കണ്ടത്തുവയൽ-വേരൻ കൊല്ലി റോഡ്

കണ്ടത്തുവയൽ വേരൻ കൊല്ലി റോഡ് ;10 ലക്ഷം പാഴായി

വെള്ളമുണ്ട: റോഡ് നിർമാണത്തിന് സർക്കാർ അനുവദിച്ച ഫണ്ട് ലാപ്സാക്കിയതായി പരാതി. അണികളോട് മറുപടി പറയാനാവാതെ ഭരണപക്ഷം നേതാക്കൾ. വെള്ളമുണ്ട തൊണ്ടർനാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കണ്ടത്തു വയൽ-വേരൻ കൊല്ലി റോഡാണ് 30 വർഷമായിട്ടും ചളിക്കുളമായി കിടക്കുന്നത്.

ഇരു പഞ്ചായത്തിലും ഇടതുപക്ഷ ഭരണസമിതി അധികാരത്തിൽ വന്നിട്ടും റോഡ് നന്നാക്കാൻ നടപടിയുണ്ടാവാത്തതിൽ പ്രവർത്തകർ പ്രതിഷേധത്തിലാണ്. തൊണ്ടർനാട് പഞ്ചായത്തിലെ ഭാഗം ഒരു പരിധിവരെ നന്നാക്കിയെങ്കിലും വെള്ളമുണ്ട പഞ്ചായത്തിലെ ഭാഗം സോളിങ് പോലുംനടത്താതെ അവഗണിക്കുകയായിരുന്നു. മുമ്പെങ്ങോ റോഡിന് സ്ഥലമെടുക്കുന്നതിൽ ഉണ്ടായ തർക്കം നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞാണ് പദ്ധതി മുടങ്ങിയത്.

എന്നാൽ റീ സർവേ പ്രകാരം റോഡ് അടയാളപ്പെടുത്തുകയും റോഡ് കടന്നുപോകുന്ന ഭാഗം ഭരണപക്ഷ നേതാക്കളുടെ കൈവശം ആവുകയും ഒരു ഗ്രാമം മുഴുവൻ ആവശ്യം ഉന്നയിക്കുകയും ചെയ്യുന്നിടത്താണ് ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ഫണ്ട് ലാപ്സാക്കിയതെന്ന് ഭരണപക്ഷത്തെ തന്ന ചില നേതാക്കൾ പറയുന്നു. ഒ.ആർ. കേളുവിന്റെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കടക്കം ചുക്കാൻ പിടിച്ച നേതാക്കൾകൂടി ഉപയോഗിക്കുന്ന റോഡായിരുന്നിട്ടും അവഗണിച്ചതിൽ നേതൃത്വത്തിനും കടുത്ത പ്രതിഷേധമുണ്ട്.

ത്രിതല പഞ്ചായത്തുകൾ ഈ റോഡിനെ അവഗണിച്ചപ്പോൾ സംസ്ഥാനസർക്കാറിൽനിന്ന് 10 ലക്ഷം രൂപ ണ്ടി ഫണ്ട് പാസ്സാക്കിയെടുക്കാൻ നേതാക്കൾക്ക് കഴിഞ്ഞിരുന്നു.

എന്നാൽ, അണിയറയിൽ ചിലർ കണ്ടത്തുവയൽ റോഡിനെ അവഗണിച്ച് ഫണ്ട് വകമാറ്റുന്നതിനു പ്രവർത്തിക്കുകയായിരുന്നുവെന്നും നടക്കാതെ വന്നതോടെ ഫണ്ട് ലാപ്സാകുകയുമായിരുന്നുവെന്നുമാണ് ആക്ഷേപം. പ്രദേശത്തെ കണ്ടത്തുവയൽ എൽ.പി. സ്കൂളിലേക്കുള്ള പ്രധാന റോഡ് കൂടിയാണിത്. ഇതിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പ്രധാന റോഡിലെത്തും. എന്നാൽ റോഡില്ലാത്തതിനാൽ അഞ്ചു കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. വികസന നേട്ടം പറഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോൾ കണ്ടത്തു വയൽ - വേരൻ കൊല്ലി റോഡിനോടുള്ള അവഗണന ഇടതു പക്ഷത്തിന് വലിയ കീറാമുട്ടിയാകും.


Tags:    
News Summary - 10 lakhs wasted in Road construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.