വെള്ളമുണ്ട: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ നാട്ടിൽ ‘കുട്ടികളെ പിടുത്തം’ സജീവം. മിക്കയിടത്തും വിദ്യാലയങ്ങളുടെ എണ്ണം കൂടിയതോടെ കുട്ടികളെ പിടിക്കാനുള്ള മത്സരവും നടക്കുകയാണ്. അൺഎയ്ഡഡ്, എയ്ഡഡ് സ്കൂളുകൾ തമ്മിലാണ് കുട്ടികൾക്കായുള്ള മത്സരം കൂടുതലും നടക്കുന്നത്. അധ്യാപകരുടെ തസ്തിക നിലനിർത്തുന്നതിനും പുതിയ നിയമനം നടത്തുന്നതിനുമായി കൂടുതൽ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ പായുകയാണ് ഇവർ.
നിലവിലെ കുട്ടികളെ നിലനിർത്തുകയും കൊഴിഞ്ഞുപോക്ക് തടയുന്നത് ലക്ഷ്യമിട്ടും ഇത്തരം സ്കൂളുകളിലെ അധികൃതർ പ്രവർത്തിക്കുന്നു. മറ്റൊരു വിദ്യാലയത്തിന്റെ മുറ്റത്തു നിന്നടക്കം കുട്ടികളെ ‘ചാക്കിട്ട് പിടിക്കുന്നത്’ വിദ്യാലയങ്ങൾ തമ്മിലുള്ള സംഘർഷത്തിനും ഇടയാക്കുന്നു. എൽ.പി തലത്തിലുള്ള കുട്ടികളെയാണ് വിദ്യാലയങ്ങൾ പരസ്പരം മത്സരിച്ച് തേടിപ്പിടിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ പ്രൈമറി വിദ്യാലയങ്ങൾ വർധിച്ചതോടെയാണ് വിദ്യാലയങ്ങൾ തമ്മിലുള്ള മത്സരവും കടുത്തത്. വൻ സാമ്പത്തിക പ്രലോഭനങ്ങൾ നൽകിയാണ് പ്രമുഖ വിദ്യാലയങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നത്. രക്ഷിതാക്കളെ സാമ്പത്തിക പ്രലോഭനങ്ങളിലൂടെ സ്വാധീനിക്കാൻ കഴിയുന്ന സ്കൂൾ അധികൃതർ തങ്ങളുടെ സ്ഥാപനങ്ങളിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കുന്നു.
എന്നാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചെറിയ വിദ്യാലയങ്ങൾ തങ്ങളുടെ മുറ്റത്തുള്ള കുട്ടികളെ പോലും വൻകിട വിദ്യാലയങ്ങളിലേക്ക് മാറ്റുന്നത് നോക്കി നിൽകേണ്ടിവരുന്ന അവസ്ഥയുമുണ്ട്. കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ എയ്ഡഡ് വിദ്യാലയങ്ങളാണ് ഏറെയും പ്രതിസന്ധിയിലായത്. സ്കൂൾ ബസ് സംവിധാനം ഇല്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. മറ്റു വിദ്യാലയങ്ങളിലെ വിദ്യാർഥികളെ സൗജന്യ യാത്രയും സൗജന്യ യൂനിഫോമും അടക്കം നൽകി വലിയ വിദ്യാലയങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയുമുണ്ട്. ഇത് ചെറുകിട വിദ്യാലയങ്ങളെ ഗുരുതരമായി ബാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.