അഭിനവ് മത്സരത്തിനിടെ

വീണ്ടുമൊരു കായികമേളക്കാലം; മെഡൽവേട്ടക്കാരനായ ഈ ആദിവാസി വിദ്യാർഥി പഠനം തുടരാനാകാതെ ദുരിതത്തിൽ

വെള്ളമുണ്ട: സ്കൂളുകളിൽ വീണ്ടും കായികമേളകളുടെ കാഹളം ഉയരുകയാണ്. എന്നാൽ കഴിഞ്ഞ മേളകളിലെ ഒരു മിന്നുംതാരം ആരാലും സഹായിക്കാനില്ലാതെ ദുരിതജീവിതത്തിലാണ്. കഴിഞ്ഞ വർഷത്തെ ജില്ലതല കായികമേളയിൽ സംസ്ഥാനതലത്തിൽ ജില്ലയുടെ അഭിമാനം ഉയർത്തിയ ആദിവാസി വിഭാഗത്തിലെ കായിക താരമാണ് ശ്രദ്ധിക്കാനാളില്ലാതെ പഠനം ഉപേക്ഷിച്ച് വീട്ടിലിരിക്കുന്നത്. മാനന്തവാടി അഗ്രഹാരം ഉന്നതിയിലെ പണിയ വിഭാഗത്തിൽപ്പെട്ട സംസ്ഥാന കായിക താരമായ എ.എം. അഭിനവിനാണ് ഈ ദുർഗതി. മെഡൽ നേടിക്കൊടുത്ത വിദ്യാലയത്തിൽ അർഹതയുണ്ടായിട്ടും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാതെ വന്നതോടെയാണ് അഭിനവ് ഇപ്പോൾ കൂലിപ്പണിക്ക് പോകുന്നത്.

എല്ലാവരും ഫൈബർ നിർമിത പോൾവാൾട്ടിൽ ചാടുമ്പോൾ സ്കൂൾ പരിസരത്തുനിന്ന് വെട്ടിയെടുത്ത മുള ഉപയോഗിച്ച് മത്സരിക്കാൻ എത്തിയ അഭിനവ് മികച്ച വിജയം നേടുകയും മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തതാണ്. തുടർന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ ഒ.ആർ. കേളു അഭിനവിന് ഫൈബർ പോൾവാൾട്ട് നൽകി. മാനന്തവാടി ജി.വി.എച്ച്.എസിലെ വിദ്യാർഥിയായിരുന്ന അഭിനവ് കഴിഞ്ഞവർഷത്തെ സംസ്ഥാന കായികമേളയിലാണ് വയനാടിനായി നാലാം സ്ഥാനം നേടിയത്.

കലാമേളയിലും തിളങ്ങി. സംസ്ഥാന കലാമേളയിൽ മംഗലം കളിയിൽ ഒന്നാം സ്ഥാനവും നാടൻപാട്ടിൽ മികച്ച വിജയവും നേടി സ്‌കൂളിനും നാടിനും അഭിമാനമായി.സംസ്ഥാനതല വിജയിയായ ആദിവാസി വിദ്യാർഥികൾക്ക് അവർ പറയുന്ന വിദ്യാലയങ്ങളിൽ പ്ലസ് വണിന് സീറ്റ് കൊടുക്കണമെന്നാണ് ചട്ടമെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. മാനന്തവാടി ജി.വി.എച്ച്.എസ്.എസിൽ തുടർന്ന് പഠിക്കാൻ അഭിനവ് അപേക്ഷിച്ചെങ്കിലും പയ്യംമ്പള്ളി സ്‌കൂളിൽ സയൻസിലാണ് പ്രവേശനം ലഭിച്ചത്. സയൻസ് വിഷയം പഠിക്കാനാവില്ലെന്നും മാനന്തവാടിയിൽ കൊമേഴ്‌സിൽ പ്രവേശനം മതിയെന്നും അഭിനവ് അറിയിച്ചിട്ടും കൊടുക്കാൻ അധികൃതർ തയാറായില്ലെന്നാണ് പരാതി. ക്ലാസ് തുടങ്ങി മൂന്നുമാസം പിന്നിടുമ്പോൾ ഒരു ദിവസം മാത്രമാണ് ഈ വിദ്യാർഥി വിദ്യാലയത്തിൽ പോയത്. എന്നാൽ, എന്തുകൊണ്ട് പഠനം നിർത്തി എന്ന് അന്വേഷിച്ച് ട്രൈബൽ വകുപ്പ് അധികൃതരും ഈ മിടുക്കനെ ബന്ധപ്പെട്ടിട്ടില്ല.

സീറ്റ് കിട്ടാത്തവരും മാറ്റം ആഗ്രഹിക്കുന്നവരുമായ ആദിവാസി വിദ്യാർഥികളെ ചേർക്കുന്നതിനായി സീറ്റ് വർധിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങിയിരുന്നെങ്കിലും അതും അഭിനവിന് ഗുണംചെയ്തില്ല. ക്ലാസിൽ ഇരിക്കാൻ സ്ഥലമില്ലെന്ന കാരണം പറഞ്ഞാണ് കൊമേഴ്സിന് സീറ്റ് നൽകാതെ സ്‌കൂളിന് മെഡൽ വാങ്ങികൊടുത്ത വിദ്യാർഥിയെ അതേ വിദ്യാലയംതന്നെ മാറ്റി നിർത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജില്ലതല ജൂനിയർ മീറ്റിൽ അഭിനവ് പങ്കെടുക്കുകയും സംസ്ഥാന മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 30നാണ് ഉപജില്ലതല സ്കൂൾ കായികമേള. ഇതിന് മുൻപെങ്കിലും അധികൃതർ ഇടപെട്ട് തിരിച്ച് സ്കൂളിൽ എത്തിച്ചിട്ടില്ലെങ്കിൽ മിടുക്കനായ ഈ കായിക താരത്തിന്റെ ഭാവി ഇരുളടം. എന്നത്തേക്കുമായി ഈ ബാലന്റെ വിദ്യാഭ്യാസത്തിനും താഴുവീഴും.

Tags:    
News Summary - Another Sports Meet Season; This Medal-Winning Tribal Student Quit Studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.