ഉടുക്കാൻ വസ്ത്രമില്ലാത്തതിനാൽ വോട്ടുചെയ്യാൻ കഴിയാതിരുന്ന കാലം

വെള്ളമുണ്ട: ഉടുക്കാൻ വസ്ത്രമില്ലാത്തതിന്റെ പേരിൽ വോട്ടുചെയ്യാൻ കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു ജില്ലയിലെ ആദിവാസി ഉന്നതി വാസികൾക്ക്. പുരുഷന്മാർക്ക് ഒറ്റമുണ്ട് ഉണ്ടായിരുന്നെങ്കിലും സ്ത്രീകളാണ് വസ്ത്രമില്ലാത്തതിന്റെ പേരിൽ പുറത്തിറങ്ങാൻ പറ്റാതെ ദുരിതജീവിതം നയിച്ചത്. വിവിധ ആവശ്യങ്ങൾക്കായി ഒരാൾ പുറത്തിറങ്ങുകയും അയാൾ തിരിച്ചുവന്ന് വസ്ത്രം അഴിച്ച് അടുത്തയാൾക്ക് നൽകിയിരുന്ന കാലം. 1987ലെ ആ തെരഞ്ഞെടുപ്പുകാലം ഓർത്തെടുക്കുകയാണ് അന്നത്തെ സി.പി.എം പ്രവർത്തകനായിരുന്ന ഐ.സി. ജോർജ്.

അന്നത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ബാണാസുരമല മുകളിലെ മംഗലശ്ശേരി, നാരോക്കടവ്, വെള്ളാരംകുന്ന് ആദിവാസി ഉന്നതികളിൽ പ്രചാരണത്തിന് എത്തിയപ്പോഴാണ് ആദിവാസികളുടെ ദുരിതം അത്രമേൽ മനസ്സിലാക്കുന്നത്. ആവശ്യത്തിന് വസ്ത്രമില്ലാത്തതിനാൽ അവർ പുറത്തിറങ്ങാൻ മടിച്ചിരുന്നു.

വോട്ടുചെയ്യാൻ എത്തണമെങ്കിൽ വസ്ത്രം വേണം. പുതിയത് വാങ്ങാൻ പണമില്ലാത്തതിനാൽ പ്രദേശത്തെ മറ്റ് വീടുകളിൽ കയറിയിറങ്ങി വസ്ത്രങ്ങൾ ശേഖരിച്ചു. അത് മലമുകളിലെ ഉന്നതികളിലെത്തിച്ചു. ആ വസ്ത്രങ്ങൾ ധരിച്ചാണ് അന്ന് മുൻതലമുറയിലെ ആദിവാസികൾ വോട്ട് ചെയ്യാനെത്തിയത്. അതിദാരിദ്യത്തിന്റെ ആ കാലത്തെ തെരഞ്ഞെടുപ്പു പ്രവർത്തനം അതിസാഹസികമായിരുന്നുവെന്ന് ജോർജ് പറഞ്ഞു. കിടപ്പാടത്തെക്കാൾ ഭക്ഷണവും വസ്ത്രവുമായിരുന്നു അന്ന് ആവശ്യം. മുൻതലമുറ അനുഭവിച്ച ആ ദുരിതജീവിതം പുതിയ തലമുറക്ക് അറിയില്ല.

Tags:    
News Summary - basic needs shortage of wayanad unnathi peoples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.