സര്‍വേയര്‍മാരെ പിന്‍വലിച്ചു: അപാകത പരിഹരിക്കല്‍ മുടങ്ങി

വെള്ളമുണ്ട: സര്‍വേയര്‍മാരുടെ സേവനം പിന്‍വലിച്ചതോടെ നിരവധി പേരുടെ റീസര്‍വേ അപാകതകള്‍ പരിഹരിക്കുന്നത്​ അനിശ്ചിതത്വത്തിലായി. വെള്ളമുണ്ട വില്ലേജില്‍നിന്ന്​ ആറ് സര്‍വേയര്‍മാരെയാണ്​ പിന്‍വലിച്ചത്​. അപേക്ഷ നല്‍കി കാത്തിരിക്കുന്ന നൂറുകണക്കിന്​ ഭൂവുടമകളുടെ ഭൂമി സംബന്ധിച്ച അപാകതകള്‍ പരിഹരിക്കുന്ന പ്രവൃത്തിയാണ്​ ഇതോടെ മുടങ്ങിയത്​.

2017ല്‍ റീസര്‍വേ പൂര്‍ത്തിയാക്കിയ വെള്ളമുണ്ട വില്ലേജില്‍ 3000ത്തി​േ​ലറെ പരാതികളാണ് ഉണ്ടായിരുന്നത്. റീസർവേക്കു ശേഷം കൈവശം വെക്കുന്ന ഭൂമിയുടെ നികുതിപോലും സ്വീകരിക്കാത്തതിനാല്‍ പ്രതിസന്ധിയിലായ ഭൂവുടമകളാണ് പരാതികളുമായി റീസര്‍വേ വിഭാഗത്തെ സമീപിച്ചത്. പരാതികള്‍ പരിഹരിക്കാനായി എട്ട്​ സര്‍വേയര്‍മാരെ നിയോഗിച്ചെങ്കിലും വര്‍ഷങ്ങളായിട്ടും ഭൂരിഭാഗം പരാതികളും പരിഹരിച്ചിട്ടില്ല.

സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസടച്ച് സ്ഥലം അളന്ന് പരാതികള്‍ പരിഹരിക്കുന്നതിന് പകരം കൈമടക്ക്​ കൈപ്പറ്റുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

സ്വകാര്യ മേഖലയിലെ അളവുകാർക്ക്​ വേതനം നല്‍കണമെന്ന്​ ഭൂവുടമകളെ ധരിപ്പിച്ചും പണം വാങ്ങിയിരുന്നു. ഇത്തരത്തില്‍ ഏഴായിരത്തോളം രൂപ നല്‍കിയിട്ടും ഏഴുമാസമായിട്ടും ഭൂമിയുടെ രേഖ ലഭിച്ചിട്ടില്ലെന്ന് ഓഫിസുകള്‍ കയറിയിറങ്ങുന്ന മഞ്ഞോട് ചന്തു പറഞ്ഞു. ഇവിടെനിന്ന്​ ബത്തേരി നെന്മേനിയിലേക്കാണ്​ സർ​േവയർമാരെ നിയോഗിച്ചത്.

നെന്മേനിയില്‍ റീസര്‍വേ പൂര്‍ത്തിയാക്കിയതാണെങ്കിലും വ്യാപക പരാതികളുണ്ട്​. വീണ്ടും സര്‍വേ നടത്താനാണ് നീക്കം. ഭൂമിയുടെ നികുതിയടക്കാനാവാതെ കാര്‍ഷിക വായ്പയും വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും സൗജന്യ സഹായങ്ങളും ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് വെള്ളമുണ്ടയിലെ നൂറുകണക്കിന് കര്‍ഷക കുടുംബങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.