വെള്ളമുണ്ട: യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായിട്ടും വെള്ളമുണ്ടയിൽ ബി.ജെ.പിയുടെ ജയം തടയാൻ ഇടത്-വലത് മുന്നണികൾ കാര്യമായ ശ്രമം നടത്തുന്നില്ലെന്ന് ആരോപണം. പുതിയ വാർഡ് വിഭജനത്തെ തുടർന്നാണ് മംഗലശ്ശേരിമല വാർഡ് രൂപവത്കരിക്കുന്നത്. കേരള കോൺഗ്രസ് എമ്മിന്റെ ജോണിയാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി. കോൺഗ്രസിലെ പി. പ്രകാശനാണ് യു.ഡി.എഫ് സ്ഥാനാർഥി. ലക്ഷ്മി കക്കോട്ടറയാണ് ബി.ജെ.പിക്കായി രംഗത്തുള്ളത്. മൊബൈൽ ഫോൺ ചിഹ്നത്തിൽ ഷൈജി ഷിബു സ്വതന്ത്രയായും ജനഹിതം തേടുന്നു.
നിലവിലെ പഞ്ചായത്ത് അംഗമാണ് കോൺഗ്രസിലെ ഷൈജി. ഇത്തവണ സീറ്റ് കിട്ടാത്തതിനാൽ അവർ വിമത സ്ഥാനാർഥിയായി രംഗത്തുവരുകയായിരുന്നു. പരമ്പരാഗത പാർട്ടി വോട്ടിനൊപ്പം ഇവിടത്തെ ക്രൈസ്തവ വോട്ടുകൾ കൂട്ടത്തോടെ ബി.ജെ.പിയിലെത്തുമെന്നാണ് കരുതുന്നത്. യു.ഡി.എഫ് വിമതയായ ഷൈജി ഷിബുവിന്റെ സാന്നിധ്യവും ബി.ജെ.പിക്ക് സാധ്യത നൽകുന്നു. ഇടത്പക്ഷം പിടിക്കുന്ന വോട്ടുകൾക്ക് അനുസരിച്ചാവും ബി.ജെ.പിയുടെ വിജയ സാധ്യത. യു.ഡി.എഫ് വോട്ടുകൾ ചിതറി പോവുകയും ഇടത്പക്ഷം പിടിക്കുന്ന വോട്ട് കുറയുകയും ചെയ്താൽ ബി.ജെ.പി ജയിക്കും.
എന്നാൽ, ഇത് ഒഴിവാക്കാനുള്ള മറുതന്ത്രങ്ങൾ കാര്യമായി ഇരുമുന്നണികളും നടത്തുന്നുമില്ല. കഴിഞ്ഞ തവണ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ജനപ്രതിനിധിയാണ് ഷൈജി ഷിബു. എന്നാൽ വിമതസ്ഥാനാർഥിയുടെ സാന്നിധ്യം ഇടതുപക്ഷത്തിന്റെ വോട്ടിൽ കുറവുവരുത്തുമെന്നും ഇത് യു.ഡി.എഫിന് അനുകൂലമാവുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. മൊതക്കര വാർഡിലും ഇത്തവണ ബി.ജെ.പി പ്രതീക്ഷ വെക്കുന്നുണ്ട്. ഈ വാർഡിൽ രണ്ടാം സ്ഥാനത്തെങ്കിലും എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒഴുക്കൻ മൂല, പാലയാണ വാർഡുകളിലും ബി.ജെ.പി മികച്ച മുന്നേറ്റം ഉണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.