പുൽപള്ളി-സുൽത്താൻ ബത്തേരി റോഡുപണിയുടെ ഭാഗമായി താഴെ അങ്ങാടിയിൽ കലുങ്ക് പുനർനിർമിക്കുന്നു
പുൽപള്ളി: പുൽപള്ളി-സുൽത്താൻ ബത്തേരി റോഡുപണി നിശ്ചലാവസ്ഥയിൽ. റോഡുപണിയുടെ ഭാഗമായി പുൽപള്ളി താഴെ അങ്ങാടിയിൽ കലുങ്ക് പുനർനിർമിക്കുന്ന പ്രവൃത്തിയും നിലച്ചു. ഇതോടെ, ഈ വഴി യാത്ര ചെയ്യുന്നവർക്ക് അപകട ഭീഷണിയുമുണ്ട്.
കലുങ്ക് പ്രവൃത്തികളുടെ ഭാഗമായി റോഡിൽ വൻ കുഴിയാണുള്ളത്. ഇതിന് ചുറ്റും ശരിയായ രൂപത്തിൽ സുരക്ഷാവേലികളും സ്ഥാപിച്ചിട്ടില്ല. യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കലുങ്കുപണിക്കായി റോഡ് പൊളിച്ചത്. മൂന്നോ നാലോ ടാർ വീപ്പ വൻ ഗർത്തത്തോട് ചേർന്ന് വെച്ചതല്ലാതെ മറ്റൊരു സുരക്ഷയും ഒരുക്കിയിട്ടില്ല. ഈ ഭാഗത്തുകൂടി യാത്ര ചെയ്യുന്നവർ ശ്രദ്ധിച്ച് പോയില്ലെങ്കിൽ കുഴിയിൽ വീഴും.
പെരിക്കല്ലൂർ മുതൽ ബത്തേരി വരെ റോഡുപണിക്കായി 18 കോടി രൂപയാണ് അനുവദിച്ചത്. നാലുമാസം മുമ്പ് തുടങ്ങിയ പ്രവൃത്തി ഇഴഞ്ഞാണ് നീങ്ങിയത്. പെരിക്കല്ലൂർ മുതൽ പുൽപള്ളി വരെ റോഡുപണി പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, ചീയമ്പം എത്തിയപ്പോഴേക്കും പണികൾ പൂർണമായും നിലച്ചിരിക്കുകയാണ്. തകർന്നുകിടക്കുന്ന റോഡിന്റെ ഭാഗങ്ങൾ ജോലിക്കാർ പൊളിച്ചിട്ടിരിക്കുകയാണ്.
ഈ ഭാഗത്തുകൂടി യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. തുടർജോലികൾ ആരംഭിക്കാത്തതിനെ കുറിച്ച് പൊതുമരാമത്ത് വകുപ്പിനും മിണ്ടാട്ടമില്ല. റോഡുപണിയിൽ ക്രമക്കേടുകൾ ഉണ്ടോ എന്നറിയാൻ ഈയിടെ വിജിലൻസ് വിഭാഗമടക്കം പരിശോധനയും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.