വെള്ളമുണ്ട പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്ന പഴയ കെട്ടിടം
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതിക്ക് മുന്നിൽ കീറാമുട്ടിയായി ഓഫിസ് മാറ്റവും ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ഒഴിപ്പിക്കലും. കഴിഞ്ഞ ഇടതുപക്ഷ ഭരണസമിതിയുടെ കാലത്ത് അൺഫിറ്റടിച്ച കെട്ടിടത്തിലാണ് ഇപ്പോഴും പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്. എത്രയും പെട്ടെന്ന് കെട്ടിടം ഒഴിയണമെന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം നടപ്പാക്കാൻ വഴിതേടുകയാണ് പുതിയ ഭരണ സമിതി. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റാനുള്ള നീക്കം കഴിഞ്ഞ ഇടത് ഭരണസമിതി പൂർത്തിയാക്കിയിരുന്നു. എന്നാൽ, പുതിയ കെട്ടിടത്തിന്റെ പണി ഉടൻ പൂർത്തിയാക്കി അതിലേക്ക് മാറണമെന്ന ആവശ്യം മുസ്ലിം ലീഗിൽനിന്ന് ഉയർന്നിട്ടുണ്ട്.
പഞ്ചായത്ത് ഓഫിസ് കം ബസ് സ്റ്റാൻഡ് പദ്ധതി രണ്ടു പതിറ്റാണ്ടുകാലമായി വെള്ളമുണ്ടയുടെ സ്വപ്നപദ്ധതിയാണ്. കഴിഞ്ഞ ഇടതുപക്ഷ ഭരണസമിതിക്ക് ഭരണം ലഭിക്കാൻ ഇടയാക്കിയതും യു.ഡി.എഫിന് അന്ന് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയതുമായ പ്രധാന വിഷയവും ഇതായിരുന്നു. സൗജന്യമായി കിട്ടിയ ഭൂമിയിൽ പുതിയ ഓഫിസും പഴയ ഓഫിസ് നിന്നിടത്ത് ബസ് സ്റ്റാൻഡും നിർമിക്കാനുദ്ദേശിച്ച് അഞ്ചു വർഷം മുമ്പ് യു.ഡി.എഫ് ഭരണസമിതി നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ, അന്ന് യു.ഡി.എഫിന് അത് തുടങ്ങിവെക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇത് പ്രചാരണായുധമാക്കിയാണ് അന്ന് ഇടതുപക്ഷം ഭരണം പിടിച്ചത്. എന്നാൽ, അഞ്ചു വർഷം സമയം ലഭിച്ചിട്ടും പദ്ധതി പൂർത്തിയാക്കാൽ ഇടത് ഭരണസമിതിക്കും കഴിഞ്ഞില്ല. പുതിയ ഓഫിസ് കെട്ടിടത്തിന്റെ ആദ്യനിലയുടെ വാർപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പഴയ കെട്ടിടവും ഷോപ്പിങ് കോംപ്ലക്സും പൊളിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിൽനിന്ന് അനുമതി വാങ്ങി അൺഫിറ്റടിച്ചെങ്കിലും പൊളിക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിലെ എക്സി. എൻജിനീയർ കെട്ടിടം പൊളിക്കുന്നതിനാവശ്യമായ പദ്ധതി തയാറാക്കി സമർപ്പിക്കണം. അതിലുള്ള കാലതാമസം ചർച്ചയായിട്ടുണ്ട്. അൺഫിറ്റടിച്ച കെട്ടിടത്തിൽ ഓഫിസ് പ്രവർത്തിക്കുന്നത് നിയമപരമായി തെറ്റായതിനാൽ വാടകക്കെട്ടിടത്തിലേക്ക് മാറ്റുന്നതിന് കഴിഞ്ഞ ഭരണസമിതി നടപടി സ്വീകരിച്ചിരുന്നു.
ഷോപ്പിങ് കോംപ്ലക്സിൽ നിലവിൽ എട്ട് കടമുറികളാണുള്ളത്. ഈ കടമുറികളുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസും നിലവിലുണ്ട്. ഇപ്പോഴും രണ്ടായിരം രൂപക്ക് താഴെയാണ് ഇവയുടെ വാടക. എന്നാൽ, ഈ നാമമാത്ര വാടകയും 21 വർഷത്തോളമായി ലഭിക്കുന്നില്ലെന്നാണ് ബദ്ധപ്പെട്ടവർ പറയുന്നത്. വാടക ഇനത്തിലും മറ്റുമായി 24 ലക്ഷം രൂപയോളം പഞ്ചായത്തിന് ലഭിക്കാനുണ്ടത്രേ.
2023ൽ കഴിഞ്ഞ ഭരണസമിതി കടമുറികളുടെ വാടക 7500 രൂപയായി നിജപ്പെടുത്തിയിരുന്നു. മൂന്ന് കടയുടമകൾ മാത്രമാണ് ഈ തീരുമാനം അംഗീകരിച്ചത്.
പഞ്ചായത്തിൽനിന്ന് നേരിട്ട് കടമുറിയെടുത്ത മൂന്ന് ഉടമകൾ ഇക്കാലത്തിനിടയിൽ മരിച്ചുപോയിട്ടുമുണ്ട്. പുതിയ ഭരണസമിതിക്ക് പദ്ധതി നടപ്പാക്കുന്നതിന് ഇനിയും കടമ്പകളേറെ കടക്കേണ്ടി വരും. ഷോപ്പിങ് കോപ്ലക്സിലെ കടമുറി തർക്കത്തിലും കേസിലും നേതാക്കളിൽ ചിലരാണെന്നതിനാൽ പുതിയ ഭരണസമിതി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് നാട് ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.