മാനന്തവാടി മെഡിക്കൽ കോളജിൽ മന്ത്രി ഒ.ആർ. കേളു സി.ടി സ്കാൻ യൂനിറ്റ് ഉദ്ഘാടനം ചെയ്തപ്പോൾ
മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തന സജ്ജമായ സി.ടി സ്കാന്‍, നവീകരിച്ച ഡയാലിസിസ് യൂനിറ്റ്, 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റര്‍, പ്രസവവിഭാഗത്തിന്റെ നവീകരണം മുതലായ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ഒ.ആർ. കേളു നിര്‍വഹിച്ചു.
മെഡിക്കല്‍ കോളജിനായി കണ്ടെത്തിയ അമ്പുകുത്തിയിലെ 28 ഏക്കര്‍ ഭൂമി കൈമാറ്റം നടന്ന ഉടന്‍ കെട്ടിടം നിർമിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വനം വകുപ്പിന് പകരം ഭൂമി കൈമാറി. മെഡിക്കല്‍ കോളജ് അക്കാദമിക്ക് ബ്ലോക്ക് നിർമാണത്തിനായി 350 കോടി നീക്കിവച്ചു. ആധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ഘട്ടംഘട്ടമായി മെഡിക്കല്‍ കോളജിന്റെ സേവനങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിലവിലുള്ള നബാര്‍ഡ് ബില്‍ഡിങില്‍ പുതിയ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. ധനകാര്യ കമീഷന് ഫണ്ടില്‍നിന്നുള്ള 43.9 ലക്ഷം രൂപ വിനിയോഗിച്ച് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി ഡയാലിസിസ് യൂനിറ്റ് സജ്ജമാക്കി.
കാലപ്പഴക്കംമൂലം പ്രവര്‍ത്തനരഹിതമായിരുന്ന സി.ടി സ്കാന്‍ മെഷീന് പകരമായി നാല് കോടി രൂപ ചെലവഴിച്ച് പുതിയ അത്യാധുനിക സി.ടി സ്കാന്‍ മെഷീന് സ്ഥാപിച്ചു. ഓര്‍ത്തോപീഡിക് ഓപറേഷന് തിയറ്റര്‍ കൂടുതല്‍ ആധുനികമാക്കുന്നതിനായി 27 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സി-ആം മെഷീന് സ്ഥാപിച്ചു. 14 ലക്ഷം രൂപ ചെലവഴിച്ച് പുതിയ എക്സ്-റേ മെഷീന് ഒ.പി ബ്ലോക്കില്‍ സ്ഥാപിക്കുകയും വയനാട് പാക്കേജില്‍ നിന്ന് ഏഴ് ലക്ഷം രൂപ വിനിയോഗിച്ച് അതിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. വയനാട് പാക്കേജില്‍നിന്ന് ഒരു കോടി വിനിയോഗിച്ച് സര്‍ജറി ഓപറേഷന് തിയറ്റര്‍ വിഭാഗത്തിലേക്ക് അത്യാധുനിക ലാപറോസ്കോപിക് സെറ്റ് വാങ്ങി. ഇതോടെ താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ കൂടുതല്‍ ആധുനിക സംവിധാനങ്ങളോടെ നടത്താന്‍ സാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. തിമിര ശസ്ത്രക്രിയ വിഭാഗത്തിനായി ആസ്പിരേഷന്‍ ഡിസ്ട്രിക്റ്റ് ഫണ്ടിന്റെ സഹായത്തോടെ അത്യാധുനിക സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
മാനന്തവാടി നഗരസഭ ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് പി.വി.എസ്. മൂസ, കലക്ടര്‍ ഡി.ആര്. മേഘശ്രീ, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ടി. രേഖ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ഡോ. പി.ഡി. ബെന്നി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. റഫീഖ്, പി.കെ. ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.