മദ്യത്തി​െൻറ അമിത ഉപയോഗം: ആദിവാസികളിൽ ആത്മഹത്യ വർധിക്കുന്നു

വെള്ളമുണ്ട: അനിയന്ത്രിതമായ ലഹരി ഉപയോഗം ആദിവാസികൾക്കിടയിൽ ആത്മഹത്യ പ്രവണത വർധിപ്പിക്കുന്നു. ഒരു മാസത്തിനിടെ ജീവനൊടുക്കിയെ ചെറുപ്പക്കാരുടെ കണക്ക് ഇതു ശരിവെക്കുന്നതാണ്. അനധികൃത മദ്യവിൽപന സജീവമായതും വ്യാജവാറ്റ് വർധിച്ചതുമാണ് ഇവരുടെ ജീവിതതാളം തെറ്റിച്ചത്. വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ ഒട്ടുമിക്ക കോളനികളിലും മദ്യവിൽപനയും ഉപയോഗവും അടുത്ത കാലത്തായി വ്യാപകമായിട്ടുണ്ട്.

മദ്യലഹരിയിൽ കുട്ടിയുമായി പുഴയിൽ ചാടാനൊരുങ്ങിയ ആദിവാസി യുവാവി​െൻറ പരാക്രമം മുമ്പ് വാർത്തയായിരുന്നു. ജയൻ എന്ന യുവാവ് ദിവസങ്ങൾക്ക്മുമ്പ് തൂങ്ങി മരിച്ചത് വെള്ളമുണ്ടയിലെ ഒടുവിലത്തെ ഉദാഹരണമാണ്.

മദ്യലഹരിയിൽ ആദിവാസികൾ തമ്മിലുള്ള സംഘർഷവും പതിവാണ്. വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് കോളനിയും മദ്യമാഫിയയുടെ കൈയിലാണ്. പുറത്തുനിന്നുള്ള ചിലർ എത്തിക്കുന്ന മദ്യം അമിത വില കൊടുത്ത് വാങ്ങി കഴിച്ച് പരസ്പരം അഴിഞ്ഞാടുന്ന സംഭവങ്ങളുണ്ട്.

മദ്യലഹരിയിൽ ആദിവാസി സ്ത്രീയെ കൂട്ടം ചേർന്ന് മാനഭംഗപ്പെടുത്തിയ സംഭവം നടന്നത് മാസങ്ങൾക്ക് മുമ്പാണ്. കട്ടയാട് എടത്തിൽ കോളനിയിൽ അമിത മദ്യപാനം കാരണം ചെറുപ്പക്കാരുടെ നിരന്തര മരണം മുമ്പ് വാർത്തയായിരുന്നു.

മദ്യലഹരിയിൽ വയൽ വരമ്പിലൂടെ നടക്കുന്നതിനിടെ കാൽതെറ്റി തോട്ടിലെ വെള്ളത്തിലേക്ക് വീണ് നിരവധി ആദിവാസികൾ മരണപ്പെട്ടത് പാലയാണഭാഗത്തു നിന്നുള്ള സംഭവങ്ങളാണ്.

നേരം ഇരുട്ടുന്നതോടെ നിരവിൽ പുഴ, കുഞ്ഞോം ഭാഗങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം മദ്യപിച്ച് റോഡരികിൽ നിന്ന് ബഹളമുണ്ടാക്കുന്നതും പതിവു കാഴ്ചയാണ്. ആദിവാസി ഊരുകളിൽ ഒന്നിനു പിറകെ ഒന്നായി ചെറുപ്പക്കാർ ജീവനൊടുക്കുമ്പോഴും ബന്ധപ്പെട്ട അധികൃതർക്ക് അനക്കമില്ല.

വെല്ലവും അസംസ്‌കൃത വസ്തുക്കളും കോളനിയിലെത്തിച്ചു നല്‍കി ചാരായം വാറ്റാന്‍ ചിലര്‍ ഇവരെ നിര്‍ബന്ധിക്കുകയാണെന്നും പരാതിയുണ്ട്. വാറ്റിനിടയിലുള്ള മദ്യസേവയാണ് പലരെയും മദ്യത്തിന് അടിമകളാക്കുന്നത്.

ആകെ ജനസംഖ്യയുടെ 44.07 ശതമാനമുള്ള പണിയരാണ് ആരോഗ്യ കാര്യത്തില്‍ ഏറ്റവും പിന്നില്‍.

ഇവര്‍ക്കിടയില്‍ മാത്രം പ്രതിമാസം 15 പേര്‍ അകാലത്തില്‍ മരണമടയുന്നുവെന്നാണ് കണക്ക്. ഇന്ത്യയുടെ ദേശീയ ശരാശരിയെക്കാള്‍ താഴെയാണ് പണിയരുടെ ആയുഷ്‌ക്കാലം.

കാര്‍ഷിക ജില്ലക്ക് വിളനാശവും വിലതകര്‍ച്ചയും നേരിട്ടതോടെ ഈ മേഖലയിലെ തൊഴില്‍മാത്രം ആശ്രയിച്ചിരുന്ന ആദിവാസികള്‍ക്ക് കനത്ത തിരിച്ചടിയായി. വരുമാനത്തിനായി ചാരായ വാറ്റിനെ ആശ്രയിച്ചവരും ഏറെയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.