വെള്ളമുണ്ട: വയനാട് ചുരംപാതക്ക് ബദലായി നിര്‍ദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയതോടെ നാട് പ്രതീക്ഷയിൽ. വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇക്കാര്യമറിയിച്ചത്. എന്നാൽ, എല്ലാ തുടർചലനങ്ങൾക്കും വനംവകുപ്പിന്റെ തീരുമാനമാണ് നിർണായകമാകുക. 20.9 കിലോമീറ്റര്‍ വരുന്ന പാതയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിക്കുള്ള ഡി.പി.ആര്‍ തയാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായി സൂചനയുണ്ട്.
നേരത്തെ അലൈന്‍മെന്റ് തയാറാക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന് പൊതുമരാമത്ത് വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിരുന്നു. പനംകടവ് മുതൽ താഴെ കരിങ്കണ്ണി വരെ മൂന്ന് കിലോമീറ്ററോളം വളവും കയറ്റവും ദൂരവും കുറഞ്ഞ റൂട്ട് കണ്ടെത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ സാങ്കേതിക വിദഗ്ധർ കഴിഞ്ഞ ദിവസം സർവേ പൂർത്തിയാക്കി നൽകിയിരുന്നു. ജനകീയ സമരം ശക്തമായതോടെ മന്ത്രി ഇടപെട്ട് സർവേ വേഗത്തിലാക്കുകയും കഴിഞ്ഞ മാസം 25ന് മുമ്പ് പ്രാഥമിക ഡി.പി.ആർ തയാറാക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ, ഡി.പി.ആർ ഇതുവരെ തയാറായിട്ടില്ല. നിലവിൽ പി.ഡബ്ല്യു.ഡിയുടെ അനുമതി മാത്രമാണ് കിട്ടിയത്. തുടക്കത്തിൽ കരുണാകരൻ മന്ത്രിസഭയുടെ കാലത്തും പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതിയും ഭരണാനുമതിയും ലഭിച്ചിരുന്നു. വനംവകുപ്പിന്റെ തടസ്സവാദങ്ങളിലാണ് പദ്ധതി മുടങ്ങിയത്. നിലവിൽ പ്രതീക്ഷ നൽകുന്ന തീരുമാനങ്ങൾ സംസ്ഥാന ഭരണകൂടം നൽകുമ്പോഴും വനം വകുപ്പിന്റെ തീരുമാനം നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.