എ​ട്ടേനാ​ൽ ടൗ​ണി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്ന് കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്ന്

വെള്ളമുണ്ട: എട്ടേനാൽ ടൗണിൽ പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നു. ടൗണുകളിലെ കടകളിൽനിന്നാണ് സ്ഥിരമായി പാമ്പിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആറിലധികം കടകളിൽനിന്നാണ് ഉഗ്രവിഷമുള്ള പാമ്പുകളെ കണ്ടെത്തിയത്. കടകളിൽ കയറിക്കൂടുന്ന പാമ്പുകളുടെ സാന്നിധ്യം സ്ഥിരമായതോടെ വ്യാപാരികളും ഭീതിയിലാണ്.

രണ്ടു ദിവസം മുമ്പ് മൊതക്കര റോഡിലെ ടൈലറിങ് ഷോപ്പിൽ നിന്നും അണലിയെ പിടികൂടിയത് ഇതിൽ ഒടുവിലത്തേതാണ്. തൊട്ടു മുമ്പുള്ള ദിവസം മൊബൈൽ കടയിൽ കയറിക്കൂടിയ കരിമൂർഖനെ വൈകീട്ടു വരെ കാത്തുനിന്നാണ് ഒഴിവാക്കിയത്. അതേ ആഴ്ചയിൽ സമീപത്തെ സ്റ്റുഡിയോയിൽനിന്നും ഇലക്ട്രോണിക് ഷോപ്പിൽനിന്നും പാമ്പുകളെ കണ്ടെത്തിയിരുന്നു.

ആളുകൾ നടക്കുന്ന നടപ്പാതയിലും സമീപത്തെ ഓവുചാലിലും നിരവധി തവണ നാട്ടുകാർ പാമ്പിനെ കണ്ടെത്തി ഒഴിവാക്കിയിരുന്നു. റോഡരികിൽ നിർത്തിയിടുന്ന സ്കൂട്ടർ അടക്കമുള്ള വാഹനങ്ങളിലും പാമ്പുകൾ കയറിക്കൂടുന്നത് പതിവായതോടെ ഭീതി ഉയരുകയാണ്.

സമീപത്തെ സ്വകാര്യ തോട്ടങ്ങൾ കാട് മൂടിക്കിടക്കുന്നതാണ് ഉഗ്രവിഷമുള്ള പാമ്പുകൾ കൂട്ടത്തോടെയെത്താൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ടൗണിനോട് ചേർന്നുള്ള എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാലയങ്ങളിലും മുമ്പ് പലതവണ പാമ്പുകളെ കണ്ടിരുന്നു. കാടുമൂടിക്കിടക്കുന്ന തോട്ടങ്ങൾ വർഷങ്ങളായി പാമ്പുകളുടെ വിഹാരകേന്ദ്രങ്ങളാണ്.

ഉഗ്ര വിഷമുള്ള പാമ്പുകളടക്കം നിരവധിയിനം പാമ്പുകൾ ഈ കാടുകളിൽനിന്നും സമീപത്തെ ടൗണുകളിലേക്കും വിദ്യാലയങ്ങളിലേക്കുമെത്തുകയാണ്. സ്കൂൾ റോഡിലെ നടപ്പാതയടക്കം കാടുമൂടിക്കിടക്കുന്നതിനാൽ നടന്നുപോകുന്ന വിദ്യാർഥികളും ഭീതിയിലാണ്.

മുമ്പെങ്ങുമില്ലാത്ത വിധം ടൗണിലും പരിസരങ്ങളിലും പാമ്പുകൾ എത്തുന്നതിന്റെ പിന്നിലെ ശരിക്കുമുള്ള കാരണം എന്താണെന്ന ചോദ്യമാണുയരുന്നത്.

Tags:    
News Summary - poisonous snakes in ettenaal town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.