കോവിഡ് പ്രതിസന്ധി: സ്വര്‍ണപ്പണയ വായ്പയും വട്ടിപ്പലിശ ഇടപാടും വർധിക്കുന്നു

വെള്ളമുണ്ട: കോവിഡ് പ്രതിസന്ധിയെ തുടർന്ന് കുടുംബവരുമാനം കുറഞ്ഞതോടെ സ്വര്‍ണപ്പണയ വായ്പയും വട്ടിപ്പലിശ ഇടപാടും വർധിക്കുന്നു. താൽക്കാലിക പരിഹാരത്തിനായി വീട്ടിലുള്ള സ്വർണം ബാങ്കിലും അല്ലാതെയും പണയപ്പെടുത്തിയാണ് പലരും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

പണയം വെക്കാൻ സ്വർണം ഇല്ലാത്തവർ വട്ടിപ്പലിശക്കാരെയാണ് പണത്തിനുവേണ്ടി ആശ്രയിക്കുന്നത്. സാഹചര്യം മുതലെടുത്ത് ബ്ലേഡ് മാഫിയയും ജില്ലയുടെ ഗ്രാമീണ മേഖലകളിൽ പിടിമുറുക്കുന്നുണ്ട്. പലിശക്കാരുടെ ഭീഷണിയെ തുടർന്ന് നേരത്തേ പലരും ആത്മഹത്യ ചെയ്തിരുന്നു. ലോക്ഡൗൺ ഇളവുകൾ വന്നതോടെ വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വ്യാപകമായ തോതിൽ നാടൻപലിശക്കാർ ഇറങ്ങിയിട്ടുണ്ട്​.

മുമ്പ് തമിഴ്നാട് സംഘം അരങ്ങുവാണ മേഖലയിൽ പ്രദേശത്തെ പ്രമുഖരിൽ ചിലരാണ് പുതിയ ബിസിനസുമായി ഇറങ്ങിയിരിക്കുന്നത്. മറ്റു ബിസിനസുകൾ പൊളിഞ്ഞതും പണത്തിന് ആവശ്യക്കാർ ഏറിയതുമാണ് വട്ടിപ്പലിശക്കാർക്ക് അനുകൂലമായത്. വൻ പലിശ ഈടാക്കിയാണ് പലരും പണം കടം കൊടുക്കുന്നത്. 100 രൂപക്ക് 25 രൂപ മുതൽ 40 രൂപ വരെ ഈടാക്കിയാണ് തുക നൽകുന്നത്. പണം പിരിക്കാൻ പ്രത്യേക ഗുണ്ടാസംഘവും പലർക്കും ഉണ്ട്. വീടി​െൻറയും സ്ഥലത്തി​െൻറയും അസ്സൽ രേഖകൾക്കൊപ്പം മുദ്രപത്രത്തിൽ വിരലടയാളം പതിച്ചുമാണ് പണം നൽകുന്നത്. തിരിച്ചടവ് മുടങ്ങുന്നതോടെ ഈടായി വാങ്ങുന്ന സ്ഥലവും കെട്ടിടങ്ങളും ചെറിയ തുകക്ക് സംഘം കൈക്കലാക്കും.

കൊടുക്കുന്ന തുകയിൽനിന്ന് പലിശ ആദ്യമേ ഈടാക്കുന്നതിനാൽ ഇരട്ടി തുക വാങ്ങേണ്ടി വരുന്നു. ഇത് തിരിച്ചടക്കാനാവാതെ പലരും നാടുവിടുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. പിന്നീട് സ്ത്രീകളെയടക്കം ഭീഷണിപ്പെടുത്തി വസ്തു കൈക്കലാക്കി വൻ തുകക്ക് മറിച്ചുവിൽക്കും.

കോവിഡിനെ തുടർന്ന് കൃഷിയും തൊഴിലും നിലച്ചതോടെ സാധാരണക്കാർ താൽക്കാലികമായി പിടിച്ചുനിൽക്കാനാണ് പലിശക്ക് പണം വാങ്ങുന്നത്. ആവശ്യക്കാർ ഏറിയതോടെ പണം വാങ്ങിക്കൊടുക്കുന്നതിനായി ഏജൻറുമാരും വർധിച്ചിട്ടുണ്ട്. കുറഞ്ഞ സമയംകൊണ്ട് ഇരട്ടിയാവുന്ന തുക തിരിച്ചടക്കാനാവാതെ നിരവധി പേർ ആത്മഹത്യയുടെ വക്കിലാവും.

സ്വർണ വായ്പകളിൽ ഇരട്ടി വർധന

സ്വര്‍ണവില ഉയര്‍ന്നതിനിടെ ബാങ്കുകളുടെയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ചെറുകിട ബാങ്കുകളുടെയും സ്വര്‍ണപ്പണയ വായ്പകളിലും വര്‍ധന ഉണ്ടായിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ആരംഭിച്ച 2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ മിക്ക ബാങ്കുകളുടെയും സ്വര്‍ണപ്പണയ വായ്പകളില്‍ 40 മുതല്‍ 70 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

സെപ്റ്റംബര്‍ അഞ്ച് വരെയുള്ള കണക്കെടുത്താല്‍ പൊതുമേഖല സ്ഥാപനമായ എസ്.ബി.ഐ കേരളത്തിലെ ശാഖകള്‍ വഴി 1612.52 കോടി രൂപയാണ് വ്യക്തിഗത സ്വര്‍ണപ്പണയ വായ്പയായി നല്‍കിയത്. 2019ല്‍ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വിഭാഗത്തില്‍ 60 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

55 ശതമാനത്തിലധികം വര്‍ധന കാര്‍ഷിക സ്വര്‍ണ വായ്പ വിതരണത്തില്‍ രേഖപ്പെടുത്തിയത്​. സ്വര്‍ണപ്പണയ വായ്പ വിതരണത്തില്‍ 46 ശതമാനം വാര്‍ഷിക വര്‍ധന മാര്‍ച്ച് -സെപ്റ്റംബര്‍ കാലയളവില്‍ ഉണ്ടായിട്ടുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കും പറയുന്നു.

2020 മാര്‍ച്ച് 24 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വിതരണം ചെയ്ത വായ്പ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 76 ശതമാനം വര്‍ധന രേഖപ്പെടുത്തിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.