വി.എസ് പറഞ്ഞു: വന്നത് ആയുധങ്ങൾ കാണാനല്ല, ആദിവാസികളെ കൊന്ന മുത്തങ്ങ കാണാൻ

കൽപറ്റ: 2003 ഫെബ്രുവരി 19. ഒരു തുണ്ട് ഭൂമിക്കുവേണ്ടി ആദിവാസികൾ നടത്തിയ ഐതിഹാസിക സമരത്തെ ഭരണകൂടം വെടിവെപ്പ് നടത്തി മൃഗീയമായി നേരിട്ട ദിവസം. പൊലീസിന്റെ വെടിയേറ്റ് ജോഗി എന്ന ആദിവാസി മരിച്ചു. സംഘർഷത്തിൽ ഒരു പൊലീസു​കാരനും. എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി, വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരം കേരളത്തെ പിടിച്ചുകുലുക്കി. കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധം അണപൊട്ടിയൊഴുകി. മുത്തങ്ങ വെടിവെപ്പിനു​ശേഷം വ്യാപകമായ ​ആദിവാസിവേട്ട നടന്നു.

സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡിലെ കടയിൽ കൈക്കുഞ്ഞുമായി ചായകുടിക്കാനെത്തിയ ആദിവാസി അമ്മമാരെയും പുരുഷന്മാരെയും വരെ പൊലീസ് ജീപ്പുകളിൽ കയറ്റി കൊണ്ടുപോയി. പിണറായി വിജയനായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി. ഭരണപക്ഷവും ഒരു​വേള സി.പി.എമ്മും അടക്കം ആദിവാസി ഭൂസമരത്തെ തള്ളിപ്പറയുന്ന രൂപത്തിലായി കാര്യങ്ങൾ. രണ്ടുദിവസം കഴിഞ്ഞായിരുന്നു വി.എസിന്റെ വരവ്. ഫെബ്രുവരി 22ന് രാവിലെ 11ഓടെ അദ്ദേഹം മുത്തങ്ങയിലെത്തി.

പിണറായി വിജയൻ, പി.കെ. ശ്രീമതി തുടങ്ങിയ നേതാക്കളുമുണ്ടായിരുന്നു അവിടെ. പോകുന്ന വഴി അന്നത്തെ ഡി.ഐ.ജി ശങ്കർ റെഡ്ഡി വി.എസിനെ തടഞ്ഞുനിർത്തി പറഞ്ഞു, ‘‘ആദിവാസികളിൽനിന്ന് പിടികൂടിയ ആയുധങ്ങൾ സൂക്ഷിച്ചുവെച്ചത് ഇവിടെയാണ്.’’ മറ്റു നേതാക്കൾ കത്തികളടക്കം ചില ആയുധങ്ങൾ വലിയ കാര്യത്തോടെ എടുത്തുനോക്കുന്നുണ്ടായിരുന്നു.

പക്ഷേ, വി.എസ് പൊലീസ് മേധാവിയെ രൂക്ഷമായി നോക്കി. എന്നിട്ട് സ്വതസ്സിദ്ധമായ ലൈയിൽ മുന്നറിയിപ്പെന്നോണം പറഞ്ഞു, ‘‘ഞാൻ ഇത് കാണാൻ വന്നതല്ല, ആദിവാസിക​ളെ വെടി​വെച്ചുകൊന്ന മുത്തങ്ങ കാണാൻ വന്നതാണ്...’ അതോടെ ചിത്രമാകെ മാറി. ആദിവാസികൾക്കെതിരെ രൂപപ്പെട്ട പൊതുമനസ്സു മാറാനും വി.എസിന്റെ സന്ദർശനം കാരണമായി.

ആദിവാസികളുടെയും സാധാരണ മനുഷ്യരുടെയും പക്ഷത്താണ് പാർട്ടിയെന്ന് സ്ഥാപിക്കുക കൂടിയായിരുന്നു അന്ന് വി.എസ്. മുത്തങ്ങ സമരത്തിന് നേതൃത്വം നൽകിയ സി.കെ. ജാനുവിനെയും എം. ഗീതാനന്ദനെയുമൊക്കെ അദ്ദേഹം ജയിലിൽ സന്ദർശിക്കുകയും ചെയ്തു.

Tags:    
News Summary - VS said: I didn't come to see weapons, but to see the Muthanga who killed the Adivasis.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.