വൈത്തിരി: തോട്ടഭൂമി തുണ്ടുവത്കരിച്ചതിന്റെ പേരിൽ മിച്ചഭൂമിയായി പ്രഖ്യാപിച്ച വൈത്തിരി മേഖലയിലെ സ്ഥലങ്ങൾക്ക് ഭൂ നിയമം 7ഇ നടപ്പിലാക്കി ലാൻഡ് ബോർഡ് കമ്മീഷൻ വിധി. ഇത് പ്രകാരം ഉടമകൾക്ക് സ്ഥലം ഇപ്പോൾ സ്വന്തമാവുകയും ക്രയവിക്രയങ്ങൾ നടത്താനും നിർമാണ പ്രവർത്തനങ്ങൾ നടത്താനും അനുമതിയാവുകയും ചെയ്തു. മുന്നൂറിലധികം കുടുംബങ്ങളെ ഭീതിയിലാക്കി 2016ലാണ് മിച്ചഭൂമിയാക്കിയ സർക്കാർ ഉത്തരവ് ഇറങ്ങിയത്. കോഴിക്കോട് ചേവായൂർ സ്വദേശി തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മുറിച്ചുവിറ്റത്‌ മരവിപ്പിക്കുകയും മിച്ചഭൂമിയായി പ്രഖ്യാപിക്കുകയുമായിരുന്നു ജില്ലയിലെ റവന്യു വകുപ്പ്.

മുപ്പതും അതിലധികവും വർഷങ്ങളായി വീടുവെച്ചും മറ്റും താമസിക്കുന്ന വൈത്തിരി പ്രദേശവാസികൾ തങ്ങളുടെ സ്ഥലം ക്രയവിക്രയം നടത്താനോ നിർമാണപ്രവർത്തനങ്ങൾ നടത്തുവാനോ കഴയാതെ ഏറെ ഭീതിയിലായിരുന്നു കഴിഞ്ഞിരുന്നത്. ഹൈസ്‌കൂൾ റോഡ്‌, കച്ചേരിപ്പാറ, ആശുപത്രിക്കുന്ന്, പഴയ വൈത്തിരി എന്നിവിടങ്ങളിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഉത്തരവ് വന്നതിനു ശേഷം വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയത്.

എന്നിട്ടും നീതി ലഭിക്കാതെ വന്നതോടെയാണ് ഇവർ കേസുമായി മുന്നോട്ടുപോയത്. ചായത്തോട്ടം മേഖലയായിരുന്ന ഭൂമി തുണ്ടമാക്കി കൃഷിഭൂമിയല്ലാതാക്കുകയും അനധികൃതമായി കെട്ടിടങ്ങൾ ഉണ്ടാക്കുകയും ചെയ്തതിനാൽ ഭൂമി 1963ലെ കെ.എൽ.ആർ നിയമപ്രകാരം തുണ്ടുവത്കരിക്കപ്പെടുകയും തരംമാറ്റം വരുത്തുകയും ചെയ്തതായി കണക്കാക്കുകയും തുടർകൈമാറ്റങ്ങൾ അടിയന്തര പ്രാധാന്യത്തോടെ തടയാനുമായിരുന്നു അന്നത്തെ സബ് കലക്ടർ ഉത്തരവിട്ടിരുന്നത്. കെ.എൽ.ആർ ആക്ട് പ്രകാരം ഈ ഭൂമി സർക്കാറിലേക്ക് കണ്ടുകെട്ടുമെന്ന മുന്നറിയിപ്പോടെ സബ് കാക്ടറുടെ ഓഫിസിൽ നിന്നും ഈ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് നോട്ടീസ് ലഭിച്ചിരുന്നു.

തുടർന്ന് ഇവിടെ താമസക്കാരായ കുടുംബങ്ങൾ ഒന്നിച്ചു കൂടുകയും ഭൂമി സംരക്ഷണ കമ്മിറ്റി രൂപീകരിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്നാണ് ലാൻഡ്ട്രിബ്യൂണൽ കേസ് പരിഗണിക്കുകയും സ്ഥലമുടമകളെ നിരവധി തവണ ഹിയറിങ്ങിനു വിളിക്കുകയും ചെയ്തത്. തുടർന്നാണ് 2005നു മുമ്പ് രജിസ്ട്രേഷൻ കഴിഞ്ഞവരുടെ ഭൂമി പൂർവസ്ഥിതിയിലേക്ക് നൽകുകയും ചെയ്ത് പുതിയ ഉത്തരവായത്. കഴിഞ്ഞ പത്തു വർഷമായി ഈ പ്രദേശത്തു താമസിക്കുന്ന കുടുംബങ്ങൾ തീ തിന്നു ജീവിക്കുന്നതിന് ഇതോടെ അറുതിയായി.

ഏകദേശം 60 വർഷം മുമ്പാണ് സ്ഥലം ജന്മിയായിരുന്ന ആർ.എം.ബി നായിഡുവിന്റെ ഉടമസ്ഥതയിൽ കുന്നത്തിടവക വില്ലേജിൽ 3, 4 സർവേകളിൽ വൈത്തിരിയുടെ വിവിധ ഭാഗങ്ങളിലായി നിലനിന്നിരുന്ന 330 ഏക്ര സ്ഥലത്തു നിന്നും കോഴിക്കോട് ചേവായൂർ സ്വദേശിയാണ് 89 ഏക്കർ ഭൂമി തോട്ടമായി നിലനിർത്താമെന്ന കരാറിൽ വിലകൊടുത്തു വാങ്ങുന്നത്. എന്നാൽ തുണ്ടുവത്കരിച്ചു കൂടിയ വിലക്ക് മറിച്ചുവിൽക്കുകയായിരുന്നു. വൈത്തിരിയിലും ചുറ്റുവട്ടത്തുമുള്ള നിരവധിയാളുകൾ വീടുവെക്കാനും മറ്റുമായി ഇതിൽ നിന്ന് സ്ഥലം വാങ്ങി.

സ്ഥലം വാങ്ങിയവരിൽ നല്ലൊരു പങ്കും വീട് വെക്കുകയും താമസമാക്കുകയും ചെയ്തു. വീട് വെച്ച് താമസമാക്കി 30 വർഷം കഴിഞ്ഞവരുമുണ്ട് ഇക്കൂട്ടത്തിൽ. വീടുകൾ കൂടുതലും ഉണ്ടാക്കിയത് ഹൈസ്‌കൂൾ റോഡിൽ വൈഎംസിഎക്കടുത്തുള്ള സ്ഥലത്തും പഴയ വൈത്തിരി ഭാഗത്തുമായിരുന്നു. സർക്കാർ ജീവനക്കാരും ബാങ്കുദ്യോഗസ്ഥരുമൊക്കെ വീട് വെച്ച് താമസിക്കുന്നുണ്ടെകിലും സാധാരണക്കാരാണ് ഇവിടെയുള്ളവരിലധികവും. സ്ഥലം വില്പന നടന്നത് നായിഡുവിന്റെ കൈയിൽ നിന്നും വാങ്ങി 20 വർഷം കഴിഞ്ഞാണ്. സ്ഥലം വാങ്ങിയവരിൽ ചിലർ മറിച്ചുവിൽക്കുകയും ഹോം സ്റ്റേയും വാടകക്കെട്ടിടങ്ങളും നിർമ്മിക്കുകയും ചെയ്തു.

ഇത്തരത്തിൽ 30 കൊല്ലങ്ങൾക്കു ശേഷമാണ് ഭൂമി തുണ്ടുവത്കരിച്ചു എന്നുപറഞ്ഞ് നടപടിയെടുത്തത്. പത്തു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ സ്ഥലം സ്വന്തമായി കിട്ടിയതിന്റെ ആശ്വാസത്തിലാണിേപ്പാൾ നാട്ടുകാർ. എന്നാൽ ഇതിൽ അമ്പതിലധികം പേർക്ക് 2007നു ശേഷമാണു രജിസ്റ്റർ ചെയ്തത് എന്നതിന്റെ അടിസ്ഥാനത്തിൽ അവരുടെ സ്ഥലങ്ങൾ ഇപ്പോഴും തിരിച്ചു നൽകിയിട്ടില്ല. ഭൂനിയമം 7ഇ പ്രകാരം 2006 വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്തവരുടെ ഭൂമിയാണ് ക്രമവത്കരിക്കപ്പെടാതെ പോയത്. ഇവർ പുതിയ വിധി വരുന്നതും കാത്തിരിപ്പാണ്. എന്നാൽ 2007നു ശേഷം രജിസ്റ്റർ ചെയ്ത ചിലർക്ക് വഴിവിട്ടു സ്ഥലം നൽകിയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Land Board implements Land Act 7E on 'surplus land'; relief for Vythiri residents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.