ചാമപ്പാറയിലെ കാപ്പിത്തോട്ടം
പദ്ധതികൾക്ക് ചെലവാക്കുന്നത് ലക്ഷങ്ങൾ; കുടിവെള്ള ക്ഷാമത്തിനു മാത്രം പരിഹാരമില്ല
വെള്ളമുണ്ട: വിവിധ കാലങ്ങളിലായി നിർമിച്ച് ഉപേക്ഷിച്ച കുടിവെള്ള പദ്ധതികൾ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഓരോ പഞ്ചായത്തിലും നൂറുകണക്കിന് കുടിവെള്ള- ജലസേചന പദ്ധതികളാണ് ഉപയോഗമില്ലാതെ കിടക്കുന്നത്. കാട്ടരുവികളെ ആശ്രയിച്ച് നിർമിച്ച പദ്ധതികളിൽ ബഹുഭൂരിപക്ഷവും മഴക്കാലത്ത് വെള്ളം നൽകുന്നവയും വേനൽക്കാലത്ത് വെള്ളം ലഭിക്കാത്തവയുമാണ്. ഒരു വശത്ത് കോടികൾ പാഴായ പദ്ധതികൾ കാടുമൂടി നശിക്കുമ്പോൾ വേനലിൽ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ് കുടുംബങ്ങൾ. ജലനിധി പദ്ധതിയിലൂടെയും ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും നിർമിച്ച കുടിവെള്ള പദ്ധതികളിൽ പലതും ഉപയോഗശൂന്യമാണ്. കാട്ടരുവിയെ ആശ്രയിച്ചു കുടിവെള്ളമെത്തിക്കാനുള്ള വെള്ളമുണ്ട പഞ്ചായത്തിലെ മംഗലശ്ശേരി കുടിവെള്ള പദ്ധതി, പുളിഞ്ഞാൽ പദ്ധതി, മഴുവന്നൂർ പദ്ധതി തുടങ്ങി നിരവധി പദ്ധതികളാണ് കാടുമൂടി കിടക്കുകയോ പ്രവർത്തനം പാതിയായി ചുരുങ്ങുകയോ ചെയ്തത്. നീർച്ചാലിനു കുറുകെ നിർമിച്ച ചെക്ക്ഡാമിലേക്ക് വെള്ളമെത്താത്തതാണ് പല പദ്ധതികളും വെറുതെയാകാൻ കാരണം.
വേനൽ കനക്കുന്നതോടെ നീർച്ചാൽ മുഴുവൻ വറ്റി ഉപയോഗശൂന്യമാവും. വേനൽമഴ ലഭിച്ചാൽ പോലും താൽക്കാലികമായി വെള്ളം ലഭിക്കുമെന്നല്ലാതെ വേനൽക്കാലത്ത് ഈ പദ്ധതി ഉപകാരപ്പെടില്ലെന്ന് നാട്ടുകാർ പറയുന്നു. തൊണ്ടർനാട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളിലായി ഇത്തരം നിരവധി പദ്ധതികൾ ഉപയോഗമില്ലാതെ കിടക്കുന്നുണ്ട്. വരൾച്ചയുടെ കെടുതിയിലേക്ക് നാട് നീങ്ങുമ്പോൾ ലക്ഷങ്ങൾ മുടക്കി നിർമിച്ച കുടിവെള്ള പദ്ധതികൾ ഉപയോഗമില്ലാതെ നശിക്കുന്നതിനുകാരണം അധികൃതരുടെ പിടിപ്പുകേടാണെന്ന് നാട്ടുകാർ പറയുന്നു.
ടാങ്കും കിണറും വിവിധ പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുകളും സ്ഥാപിച്ചശേഷം ഉപേക്ഷിച്ച പദ്ധതികളും നിരവധിയാണ്. ആദിവാസി കോളനികളിലടക്കം കുടിവെള്ളം എത്തിക്കാനെന്ന് പറഞ്ഞ് തുടങ്ങിയ വൻ പദ്ധതികളും നോക്കുകുത്തിയാണ്. വേനൽ കനക്കുന്നതോടെ വരൾച്ച നേരിടുന്ന പ്രദേശത്ത് ആശ്വാസമാവേണ്ട പദ്ധതികളാണ് അധികൃതരുടെ അനാസ്ഥകാരണം നോക്കുകുത്തിയാവുന്നത്. പല കാലങ്ങളിലായി ചിലരുടെ പ്രത്യേക താൽപര്യപ്രകാരം ഒരേ സ്ഥലത്ത് ഒന്നിലധികം കുടിവെള്ള പദ്ധതികൾ സ്ഥാപിച്ചതും വെള്ളമില്ലാത്തതിന് കാരണമായിട്ടുണ്ട്. കിണറും ടാങ്കും മോട്ടോറും എല്ലാം സ്ഥാപിച്ചശേഷം നിസ്സാര കാരണങ്ങൾ നിരത്തി ഉപേക്ഷിച്ചതും വെള്ളമില്ലാത്തതു കാരണം പ്രവർത്തനം നിലച്ച പദ്ധതികളും ഏറെയാണ്. ആദിവാസി കോളനികളിൽ നിർമിച്ച കുടിവെള്ള പദ്ധതികളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല. ഒരേ സ്ഥലത്ത് ഒന്നിലധികം പദ്ധതികൾ സ്ഥാപിച്ചതോടെ ആദ്യം നിർമിച്ചവ നിലക്കുകയായിരുന്നു. ചെറിയ ചില അറ്റകുറ്റപ്പണി നടത്തിയാൽ ഉപയോഗയോഗ്യമാക്കാൻ കഴിയുന്നവയാണ് മിക്ക പദ്ധതികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.