മരങ്ങളിൽ ബുള്ളറ്റുകളേറ്റ പാടുകൾ

വെള്ളമുണ്ട: വയനാട് ജില്ലയിലെ ആദിവാസി മേഖലകളിൽ മാവോവാദികളുടെ സാന്നിധ്യം തുടർക്കഥയാവുമ്പോൾ അടിസ്ഥാന വിഷയങ്ങൾ ചർച്ചയാവുന്നില്ല. ആദിവാസി ക്ഷേമത്തിന്​ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്​. എന്നാൽ, ആദിവാസി ഭൂമി പ്രശ്​നമടക്കം സർക്കാർ അവഗണിക്കുന്നു. മാവോവാദികളടക്കം കോളനികളിൽ സ്വാധീനം ചെലുത്താൻ ഇതു കാരണമാകുന്നുണ്ട്​. ആദിവാസി ഊരുകളിൽ സാമ്പത്തിക സുരക്ഷിതത്വമില്ല. അതിനാണ് പരിഹാരം വേണ്ടതെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

മാവോവാദി സ്വാധീനത്തെ തുടർന്ന് വികസനം എത്തിയ ചരിത്രവും പലപ്പോഴും കോളനികൾക്കുണ്ട്​. 2014ൽ തൊണ്ടർനാട് പഞ്ചായത്തിലെ ചാപ്പ കോളനിക്കരികിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് കോളനിയുടെ പരിതാപകരമായ അവസ്ഥ ഏറെ ചർച്ചയായിരുന്നു.

തകർന്ന് ഗതാഗതം ദുഷ്കരമായ, 40 വർഷത്തിലധികം പഴക്കമുള്ള റോഡിൽ പൊലീസ് വാഹനം പോലും അന്ന് കടന്നുപോകാനാകാതെ പ്രയാസപ്പെട്ടിരുന്നു. കല്ലിങ്കൽ- കാട്ടിയേരി - ചപ്പയിൽ കോളനിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക പാതയായിരുന്നു അത്. ഇവിടത്തെ ആദിവാസി കുടുംബങ്ങളുടെ കഷ്​ടതകളും അവഗണനയും പരിഹരിക്കണമെന്നാണ്​ മാവോവാദികൾ ആശ്യപ്പെട്ടത്​. അന്നത്തെ പട്ടികവർഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി ഇവിടെ എത്തി ആദിവാസികളുടെ പ്രശ്നങ്ങൾ നേരിൽ കണ്ടു. റോഡ് നിർമാണം ഉൾപ്പെടെ സമഗ്ര വികസനത്തിന് അഞ്ചുകോടി രൂപ അനുവദിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തി െൻറ നേതൃത്വത്തിലായിരുന്നു പദ്ധതികളുടെ നടത്തിപ്പ് ചുമതല.

പടിഞ്ഞാറത്തറ മീൻമുട്ടിയിൽ വെടിവെപ്പ് നടന്ന സ്ഥലത്തിനോട് ചേർന്ന കോളനികളിൽ ദുരിതജീവിതം പേറുന്നവരാണ് ഏറെയും. സമീപത്തെ വാളാരംകുന്ന് കോളനിയിലും അംബേദ്കർ കോളനിയിലും ഒരുവർഷം മുമ്പ് മാവോവാദികൾ എത്തിയിരുന്നു. കോളനികളുടെ ശോച്യാവസ്ഥകളെക്കുറിച്ച് അവർ ചോദിച്ചറിഞ്ഞു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും എല്ലാവർഷവും തുടരുന്ന വാളാരംകുന്ന് കോളനി പുനരധിവാസം വാഗ്ദാനങ്ങളിലൊതുങ്ങുകയാണ്.

സ്ഥലം എടുത്ത് മുഴുവൻ കുടുംബങ്ങളെയും മാറ്റിത്താമസിപ്പിക്കുമെന്ന് 2018 മുതൽ ഉറപ്പുനൽകുന്നുണ്ട്​ അധികൃതർ. മഴ തുടങ്ങുമ്പോൾ കൈയിൽ ഒതുങ്ങുന്ന സാധനങ്ങളുമായി മലയിറങ്ങുകയാണ്​ ആദിവാസികൾ. മൂന്നു വർഷത്തിലധികമായി പൂർത്തിയാവാത്ത വീടുകൾ കാണാം. മലവെള്ളം ഒഴുകി വൻ ഗർത്തങ്ങൾ രൂപപ്പെട്ട റോഡാണ്​ ഇവിടെയുള്ളത്​.

Tags:    
News Summary - Maoist presence; Basic topics are not discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.