കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് അടുത്ത ആഴ്ച മുതൽ വയനാട് വന്യജീവി കേന്ദ്രത്തിലൂടെ രാത്രികാല വനയാത്ര സംഘടിപ്പിക്കുവാനുള്ള തീരുമാനം നിയമവിരുദ്ധവും മനുഷ്യ - വന്യജീവി സംഘർഷം വർധിപ്പിക്കുന്നതുമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. കഴിഞ്ഞ ജൂൺ മൂന്നാം തീയതിയാലെ സുപ്രീം കോടതി വിധിയനുസരിച്ച് വയനാട് വന്യജീവി കേന്ദ്രത്തിൽ നിലവിൽ വന്ന ഒരു കിലോമീറ്റർ പരിസ്ഥിതി ദുർബല മേഖലയുടെ ഉള്ളിലാണ് രാത്രികാല സഫാരി നടത്താൻ പോകുന്നത്. തീരുമാനം പുന:പരിശോധിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
പ്രത്യേകം തയ്യാറാക്കിയ രണ്ടുബസ്സുകളിൽ 300 രൂപ ഫീസ് ഈടാക്കിയാണ് സഫാരി നടത്തുന്നത്. വനം വകുപ്പിനു പോലും ടൂറിസം പ്രൊജക്ടുകൾ നേരിട്ട് നടത്താൻ നിയമം അനുവദിക്കുന്നില്ലെന്ന് സമിതി ചൂണ്ടികാട്ടി. ഇക്കോ ഡവലപ്പ്മെന്റ് കമ്മറ്റികൾ (ഇ.ഡി.സി) മുഖാന്തിരമേ വനം വകുപ്പിന് ടൂറിസം പദ്ധതി നടത്താൻ അനുമതിയുള്ളൂ. നിലവിലുളള വർക്കിംഗ് പ്ലാനിൽ ഉൾപ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെ മാത്രമെ ടൂറിസം സംരഭങ്ങൾ അനുവദനീയമാകൂ. ടൂറിസം ഒരു വനേതര പ്രവർത്തിയാണെന്ന കേരള ഹൈക്കോടതി വിധി നിലവിലുണ്ട്.
കെ.എസ്.ആർ.ടി.സി അധികൃതർ പ്രസിദ്ധീകരിച്ച വിവരം അനുസരിച്ച് രാത്രി 9 ന് ബത്തേരിയിൽ നിന്നും തുടങ്ങി നാഷണൽ ഹൈവേ 766 ലൂടെ പൊൻകുഴിയിലെത്തി തിരികെ മൂലങ്കാവിൽ വന്ന് വളളുവാടി, കരിപ്പൂർ, വടക്കനാട് വഴി ബത്തേരി - പുല്പള്ളി റോഡിൽ ഇരുളം വരെ പോകുന്ന 60 കിലോമീറ്റർ ദൈർഘ്യത്തിലുള്ള സഫാരിയാണ് ആസൂത്രണം ചെയ്തിരികുന്നത്. ഈ റൂട്ടിൽ 30 കിലോമീറ്റർ ഇരുഭാഗവും വനവും ബാക്കി വനത്താൽ ചുറ്റപ്പെട്ട വനയോരങ്ങളുമാണ്.
നിലവിൽ നാഷണൽ ഹൈവെ 766 ൽ കേരള അതിർത്തി വരെ രാത്രി 9 മണി മുതൽ കാലത്ത് 6 മണി വരെയുള്ള വാഹനഗതാഗതം സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട്. കേരള ബോർഡറിൽ നിന്നും 5 കിലോമീറ്റർ ഇപ്പുറത്തുള്ള മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും രാത്രി 9 മണിക്ക് ശേഷം ആ പ്രദേശത്തെ രണ്ടു ഗ്രാമങ്ങളിലെ താമസക്കാരുടേത് ഒകെഴിയുള്ള വാഹനങ്ങൾ പൊൻകുഴി ഭാഗത്തേക്ക് ഇപ്പോൾ പ്രവേശിപ്പിക്കാറില്ല. വന്യജീവികളുടെ റോഡ് മരണങ്ങളിൽ ഭൂരിഭാഗവും രാത്രി 9 മണിക്കും കാലത്ത് 6 മണിക്കും ഇടയിൽ നടക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നതു കൊണ്ടാണ് സുപ്രീം കോടതി ഈ സമയങ്ങളിൽ ഗതാഗതം നിരോധിച്ചത്. ഈ സമയത്തു തന്നെയാണ് കെ.എസ്.ആർ.ടി.സിയുടെ സഫാരി ടൂറിസവും.
വയനാട്ടിൽ ഏറ്റവും അധികം മനുഷ്യ - വന്യജീവി സംഘർഷം നിലനിൽക്കുന്ന ഗ്രാമങ്ങളിലൂടെയാണ് രാത്രി സഫാരി ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിലുള്ള വന്യജീവി സംഘർഷം രൂക്ഷമാക്കാൻ പുതിയ സംരംഭം കാരണമാകും.
മുത്തങ്ങയിൽ ഇപ്പോൾ നല്ല നിലയിൽ നടന്നുകൊണ്ടിരിക്കുന്ന ഇക്കോ ടൂറിസം കെ.എസ്.ആർ.ടി.സി പദ്ധതി വരുന്നതോടെ അവസാനിപ്പിക്കേണ്ടിവരും. ആദിവാസികളെയും പ്രാദേശിക തൊഴിൽ സാധ്യതയെയും ഇത് ഗുരുതരമായി ബാധിക്കും. സർക്കാർ തന്നെ രാത്രി കാല സഫാരി തുടങ്ങുന്നതോടെ വനമേഖലയിലെ റിസോർട്ടുകളും ഇത് തുടങ്ങുമെന്നും യനാട് പ്രകൃതി സംരക്ഷണ സമിതി ചൂണ്ടികാട്ടി.
പദ്ധതിയിൽ നിന്ന് പിൻവാങ്ങണമെന്ന് പ്രസിഡണ്ട് ബാദുഷ എൻ, സെക്രട്ടറി തോമസ് അമ്പലവയൽ, ഖജാഞ്ചി ബാബു മൈലമ്പാടി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.