വെള്ളമുണ്ട: ഉദ്യോഗസ്ഥർ വോട്ടർപട്ടിക തീവ്രപരിഷ്കരണ നടപടികളിൽ (എസ്.ഐ.ആർ) മുഴുകിയതോടെ വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റി. സമയപരിധിക്കുള്ളിൽ എസ്.ഐ.ആർ പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്ഥർ നെട്ടോട്ടമോടുകയാണ്. വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥരെയാണ് പലയിടങ്ങളിലും ബി.എൽ.ഒമാരായി നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് എസ്.ഐ.ആർ ചുമതലയാണുള്ളത്. ഇതോടെ അത്തരം ഓഫിസുകളിൽ മതിയായ ജീവനക്കാർ ഇല്ലാത്ത അവസ്ഥയാണ്.
വില്ലേജ് ഓഫിസർക്കാണ് ബി.എൽ.ഒമാരുടെ മൊത്തം ചുമതലയുള്ളത്. മുകളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ ബി.എൽ.ഒമാർക്ക് എത്തിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ടത് വില്ലേജ് ഓഫിസർമാരാണ്. എസ്.ഐ.ആർ നടപടികൾക്ക് മതിയായ ജീവനക്കാർ ഇല്ലെങ്കിൽ വില്ലേജ് ഓഫിസിൽ നിന്ന് ആളുകളെ നിയോഗിക്കുകയും വേണം. ഇതിനിടയിൽ ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന സാധാരണക്കാരെ പരിഗണിക്കാനാകുന്നില്ല. ഇതോടെ സമയബന്ധിതമായി ലഭിക്കേണ്ട പല സേവനങ്ങളും പൊതുജനത്തിന് കിട്ടാത്ത സ്ഥിതിയുമുണ്ട്.
എസ്.ഐ.ആർ ഫോം വിതരണവുമായി ബന്ധപ്പെട്ട സമ്മർദം പരസ്യമായ രഹസ്യമാണെന്ന് ബി.എൽ.ഒമാർ പറയുന്നു. ഫോം വിതരണം ആദ്യം പൂർത്തിയാക്കുന്നവർ ആരെന്ന മത്സരവും അണിയറയിൽ നടക്കുന്നുണ്ട്. പലയിടത്തും ഫോം വിതരണം പൂർത്തിയാക്കി എന്ന് അവകാശവാദം ഉയർത്തുമ്പോഴും ആദിവാസികളടക്കം പലർക്കും ഇപ്പോഴും ഫോം ലഭിച്ചിട്ടില്ല. നാട്ടിൻ പുറങ്ങളിൽ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ഫോം വിതരണവും പൂരിപ്പിക്കലും നടന്നിരുന്നു.
പൂരിപ്പിച്ച ഫോമുകൾ സൈറ്റിൽ അപ് ലോഡ് ചെയ്യലും സാഹസികമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരുവോട്ടറുടെ ഫോം അപ് ലോഡ് ചെയ്യാൻ ചുരുങ്ങിയത് 10 മിനിറ്റ് വേണം. 1200 പേരുള്ള ഒരു വാർഡിലെ മുഴുവൻ വിവരങ്ങളും ഡിജിറ്റൈസ് ചെയ്യാൻ 200 മണിക്കൂർ വേണം. ഒരു സെക്കൻഡ് പോലും പാഴാക്കാതെ എട്ടു ദിവസം ചെലവഴിച്ചാലാണ് അപ് ലോഡിങ് പൂർത്തിയാകാനാവുക. ഫോം തിരിച്ച് നൽകാൻ ഡിസംബർ നാലാം തീയതി വരെ സമയമുണ്ട്. എന്നാൽ, ദിവസങ്ങൾക്ക് മുമ്പ് ലഭിച്ചാൽ മാത്രമാണ് അപ് ലോഡിങ് പൂർത്തിയാക്കാൻ കഴിയുകയുള്ളൂ.
മലയാളത്തിൽ പൂരിപ്പിച്ചു ലഭിക്കുന്ന ഫോമുകളിലെ വിവരങ്ങൾ സൈറ്റിൽ ഇംഗ്ലീഷിലേക്ക് മാറ്റേണ്ടി വരുന്നതും ആശങ്കയുണ്ടാക്കുകയാണെന്ന് പരാതിയുണ്ട്. മലയാളത്തിലുള്ള പല പേരുകളും അതേപടി ഇംഗ്ലീഷിലേക്ക് മാറ്റാനാവാത്തതും പ്രയാസമുണ്ടാക്കുന്നുണ്ട്.
ഈ നിലയാണെങ്കിൽ ഡിസംബർ നാലിന് വിവരശേഖരണം പൂർത്തിയാക്കാനാവില്ല. ഒമ്പതിന് കരട്പട്ടിക പുറത്തിറക്കാനുമാകില്ലെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. ഇത് മുന്നിൽക്കണ്ടാണ് എന്യൂമറേഷൻ ഘട്ടമെങ്കിലും നീട്ടണമെന്ന് ആവശ്യമുയരുന്നത്.
എസ്.ഐ.ആർ സംബന്ധിച്ച പൊതുജനത്തിന്റെ സംശയങ്ങളും ബി.എൽ.ഒമാർ തീർക്കേണ്ടതുണ്ട്. സദാ സംശയ നിവാരണത്തിന് പലഭാഗത്തു നിന്നും മൊബൈലിൽ ആളുകൾ വിളിക്കുന്നതിനാൽ മണിക്കൂറുകൾ ഇതിനു വേണ്ടി മാത്രം ചെലവിടേണ്ട സ്ഥിതിയാണ്.
ജോലിഭാരത്താലുള്ള സമ്മർദവും അച്ചടക്ക നടപടി ഭീഷണികളും കൂടിയാകുമ്പോൾ കടുത്ത സമ്മർദത്തിലാണ് ബി.എൽ.ഒമാർ. റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ബി.എൽ.ഒമാരിൽ നല്ലൊരു പങ്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവദിത്തങ്ങളും അതത് വില്ലേജ് ഓഫിസ് ജീവനക്കാർക്കുണ്ട്.
കർഷക രജിസ്ട്രി ഉത്തരവാദിത്തവും വില്ലേജ് ഉദ്യോഗസ്ഥർക്ക് നിലവിൽ കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ കർഷകർക്കായുള്ള രജിസ്ട്രിയുടെ നടപടികൾനടത്തുന്നുണ്ട്. കേന്ദ്ര-കേരള സർക്കാറുകളുടെ വിവിധ കാർഷിക ആനുകൂല്യങ്ങൾ വാങ്ങുന്നവരടക്കമുള്ള കർഷകരാണ് klfr.agristack.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത്. കേരളത്തിലെ പി.എം കിസാൻ ഗുണഭോക്താക്കൾ ഉൾപ്പെടെയുള്ള കർഷകരെ ഏകീകൃത കർഷക രജിസ്ട്രിയുടെ ഭാഗമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കർഷകർ തങ്ങളുടെ ഭൂമിയുടെ രേഖകൾ അടക്കമാണ് രജിസ്റ്റർ നടത്തേണ്ടത്.
ആധാർ കാർഡ്, ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ, ഭൂമിയുടെ കരം അടച്ചതിന്റെ ഏറ്റവും പുതിയ രസീത് എന്നിവയാണ് ഇതിന് വേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തവരുടെ അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടത്തേണ്ട ഉത്തരവാദിത്തവും അതത് വില്ലേജ് ഓഫിസുകൾക്ക് കീഴിലെ റവന്യൂ ഉദ്യോഗസ്ഥർക്കാണ്.
ഭൂമിയുടെ രേഖകൾ ഉള്ളതായതിനാലാണ് വില്ലേജ് ഓഫിസർമാർക്ക് ഈ ചുമതല വന്നിരിക്കുന്നത്. അർഹതയില്ലാത്തതാണെങ്കിൽ വില്ലേജ് ഒാഫിസറാണ് അപേക്ഷ നിരസിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.