കൽപറ്റ: റവന്യൂ വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായിരിക്കെ സർവിസ് സംഘടന നേതാക്കൾ ഉൾപ്പെടെയുള്ള ആരോപണവിധേയരെ അടിയന്തരമായി ജനസമ്പർക്കമുള്ള ഓഫിസുകളിൽനിന്ന് മാറ്റാനുള്ള നീക്കം ആരംഭിച്ചു. ആരോപണവിധേയരെ ജനസമ്പർക്കമുള്ള ഓഫിസുകളിൽ നിയമിക്കരുതെന്ന സർക്കാർ നിർദേശം കാറ്റിൽ പറത്തി ജില്ലയിലെ പല ഓഫിസുകളിലും ഇത്തരം ജീവനക്കാർ തുടരുന്നത് സംബന്ധിച്ച് മാധ്യമം വാർത്ത നൽകിയിരുന്നു.
ഭരണകക്ഷി സർവിസ് സംഘടനയിൽപെട്ടവർ ഉൾപ്പെടെ ഇത്തരത്തിൽ നിർദേശം ലംഘിച്ച് ജോലിയിൽ തുടരുന്നതിനെതിരെ ജീവനക്കാരിൽതന്നെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. മറ്റു ജില്ലകളിൽനിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി വയനാട്ടിലേക്ക് സ്ഥലംമാറ്റിയവരിൽ വില്ലേജ് ഓഫിസറും തഹസിൽദാറും ഉൾപ്പെടെയുള്ളവർ ജനസമ്പർക്ക ഓഫിസുകളിൽ തുടരുന്നതായാണ് ആരോപണം.
ഈ സാഹചര്യത്തിലാണ് ഇത്തരം ഓഫിസർമാരെ അടിയന്തരമായി മാറ്റി നിയമിക്കാൻ ജില്ല ഭരണകൂടം നീക്കം നടത്തുന്നത്. വിജിലൻസ് അന്വേഷണത്തിൽ പേര് ഉൾപ്പെട്ട ജീവനക്കാരെ ഉൾപ്പെടെ മുഖം നോക്കാതെ ജനസമ്പർക്കമുള്ള ഓഫിസുകളിൽനിന്നു മാറ്റിനിർത്താനാണ് തീരുമാനം. കലക്ടറേറ്റിലെ ജീവനക്കാരുടെ സ്ഥലംമാറ്റവും നിയമനവും കൈകാര്യം ചെയ്യുന്ന സീറ്റുകളിൽ പരിചയ സമ്പന്നരായ മുതിർന്ന ജീവനക്കാരെ നിയമിക്കാനും തീരുമാനമായതായാണ് വിവരം. കലക്ടറേറ്റിലെ പ്രധാനപ്പെട്ട ഈ കസേരയിലുള്ള ഉദ്യോഗസ്ഥൻ യോഗ്യത പരീക്ഷകൾ വിജയിക്കാത്തതിനാൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത ജൂനിയറാണ്.
അതേസമയം, പി.എസ്.സി റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന സമയത്തുപോലും നിയമന ശിപാർശ നേടിയ ഉദ്യോഗാർഥികൾക്ക് ക്ലർക്ക് തസ്തികയിൽ പുതിയ നിയമനം നൽകാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ലെന്ന് ആരോപണമുണ്ട്. സ്പോർട്സ് കോട്ടയിൽ പ്രത്യേക സർക്കാർ ഉത്തരവിലൂടെ ഉദ്യോഗാർഥികൾക്ക് മറ്റു ജില്ലകളിൽ കലക്ടർമാർ ക്ലർക്കുമാരായി നിയമനം നൽകിയിട്ടും വയനാട്ടിൽ ഉത്തരവ് നൽകിയിട്ടില്ല.
ആശ്രിതനിയമനത്തിന്റെ ഭാഗമായി നടത്തേണ്ട നിയമനങ്ങളും ആറുവർഷമായി ജില്ലയിലെ റവന്യൂ വകുപ്പിൽ നടന്നിട്ടില്ല. ഓഫിസ് അറ്റൻഡർമാരും വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുമായ ജീവനക്കാർക്ക് ക്ലർക്ക് തസ്തികയിലേക്ക് പ്രമോഷൻ നൽകി നിയമിക്കേണ്ട ഒഴിവും ഒരുവർഷമായി നികത്തിയിട്ടില്ല.
രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമയത്ത് റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങളിലുണ്ടായ വിവാദങ്ങളിലും അഴിമതി ആരോപണങ്ങളിലും സി.പി.ഐക്ക് കടുത്ത അസംതൃപ്തിയുണ്ട്. റവന്യൂ വകുപ്പിനെതിരായ ആരോപണങ്ങൾ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതായി ഒരുവിഭാഗം പറയുന്നു. സ്പോർട്സ് ക്വോട്ടയിൽ അർഹതപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനം നൽകാത്തതിനെതിരെ സി.പി.ഐക്കും പരാതി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.