വെള്ളമുണ്ട: നിരവധി പേർക്ക് സാന്ത്വനമേകുകയും വയനാട്, കൂർഗ്, നീലഗിരി ജില്ലകളിൽ ഒട്ടനവധി പെയിൻ ആൻഡ് പാലിയേറ്റിവ്, സാന്ത്വനം യൂനിറ്റുകൾ തുടങ്ങുന്നതിന് നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത കൈപ്പാണി ഇബ്രാഹിമിെൻറ അകാല വിയോഗം നാടിെൻറ നൊമ്പരമായി. അപകടവാർത്ത അറിഞ്ഞതു മുതൽ നാടൊന്നാകെ പ്രാർഥനയിലായിരുന്നു. ഒടുക്കം നൊമ്പരം വിതറി മടക്കം.
ബംഗളൂരുവിൽ സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ചുണ്ടായ അപകടമാണ് മരണത്തിലേക്ക് നയിച്ചത്. നിരവധി ജീവകാരുണ്യ സംരംഭങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ഇബ്രാഹിം എസ്.എസ്.എഫ് ജില്ല സെക്രട്ടറി, കെ.എസ്.യു ജില്ല ഭാരവാഹി,
യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1983ൽ കാലിക്കറ്റ് സർവകലാശാല യൂനിയന്‍ കൗണ്‍സിലര്‍ ആയി പ്രവർത്തിച്ചു. 2005ൽ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് പ്രതിനിധിയായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2010ല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായി. ഡി.ഐ.സി ജില്ല സെക്രട്ടറി, ഡി.ഐ.സി ലെഫ്റ്റ് അഡ്ഹോക് കമ്മിറ്റി ജനറൽ കൺവീനർ, കോൺഗ്രസ് എസ് ജില്ല പ്രസിഡൻറ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞെടുപ്പിനോടനുബന്ധിച്ചു മുസ്ലിം ലീഗില്‍ ചേര്‍ന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി, സമസ്ത കേരള സുന്നി യുവജന സംഘം ജില്ല ഭാരവാഹിയായും, മാനന്തവാടി മുഅസ്സസ കോളജ്, വെള്ളമുണ്ട അൽ ഫുർഖാൻ ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപക ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മാനന്തവാടി മേരി മാത ആർട്സ് കോളജ്, വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ്, ഗവ. കോളജ് എന്നിവിടങ്ങളിൽ വിവിധ ഘട്ടങ്ങളിലായി പി.ടി.എ പ്രസിഡൻറായും വരയാൽ യു.പി സ്കൂൾ മാനേജ്െമൻറ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇബ്രാഹിമിെൻറ നേതൃത്വത്തിൽ തുടക്കംകുറിച്ച പഴഞ്ചന റിലീഫ് കമ്മിറ്റി നടത്തിയ സാന്ത്വന പ്രവർത്തനങ്ങൾ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ജാതി-മത ഭേദമന്യേ നിർധനരായ നൂറുകണക്കിന് യുവതീയുവാക്കളുടെ സമൂഹ വിവാഹത്തിന് കമ്മിറ്റി വേദിയൊരുക്കി. ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന പ്രശ്നങ്ങൾ മുൻനിർത്തി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ആതുര ശ്രുശൂഷ രംഗത്തെ മികച്ച സേവനത്തിനുള്ള നാഷനൽ ഫോറം ഫോർ പീപ്ൾസ് റൈറ്റിെൻറ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഈയടുത്തായി ബംഗളൂരു കേന്ദ്രമായി പ്രവർത്തിച്ചുവരുകയായിരുന്നു.
ബംഗളൂരുവിൽനിന്ന് രാത്രിയോടെ മൃതദേഹം വെള്ളമുണ്ട എട്ടേനാൽ പഴഞ്ചനയിലെ കൈപ്പാണി വീട്ടിലെത്തിച്ചു. നൂറുകണക്കിനാളുകൾ മൃതദേഹം ഒരുനോക്ക് കാണാൻ മണിക്കൂറുകളോളം കാത്തുനിന്നിരുന്നു. പൊതുദർശനത്തിനു ശേഷം പഴഞ്ചന ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.