അപകടത്തിന് തൊട്ടുമുമ്പ് ഓട്ടോക്കരികിൽ മകളോട് സംസാരിച്ചുനിൽക്കുന്ന പ്രതീഷ്
പൊന്നുമോളോട് സംസാരിച്ചു നിൽക്കവേ പാഞ്ഞടുത്ത് ലോറി...
സുൽത്താൻ ബത്തേരി: പാതിരിപ്പാലം അപകടത്തിൽ പ്രതീഷിനെ മരണം കവർന്നെടുത്തത് മകളോട് സംസാരിച്ചു നിൽക്കുന്നതിനിടയിൽ. റോഡരികിൽ നിർത്തിയ ഓട്ടോയ്ക്കുള്ളിൽ മകൾ ശിവപ്രിയ ഇരിക്കുമ്പോൾ പ്രതീഷ് പുറത്ത് സംസാരിച്ചുകൊണ്ടു നിൽക്കുന്നത് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യത്തിൽനിന്നും വ്യക്തമാണ്. ഓട്ടോയ്ക്ക് പിറകിലായിരുന്നു കാർ.
നിയന്ത്രണം വിട്ടു വന്ന ലോറി കാർ ഇടിച്ചു തെറിപ്പിച്ചാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറുന്നത്. ഓട്ടോയുടെ ഇടത് വശത്താണ് ലോറി ഇടിച്ചത്. ഇതേവശത്ത് നിന്ന പ്രതീഷ് ലോറിക്കിടയിലായി. വൈദ്യുതിത്തൂണും തകർന്നിട്ടുണ്ട്. മുമ്പോട്ട് നീങ്ങിയ ഓട്ടോ മറിഞ്ഞില്ല. അതിനാൽ ശിവപ്രിയയ്ക്ക് കൈക്ക് ചെറിയ പരിക്കേറ്റു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു പ്രതീഷ്. പിതാവ് രാജൻ ഏതാനും മാസം മുമ്പാണ് മരിച്ചത്.
അമ്മ വിലാസിനിക്ക് പശു വളർത്തലുണ്ട്. മുമ്പ് മീനങ്ങാടി ചൈത്രം ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതീഷ്. കൂലിപ്പണി ചെയ്ത സമ്പാദ്യം കൊണ്ടാണ് ഓട്ടോ വാങ്ങിയത്. പ്രതീഷിന്റെ മൃതദേഹം കാണാൻ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് നാട്ടുകാരും സുഹൃത്തുക്കളുമായ നിരവധി പേരാണെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.