പൊരുന്നന്നൂരിലെ കെട്ടിടത്തിന് പറയാൻ ഒത്തിരി ചരിത്രം

വെള്ളമുണ്ട: കാണുമ്പോൾ ചെറുതാണെങ്കിലും ഓർക്കാൻ ചരിത്രമേറെയുള്ള കെട്ടിടമാണ് പൊരുന്നന്നൂർ വില്ലേജി​െൻറ മുറ്റത്ത് തകർച്ച നേരിടുന്നത്. കാടുപിടിച്ചും തകർന്നും തകർത്തും മൃതപ്രായമായ ഈ പൈതൃക സ്മാരക കെട്ടിടം ബ്രിട്ടീഷ് ആധിപത്യ കാലത്തി​െൻറ ചരിത്രംകൂടി പേറുന്നവയാണ്.

മാനന്തവാടി^കുറ്റ്യാടി റോഡിൽ തരുവണ കഴിഞ്ഞാണ് പൊരുന്നന്നൂർ വില്ലേജ് കാര്യാലയം. ഇവിടെ ബ്രിട്ടീഷുകാരുടെ കാലത്ത് ഒരു റസ്​റ്റ് ഹൗസ് അഥവാ ബംഗ്ലാവ് ഉണ്ടായിരുന്നതായി രേഖകളിലുണ്ട്. കോറോം ടി.ബി കഴിഞ്ഞാൽ മാനന്തവാടി എത്തുന്നതിന് മുമ്പുള്ള ഒരു ഇടത്താവളം തരുവണ റസ്​റ്റ് ഹൗസായിരുന്നു. പൂമുഖം, കിടപ്പുമുറി, അടുക്കള എന്നിവ ഉൾപ്പെടുന്ന ഒരു കെട്ടിടമായിരുന്നു. തൊട്ടടുത്തായി ഒരു കുതിരാലയം (കുതിരപ്പന്തി) ഉണ്ടായിരുന്നത് പൊളിച്ചാണ് ഇന്നത്തെ വില്ലേജ് കാര്യാലയത്തിെൻറ കെട്ടിടം പണിതത്. കാലപ്രവാഹത്തിൽ പലതും മൺമറഞ്ഞു. ആ കെട്ടിടമായിരുന്നു ബ്രിട്ടീഷ് രേഖകളിൽ തരുവണ റസ്​റ്റ് ഹൗസ്, മുസാഫരി ബംഗ്ലാവ് എന്നൊക്കെ രേഖപ്പെടുത്തിയിരിക്കുന്നത്.

ചെറുകര, കരിങ്ങാരി, ചങ്ങാടം ദേശവാഴികൾ ഒത്തുചേരുന്ന യോഗത്തിൽ നേതൃസ്ഥാനത്ത് മഴുവന്നൂർ തന്ത്രികൾ ആയിരുന്നു. അതുകൊണ്ടാണ് പൊരുന്നന്നൂർ എന്ന പേരുവന്നത് എന്നും പറയപ്പെടുന്നു. ബ്രിട്ടീഷ് സർക്കാർ ഭരണ സംവിധാനത്തിൽ വില്ലേജ് സമ്പ്രദായം കൊണ്ടുവന്നപ്പോൾ, മറ്റ് അംശങ്ങളിൽ അവിടുത്തെ നാടുവാഴിയെ അധികാരിയാക്കിയപ്പോൾ പൊരുന്നന്നൂർ അധികാരി സ്ഥാനം മഴുവന്നൂർ തന്ത്രിക്കാണ് നൽകിയതെന്നും പറയപ്പെടുന്നു. താമരശ്ശേരിയിൽനിന്നും കുറ്റ്യാടിയിൽനിന്നും ചുരം കയറിവരുന്നവരുടെ ആദ്യ സംഗമസ്ഥാനം ആയിരുന്നു പഴയ തരുവണ. അതുകൊണ്ടുതന്നെ അവിടെ ചുങ്കം പിരിക്കുന്നതിനുള്ള ഏർപ്പാട് ഉണ്ടായിരുന്നു. തരുവണ നായർ പ്രമാണിക്കായിരുന്നു കോട്ടയം രാജാവ് ഇതിനുള്ള അവകാശം കൽപ്പിച്ചു കൊടുത്തിരുന്നത്.

തരുവണ നായർ പ്രമാണി നിശ്ചിത ഇടവേളകളിൽ ചെറുകര, ചങ്ങാടം, കരിങ്ങാരി ദേശവാഴികളുടെ യോഗത്തിൽ പങ്കെടുത്ത് ചുങ്കം പിരിവ് കണക്കുകൾ ബോധിപ്പിക്കുകയും അധികാരിയായ മഴുവന്നൂർ തന്ത്രികളെ ഏൽപിക്കുകയും ചെയ്തിരുന്നു. ചുങ്കം പിരിക്കാനുള്ള അധികാരം പിന്നീട് കച്ചവടത്തിനായി വന്ന മുസ്​ലിം പ്രമാണിമാരിൽ നിക്ഷിപ്തമായി. ബ്രിട്ടീഷ് ഭരണകാലത്തും മുമ്പും പിമ്പും തന്ത്രപ്രധാനമായ ഒരു കേന്ദ്രമായിരുന്നു പൊരുന്നന്നൂർ. മഴുവന്നൂർ അധികാരിയുടെ വീട്ടിൽ പ്രവർത്തിച്ചുവന്നിരുന്ന അംശ കച്ചേരി (വില്ലേജ് ഓഫിസ്) പിന്നീട് ഈ റസ്​റ്റ് ഹൗസിലേക്ക് മാറ്റി.

1986 വരെ ഈ കെട്ടിടത്തിലായിരുന്നു വില്ലേജ് ഓഫിസ്‌. അവിടുത്തെ ഗതകാലസ്മരണകൾ അയവിറക്കിക്കൊണ്ട് ബാക്കിപത്രമായി ബംഗ്ലാവ് ഇന്നും നിലനിൽക്കുന്നു. 

Tags:    
News Summary - Building in Porunnanore has a lot of history to tell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.