറിയിച്ചതിനെ തുടർന്ന് നിലമ്പൂർ സൗത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ജി. ധനിക് ലാൽ സ്ഥലം സന്ദർശിച്ചു. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ പതിഞ്ഞ ഭാഗങ്ങളിൽ പരിശോധന നടത്തി.
പ്രദേശത്ത് കെണി സ്ഥാപിക്കുമെന്ന് ഡി.എഫ്.ഒ ‘മാധ്യമ’ത്തോട് പറഞ്ഞു. ശനിയാഴ്ച കോരോത്തുപാറ നഗർ പ്രദേശത്ത് കാമറയും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച മണ്ണാർമല മാട് റോഡ് ഭാഗത്ത് പുള്ളിപ്പുലി സി.സി ടി.വി കാമറയിൽ പതിഞ്ഞിരുന്നു. ഇവിടന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരം മാത്രമേ കോരോത്തുപാറ പ്രദേശത്തേക്കുള്ളൂ. മാട് റോഡ് ഭാഗത്ത് സ്ഥാപിച്ച കെണിക്ക് പുറമെയാണ് പുതിയ കെണികൂടി സ്ഥാപിക്കുക. കോരോത്തുപാറയിൽ നാല് ആർ.ആർ.ടി അംഗങ്ങളുടെ കാവലേർപ്പെടുത്തുകയും രണ്ട് കാമറ കൂടി സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
നഗരസഭ ചെയർമാൻ പി. ഷാജി, വാർഡ് അംഗങ്ങളായ കെ. മുഹമ്മദ് ഫിറോസ്, എം. ഹംസക്കുട്ടി, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.പി. നജ്മുദ്ദീൻ, കെ. ബഷീർ, സി.പി. റഷീദ് എന്നിവർ അധികൃതർക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞദിവസം വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എം. മുസ്തഫ, വാർഡ് അംഗങ്ങളായ ഹൈദർ തോരപ്പ, ജസ്ന എന്നിവരും സ്ഥലം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.