കൽപറ്റയിലെ ഗതാഗത പരിഷ്കാരം; പടിഞ്ഞാറത്തറ ബസുകൾ പഴയ ബസ് സ്റ്റാൻഡിൽ കയറും

കൽപറ്റ: നഗരത്തിൽ ഒക്ടോബർ 15 മുതൽ നടപ്പാക്കുന്ന ഗതാഗത പരിഷ്‍കാരത്തിൽ പടിഞ്ഞാറത്തറയിൽ നിന്നുവരുന്ന ബസുകൾ കൽപറ്റ പഴയ ബസ്‍ സ്റ്റാൻഡിലേക്ക് നിലവിലുള്ളതുപോലെ തന്നെ പോകും. മുമ്പ് ഇതുസംബന്ധിച്ച അറിയിപ്പിൽ ഈ ബസുകൾ പഴയ ബസ് സ്റ്റാൻഡിലേക്ക് പോകില്ലെന്നും പകരം ജാം ജൂമിന് സമീപം യാത്രക്കാരെയിറക്കി പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകണമെന്നുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അറിയിപ്പിലെ ഈ ഭാഗം അബദ്ധത്തിൽ സംഭവിച്ചതാണെന്നും പടിഞ്ഞാറത്തറ ഭാഗത്തുനിന്നും വരുന്ന ബസുകൾ നിലവിലുള്ളപോലെ പഴയ സ്റ്റാൻഡിലേക്ക് പോയി തുടർന്ന് പുതിയ സ്റ്റാൻഡിലേക്ക് പോകുമെന്നും നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ ഐസക് ‘മാധ്യമ’ത്തോട് പറഞ്ഞു.

പഴയ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ പോകാതിരുന്നാൽ സുൽത്താൻ ബത്തേരി ഭാഗ​ത്തേക്ക് പോകേണ്ട യാത്രക്കാരടക്കം ബസ് കിട്ടാൻ ഏറെ ദൂരം നടക്കേണ്ടിവരും. കോഴിക്കോടേക്ക് പോകേണ്ട യാത്രക്കാർക്കും പഴയ ബസ് സ്റ്റാൻഡിലെത്താൻ ഏറെ ദുരിതമനുഭവിക്കേണ്ടിവരുമായിരുന്നു. പഴയ ബസ് സ്റ്റാന്റിലേക്ക് പടിഞ്ഞാറത്തറ ഭാഗത്തുനിന്ന് വരുന്ന ബസുകൾ തുടർന്നും പോകുമെന്നും ഇതുസംബന്ധിച്ച പുതിയ അറിയിപ്പ് നൽകാനും തുടർനടപടികൾ സ്വീകരിക്കാനും പൊലീസിനും നിർദേശം നൽകിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

നേരത്തേ പിണങ്ങോട് ബസ് പാസഞ്ചേഴ്സ് അസോസിയേഷനും ഈ ഉറപ്പ് അദ്ദേഹം നൽകിയിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച് യാത്ര സുഗമമാക്കൽ ലക്ഷ്യമിട്ടാണ് നഗരസഭ ഗതാഗത പരിഷ്കാര നിർദേശങ്ങൾ നൽകിയത്. ഇതുപ്രകാരം ചരക്ക് വാഹനങ്ങൾക്ക് കൽപറ്റ നഗരത്തിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയും വൈകിട്ട് 3.30 മുതൽ ആറു വരെയും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പഴയ ബസ് സ്റ്റാൻഡിനകത്ത് സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ല. നഗരപരിധിയിൽ ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രമേ നിർത്താൽ പാടുള്ളൂ. സ്റ്റോപ്പുകൾക്ക് പുറത്ത് യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു.

Tags:    
News Summary - Transport reform in Kalpetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.