സഫീർ
സുൽത്താൻ ബത്തേരി: വ്യാഴാഴ്ച രാത്രി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൂന്നര ടൺ (3495 കിലോ) നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. കർണാടകയിൽനിന്നു വന്ന കെ.എൽ 56 യു 3170 നമ്പർ ഐഷർ ലോറിയിലാണ് പുകയില ഉൽപന്നങ്ങൾ കടത്തിയത്. ലോറി ഡ്രൈവർ മാനന്തവാടി വാളാട് നൊട്ടൻ സഫീർ (36) പിടിയിലായി. ഇയാൾ മുമ്പ് കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. ലോറിയിൽ കാലിത്തീറ്റ എന്നായിരുന്നു ഡ്രൈവർ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളിലും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളിലുമായിട്ടായിരുന്നു പുകയില ഉൽപന്നങ്ങൾ കൊണ്ടുവന്നത്. ബിയർ വേസ്റ്റ് നിറച്ച 40 ചാക്കുകൾ പുറത്തു നിരത്തിയതിനുശേഷം അകത്താണ് പുകയില ഉൽപന്നങ്ങളുടെ ചാക്കുകൾ അടുക്കിയത്. എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എം. സൈമൺ, പ്രിവന്റിവ് ഓഫിസർ പി.ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ.ബി. അനീഷ്, പി. വിപിൻ, സി.ഡി. ബാബു, പി.എൻ. ശശികുമാർ എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയും തൊണ്ടിമുതലും സുൽത്താൻ ബത്തേരി എസ്.എച്ച്.ഒക്ക് കൈമാറിയതായി മുത്തങ്ങ എക്സൈസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.