വൈത്തിരി (വയാനാട്): ദേശീയപാത പഴയ വൈത്തിരി കയറ്റത്തിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോയാത്രക്കാരായ മാതാപിതാക്കളും മകനും മരിച്ചു. ഓട്ടോ ഓടിച്ചിരുന്ന സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി മൂച്ചിയിൽ അറുമുഖന്റെ മകൻ നാരായണൻ എന്ന ബാബു (44), ഭാര്യ സിജി (40), മകൻ അബിൻ (15) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴു മണിക്കാണ് നാടിനെ നടുക്കിയ ദുരന്തം. തിരുവനന്തപുരത്തുനിന്നും മാനന്തവാടിയിലേക്കു വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടമുണ്ടാക്കിയത്.
നാരായണൻ സംഭവസ്ഥലത്തുവെച്ചും മറ്റു രണ്ടുപേർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. മകൻ എബിനെ ഡോക്ടറെ കാണിക്കാൻ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കുടുംബം. ബസ് തെറ്റായ ദിശയിൽ സഞ്ചരിച്ചാണ് അപകടമുണ്ടാക്കിയതെന്നു സമീപവാസികൾ പറഞ്ഞു. അപകടസമയത്ത് സ്ഥലത്ത് നല്ല കോടമഞ്ഞുണ്ടായിരുന്നു. വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ സുൽത്താൻ ബത്തേരിയിലെ സ്വദേശത്ത് സംസ്കരിച്ചു. ബാബുവിന്റെ മറ്റൊരു മകൻ: അഭിജിത്ത്.
അഛനും അമ്മയും സഹോദരനും മരണപ്പെട്ടതോടെ അഭിജിത്ത് തനിച്ചായി. മാനന്തവാടി ഗാരേജിലെ ബസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ സന്തോഷിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് വൈത്തിരി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.