വയനാട് മെഡിക്കല്‍ കോളജില്‍ ജീപ് അപകടത്തില്‍
പരിക്കേറ്റ ഡ്രൈവർ മണിയെ
മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിക്കുന്നു
മാനന്തവാടി: രാവിലെ യാത്ര പറഞ്ഞ് ഉപജീവനമാർഗമായ തേയിലത്തോട്ടത്തിൽ ഇല നുള്ളാൻ പോയ അമ്മമാർ കാത്തിരുന്നവർക്ക് മുമ്പിൽ നിശ്ചലമായി കിടന്നു. അപകട വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ, മുന്നിൽ കിടക്കുന്നത് തങ്ങളുടെ ആരുമാവരുതേ എന്ന പ്രാർഥനയോടെയാണ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിയത്. മൃതദേഹങ്ങൾ മൂടിയ വെള്ളത്തുണിമാറ്റുമ്പോൾ പലർക്കും മരിച്ചത് തങ്ങളുടെ ആരാണെന്ന് തിരിച്ചറിയാൻ പോലും പ്രയാസമനുഭവപ്പെട്ടു.
തലക്കാണ് അപകടത്തിപ്പെട്ടവർക്ക് ഗുരുതര പരിക്കേറ്റത്. അഞ്ചു വർഷത്തോളമായി മക്കിമല ആറാംനമ്പർ സ്വദേശികളായ ഇവർ ഒരുമിച്ചാണ് തൊഴിൽ എടുക്കാൻ പോകുന്നത്. തേയിലനുള്ളി ഉപജീവനം നടത്തിയിരുന്ന സാധാരണക്കാരായ തോട്ടം തൊഴിലാളികളാണിവർ. മരിച്ചവരെല്ലാം കുടുംബത്തിന്റെ അത്താണികള്‍ കൂടിയാണ്. മക്കിമലയിൽ ജീപ്പെത്തി ഇവരെ തൊഴിലിടമായ കമ്പമലയിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. 14 പേരാണ് അപകട സമയത്ത് ജീപ്പിലുണ്ടായിരുന്നത്.
മാനന്തവാടി: കണ്ണോത്തുമലയില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്യും. മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുക. നേരത്തേ ഇന്‍ക്വസ്റ്റ് നടപടികളും ഇത്തരത്തിലാണ് പൂര്‍ത്തിയാക്കിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മക്കിമല സ്കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും. മാനന്തവാടി താലൂക്കില്‍ ഓണാഘോഷങ്ങളും മറ്റ് ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു.
മാനന്തവാടി: കണ്ണോത്ത് മല വാഹനാപകടത്തിൽ പരിക്കേറ്റവരെ മന്ത്രി അഹമ്മദ് ദേവർകോവിൽ വയനാട് മെഡിക്കൽ കോളജിൽ സന്ദർശിച്ചു. ദാരുണമായ വാഹനാപകടം കേരളത്തിന്റെ ദുഃഖമാണെന്ന് മന്ത്രി പറഞ്ഞു. വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.