സുൽത്താൻ ബത്തേരി: ഗവ. താലൂക്ക് ആശുപത്രിയിലെ പ്രസവ പരിചരണ വിഭാഗത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. സുൽത്താൻ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ.
സൗര ആശുപത്രി പദ്ധതി - സോളാർ പ്ലാന്റ്, ഓക്സിജൻ ജനറേഷൻ പ്ലാന്റ്, കാഷ്വാലിറ്റി ബ്ലോക്ക്, ഓപറേഷൻ തിയേറ്റർ, ലിഫ്റ്റുകൾ, പെയിൻ ആന്റ് പാലിയേറ്റീവ് ജില്ല ട്രെയിനിങ് സെന്റർ, കീമോതെറാപ്പി യൂനിറ്റ്, ഭിന്നശേഷി കുട്ടികളുടെ ഫിസിയോതെറപ്പി യൂനിറ്റ്, റിങ് റോഡ്, ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ്, വേങ്ങൂർ അർബൻ പി.എച്ച്.എസ്.സി പോളിക്ലിനിക് പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി വീണ ജോർജ് നിർവഹിച്ചു. അഞ്ചുകോടി രൂപ ചെലവിലാണ് അത്യാഹിത വിഭാഗവും ഓപറേഷൻ തിയേറ്ററും നവീകരിച്ചത്. ഓർത്തോ ജനറൽ സർജറി എന്നിവക്ക് പ്രത്യേക തിയറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. എൻ.എച്ച്.എം ഫണ്ടിൽ ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് പെയിൻ ആന്റ് പാലിയേറ്റിവ് ജില്ല ട്രെയിനിങ് സെന്റർ നിർമാണം പൂർത്തിയാക്കിയത്. 14.5 ലക്ഷം രൂപ ചെലവിൽ അഞ്ച് കിടക്കകളുള്ള കാൻസർ സെന്റർ, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 51 ലക്ഷം ചെലവിൽ കുട്ടികൾക്കുള്ള ഫിസിയോതെറാപ്പി യൂനിറ്റ് എന്നിവയും നിർമിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ 1.1 കോടി വിനിയോഗിച്ചാണ് റിങ് റോഡ് നിർമിച്ചത്. ആരോഗ്യ കേരളം ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവിലാണ് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് നിർമാണം. നാല് ലക്ഷം രൂപ വിനിയോഗിച്ച് ഓക്സിജൻ ജനറേഷൻ പ്ലാന്റും നിർമിച്ചു. കെ.എസ്.ഇ.ബിയുടെ സൗര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 166 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള സോളാർ പ്ലാന്റ് സ്ഥാപിച്ചത്.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ടി.കെ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ഡി.എം.ഒ. ഡോ. പി. ദിനീഷ്, ഡി.പി.എം ഡോ. സമീഹ സൈതലവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. സിന്ധു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സന്തോഷഗ്രാമം പദ്ധതി
അമ്പലവയൽ: ഗ്രാമപഞ്ചായത്ത് സന്തോഷ ഗ്രാമം പദ്ധതി മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള വിശ്രമ മുറി, ശുചിമുറികള്‍, ക്ലോക്ക് റൂം, ടീ കോര്‍ണര്‍ എന്നിവയാണ് അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ സഹായിക്കുന്നതിനായി ഒരുക്കിയ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററാണ് ഹെല്‍പ്പ് ഡസ്ക്കായി പ്രവര്‍ത്തിക്കുക. പഞ്ചായത്തില്‍ എത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കുന്നതിനും സേവനങ്ങളില്‍ അസിസ്റ്റ് ചെയ്യുന്നതിനുമുള്ള പരിശീലനം ലഭിച്ച വനിതകളുടെ കൂട്ടായ്മയാണ് സന്തോഷ ഗ്രാമം ഹോസ്റ്റസ്.
ഐ.സി. ബാലകൃഷ്ണൻ എം.എൽ എ അധ്യക്ഷത വഹിച്ചു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീർ റിപോർട്ട് അവതരിപ്പിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.