കണക്കിൽ മാത്രമുള്ള ആദിവാസി വിദ്യാർഥികൾ

വെള്ളമുണ്ട: ക്ലാസ് രജിസ്റ്ററിലെ കണക്കിൽ മാത്രമുള്ള ആദിവാസി കുട്ടികളുണ്ട് പല വിദ്യാലയങ്ങളിലും. അവരിൽ പലരെയും ക്ലാസ് അധ്യാപകർ കാണാറുപോലുമില്ല. അധ്യയനം തുടങ്ങുന്നതിനു മുമ്പ് കോളനികളിലെത്തി വിദ്യാർഥികളുടെ കണക്കെടുക്കുന്ന അധ്യാപകർ തിരിച്ചറിയൽ രേഖ വാങ്ങിയും അല്ലാതെയും ചേർക്കുന്ന കുട്ടികളിൽ പലരും പിന്നീട് വിദ്യാലയം തുറന്നാൽ ഹാജരാകാറില്ല.

ഗോത്രസാരഥി പദ്ധതി തുടങ്ങാൻ വൈകുന്നത് ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കാറുണ്ടെങ്കിലും പദ്ധതി തുടങ്ങിയാലും വിദ്യാലയം കാണാത്ത കുട്ടികൾ ഏറെയാണ്.

വിദ്യാലയം അടക്കുന്ന സമയത്ത് മറ്റ് പഞ്ചായത്തുകളിലെ കോളനികളിൽ നിന്ന് വന്ന് താമസിക്കുന്നവരെ കുട്ടികളെ എണ്ണം കൂട്ടുന്നതിന് ചേർക്കുന്നതാണ് പിന്നീട് ഇവരെ കാണാതാവാൻ പ്രധാന കാരണം. പുറത്തുള്ള കുട്ടികളാണെന്ന് അറിഞ്ഞുകൊണ്ടാണ് പലരെയും വിദ്യാലയം മാറിച്ചേർക്കുന്നത്.

വെള്ളമുണ്ട, തിരുനെല്ലി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ ആദിവാസി കുട്ടികൾ വിദ്യാലയങ്ങളിൽ എത്തുന്നത്. ഇവിടങ്ങളിലെ കണക്ക് പ്രകാരം ഇരുനൂറിലധികം ആദിവാസി കുട്ടികൾ ചേർന്ന വിദ്യാലയങ്ങളിൽ അധ്യയനം തുടങ്ങി മൂന്നു മാസം പൂർത്തിയാകുമ്പോൾ പകുതി പോലും ക്ലാസുകളിൽ എത്തിയിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഒരു ദിവസം പോലും ക്ലാസ്മുറി കാണാത്ത കുട്ടികളും നിരവധിയാണ്. കൃത്യമായി ഹാജർ ഇടുന്നുണ്ടെങ്കിലും കുട്ടികൾ എവിടെ എന്ന ചോദ്യത്തിന് അധികൃതർക്കും ഉത്തരമില്ല. ആധാർ കാർഡിന്റെ കോപ്പി വാങ്ങിയും അല്ലാതെയും അധ്യാപകർ ചേർക്കുന്ന കുട്ടികളിൽ പലരും ആ വിദ്യാലയം തന്നെ കാണാറില്ല എന്നതും രഹസ്യമായ പരസ്യമാണ്.

അധ്യയനം തുടങ്ങുന്ന സമയത്ത് ആ കുട്ടികൾ അവരുടെ കോളനികളിലേക്ക് തിരിച്ചുപോവുകയും മുമ്പ് പഠിച്ച വിദ്യാലയങ്ങളിൽ പഠനം തുടരുകയുമാണ് പതിവ്. എന്നാൽ, ഒരു വിദ്യാലയത്തിൽ പഠനം നടത്തുകയും മറ്റൊരു വിദ്യാലയത്തിൽ കൂടി കണക്കിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നതിന് പിന്നിൽ വലിയ ക്രമക്കേട് നടക്കുന്നുവെന്ന ആക്ഷേപമുണ്ട്.

ഗോത്രസാരഥിയിലും പ്രഭാത ഭക്ഷണത്തിലും ഉച്ചക്കഞ്ഞിയിലും ഇവരുടെ പേരിൽ രണ്ടിടങ്ങളിൽ ഫണ്ട് വാങ്ങുന്നതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ചിലരുടെ തസ്തിക നിലനിർത്തുന്നതിനായി വ്യാജ മേൽവിലാസത്തിലടക്കം ഇത്തരം കുട്ടികളെ ചേർക്കുന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാവാറില്ല.

വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർകൂടി അറിഞ്ഞ് സംഭവിക്കുന്ന ക്രമക്കേടാണിതെന്ന് രക്ഷിതാക്കൾ പറയുന്നു. സ്കൂൾ മാന്വൽ പ്രകാരം 15 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലുള്ള ഹാജർകുറവ് പ്രധാനാധ്യാപകന്റെ ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിൽ സാധൂകരിക്കാവുന്നതാണ്.

25 ശതമാനത്തിൽ കൂടുതലും 40 ശതമാനം വരെ ഹാജർകുറവ് വിദ്യാഭ്യാസ ഓഫിസറുടെ അനുമതിയോടെയും സാധൂകരിക്കാവുന്നതാണ്. ഈ ഇളവ് മറയാക്കി അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഈ കുട്ടികളെ ഉപയോഗിച്ച് കണക്കിലെ കളികൾ നിരത്തി പല ഡിവിഷനുകളും നിലനിർത്തുന്നത്.

(തുടരും)

Tags:    
News Summary - tribal children who are only in the class register

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.